2010-03-24 17:04:29

മനുഷ്യാസ്തിത്വത്തിന്‍റെ നിദാനം
സ്നേഹമാണെന്ന് മാര്‍പാപ്പ


24 മാര്‍ച്ച് 2010
സ്നേഹമാകുന്ന ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍,
സ്നേഹത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ അല്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു. റോമിനു പുറത്തുള്ള റോക്കാ ദി പാപ്പാ (Rocca di Papa) എന്ന സ്ഥലത്ത് അല്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ മാര്‍ച്ച് 24 മുതല്‍ 28-വരെ തിയതികളില്‍ സംഘടിപ്പിക്കുന്ന 10-ാമത് അന്തര്‍ദേശീയ യുവജന ചര്‍ച്ചാവേദിയില്‍ International Youth Forum പങ്കെടുക്കുന്നവര്‍ക്കായ് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനംചെയ്തത്. ദൈവം സ്നേഹമാകുന്നു, എന്ന സത്യം ക്രിസ്തീയ വെളിപാടിന്‍റെ കാതലാണ്. ക്രിസ്തു തന്‍റെ പെസഹാ-രഹസ്യത്തിലൂടെ സ്നേഹമാകുന്ന ദൈവത്തിന്‍റെ മുഖകാന്തി ലോകത്തിനു വെളിപ്പെടുത്തി തന്നിട്ടുണ്ടെന്നും, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് സ്നേഹിക്കുവാനാണെന്നും, യഥാര്‍ത്ഥമായ സ്നേഹത്തില്‍ ജീവിച്ചെങ്കില്‍ മാത്രമേ മനുഷ്യജീവിതം സഫലമാവുകയുള്ളൂ എന്നും മാര്‍പാപ്പ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. മനുഷ്യാസ്തിത്വത്തിന്‍റെ നിദാനം സ്നേഹമാകയാല്‍ സ്നേഹത്തിലും സാഹോദര്യത്തിലും വളരുവാനുള്ള ദൈവത്തിന്‍റെ വിളി, ക്രൈസ്തവ യുവാക്കള്‍ ബോധപൂര്‍വ്വം ജീവിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. “സ്നേഹിക്കുവാന്‍ പഠിക്കുക,” Learn to love എന്ന വിഷയവുമായിട്ടാണ് ഈ അന്തര്‍ദേശീയ യുവജനവേദി സമ്മേളിച്ചിരിക്കുന്നതെന്ന്, അല്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പറഞ്ഞു. 2010 ഓഗസ്റ്റ് മാസത്തില്‍ സ്പെയിനിലെ മാദ്രിഡില്‍ അരങ്ങേറുന്ന 25-ാമത് ആഗോളയുവജന സമ്മേളനത്തിനുള്ള ഒരുക്കംകൂടിയാണീ ചര്‍ച്ചാവേദിയെന്നും കര്‍ദ്ദിനാള്‍ റെയില്‍ക്കോ അറിയിച്ചു.







All the contents on this site are copyrighted ©.