2010-03-20 10:17:18

വിശുദ്ധ നാട്ടിലെ സംഘര്‍ഷങ്ങള്‍ ശത്രുത വര്‍ദ്ധിപ്പിക്കുകയാണെന്ന്, പാത്രിയര്‍ക്കീസ് ഫൂവാദ് തൂവാല്‍.


വിശുദ്ധ നാട്ടിലെ അടുത്തക്കാലത്തെ സംഘര്‍ഷങ്ങള്‍ പരസ്പരമുള്ള വൈരാഗ്യവും, അമര്‍ഷവും ഊതിക്കത്തിക്കുകയാണെന്ന് ജറുസലെമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് ഫൂവാദ് തൂവാല്‍. ഇറ്റലിയിലെ മെത്രാന്‍ സംഘത്തിന്‍െറ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ആഞ്ചലോ ബജ്ഞാസ്കോയുടെ ക്ഷണമനുസരിച്ച് ജെനോവായിലെത്തിയ അദ്ദേഹം, വിശുദ്ധ ലോറന്‍സിന്‍െറ നാമത്തിലുള്ള കത്തീദ്രലില്‍, വിശുദ്ധ നാട്ടിലെ ഇന്നത്തെ സാഹചര്യത്തെ പറ്റി സംസാരിക്കവെയാണ് അത് പറഞ്ഞത്. നാം പ്രത്യാശയും സമാധാനവും വിതയ്ക്കുകയും, അനുരഞ്ജനത്തിനായുള്ള സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കുകയും വേണം. അദ്ദേഹം തുടര്‍ന്നു- നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ ലക്ഷൃങ്ങള്‍ പിന്‍തുടരുന്നവരും, നിരുത്തരവാദിത്വപരമായി പ്രവര്‍ത്തിക്കുന്നവരുമാണ് പലരും. അറബിഭാഷ സംസാരിക്കുന്നവരും, ആ സംസ്ക്കാരത്തില്‍ ജീവിക്കുന്നവരുമായ ഇസ്രായേലിലെ ക്രൈസ്തവര്‍ അവിടത്തെ മതങ്ങളെ തമ്മിലും, സംസ്ക്കാരങ്ങളെ തമ്മിലും ബന്ധിപ്പിക്കുന്ന പാലമാകുവാന്‍ വിളിക്കപ്പെടുകയാണ്. എല്ലാ വിധത്തിലുമുള്ള അധിനിവേശവും ജനങ്ങള്‍ വെറുക്കുന്നു. അധിനിവേശം തൊഴിലിനെ ദോഷകരമായി ബാധിക്കുകയും, ജനങ്ങളില്‍ എതിര്‍പ്പിന്‍െറയും, പ്രതികാരത്തിന്‍െറയും വികാരങ്ങള്‍ ഉജ്ജലിപ്പിക്കുകയും ചെയ്യും. പാലസ്തീനായിലെ ക്രൈസ്തവര്‍ വളരെ പരിതാപകരമായ ഒരു അവസ്ഥയിലാണ്. രാഷ്ട്രീയപരിതോവസ്ഥയും സുരക്ഷയുടെ അഭാവവും, തൊഴില്‍പരവും മതപരവും ആയി കുടുതല്‍ സ്വാതന്ത്ര്യമുള്ള ഇടങ്ങളിലേയ്ക്ക് പലായനം ചെയ്യുവാന്‍ അവരെ നിര്‍ബന്ധിക്കുകയാണ്.







All the contents on this site are copyrighted ©.