2010-03-22 15:15:55

യേശുവിനെയും, അവിടത്തെ സഭയെയും പറ്റി ജനങ്ങള്‍ മനസ്സിലാക്കുന്നത് കൂടുതലും വൈദികരിലൂടെയാണെന്ന്, അംഗോളായിലെ മെത്രാന്മാര്‍.


യേശുവിനെയും, അവിടത്തെ സഭയെയും പറ്റി നമ്മുടെ ഇക്കാലത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും ആശയങ്ങള്‍ ലഭിക്കുന്നത് അഭിഷിക്തരായ വൈദികരിലൂടെയാണെന്ന് അംഗോളായിലെ മെത്രാന്മാര്‍ പറയുന്നു. അടുത്തയിട നടന്ന മെത്രാന്‍ സംഘത്തിന്‍െറ സമ്മേളനത്തിനു ശേഷം, വൈദികവര്‍ഷം പ്രമാണിച്ച് പുറപ്പെടുവിച്ച കത്തിലാണ് അവര്‍ ഇവ പറയുന്നത്. മഹാപുരോഹിതനായ ക്രിസ്തുവിന്‍െറ വ്യക്തിത്വത്തിന് അനുയോജ്യമായ ഒരു ജീവിതം നയിച്ചുകൊണ്ട് വൈദികര്‍ യഥാര്‍ത്ഥമായ സുവിശേഷസാക്ഷൃമേകുക അനിവാര്യമാണ്. എല്ലാ സ്നാനപ്പെട്ടവരുടെയും ആത്യന്തികലക്ഷൃമായ വിശുദ്ധി വൈദികരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പൗരോഹിത്യം വിശുദ്ധിയ്ക്കായുള്ള ഒരു സവിശേഷവിളിയാണ്. സേവിക്കപ്പെടാനല്ല പ്രത്യുത സേവിക്കുവാനായി ഈ ലോകത്തിലേയ്ക്ക് വന്ന ക്രിസ്തുവുമായി പുരോഹിതന്‍ താദാത്മ്യപ്പെടണം. ആര്‍സിലെ വിശുദ്ധ ജോണ്‍ വിയാനി തന്‍െറ ജീവിതത്തിലൂടെ കാട്ടിത്തരുന്നതുപോലെ അജപാലനശുശ്രൂഷ വിശുദ്ധീകരണത്തിനായുള്ള പാതയാണ്. ദൈവത്തിനായി ദാഹിക്കുന്ന അംഗോളായിലെ ജനങ്ങള്‍, വൈദികര്‍ ദൈവത്തിന്‍െറ മനുഷ്യരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയുടെ മനുഷ്യരായിത്തീരാതെ അത് ഒരിക്കലും സാധിക്കില്ല. പ്രാര്‍ത്ഥനയും, പഠനവും, അപ്പസ്തോലികതീക്ഷ്ണതയും ആണ് വൈദികന്‍െറ വിശുദ്ധീകരണ ഉപാധികള്‍, കത്തില്‍ മെത്രാന്മാര്‍ അനുസ്മരിപ്പിക്കുന്നു.







All the contents on this site are copyrighted ©.