2010-03-18 19:43:02

സാമൂഹ്യ-സാമ്പത്തീക
ജീവിതത്തിന്‍റെ കേന്ദ്രബിന്ദു
മനുഷ്യനായിരിക്കണം –മാര്‍പാപ്പ


എല്ലാ സാമ്പത്തിക സാമൂഹ്യ ജീവിതത്തിന്‍റെയും പ്രഭവസ്ഥാനവും കേന്ദ്രബിന്ദുവും മനുഷ്യനായിരിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ പ്രസ്താവിച്ചു. റോമിലെ ക്രൈസ്തവ വ്യവസായ പ്രമുഖരുടെ സംഘടയായ യുഐഐയുടെ (Unione degli Industriali e Impresi)ഏകദേശം 200-ല്‍പ്പരം വരുന്ന ഭരണസമിതി അംഗങ്ങള്‍ക്ക്, വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റെയിന്‍ ഹാളിലില്‍ നല്കിയ ഒരു കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പാ ഇപ്രകാരം പറഞ്ഞത്. സാമൂഹ്യമായ കാഴ്ചപ്പാടില്‍നിന്ന് നോക്കിയാല്‍, സംരക്ഷണത്തിന്‍റേയും സുസ്ഥിതിയുടേയും സംവിധാനങ്ങള്‍ അടിസ്ഥാനപരമായി തകിടംമറിഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളതെന്നും, യഥാര്‍ത്ഥ സാമൂഹ്യ നീതിയിലധിഷ്ഠിതമായ വ്യവസായങ്ങള്‍ കൂടുതല്‍ പ്രയാസകരമായി വരികയാണെന്നും മാര്‍പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തിന്‍റെ ദാനമായ സത്യത്തിലും സ്നേഹത്തിലും ഊന്നിനിന്നുകൊണ്ട് മാനുഷീക പുരോഗതിക്കായി പരിശ്രമിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.
സമ്പന്ന രാഷ്ട്രങ്ങള്‍ ചുരുങ്ങിയ ചെലവില്‍ ഉത്പാദനം നടത്തി, കുറഞ്ഞ വിലയ്ക്ക് അനേക വസ്തുക്കള്‍ വിറ്റഴിക്കാനായി അന്യരാജ്യങ്ങളില്‍ ഉത്പാദനം നടത്താവുന്ന സ്ഥലങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
ഇതിന് പ്രചോദനമാകുന്നത് ആഗോളതലത്തിലുള്ള വിപണനമാണ്.
ഇതുവഴി സാധനങ്ങള്‍ വാങ്ങാനുള്ള കഴിവ് വര്‍ദ്ധിക്കുകയും പുരോഗതിയുടെ നിരക്ക് ത്വരിതപ്പെടുകയും ചെയ്യുമെന്നും പാപ്പാ തന്‍റെ Caritas in Veritate സത്യത്തല്‍ സ്നേഹം, എന്ന ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ടു പറഞ്ഞു.

ദൈവത്തെക്കൂടാതെ ഏതു വഴിക്കു നീങ്ങണമെന്നറിയാനോ, താന്‍ ആരാണെന്നു മനസ്സിലാക്കാനോപോലും മനുഷ്യനു കഴിയുകയില്ലെന്നും, അതിനാല്‍ ജനതകളുടെ പുരോഗതി സംബന്ധിച്ച് പലപ്പോഴും നമ്മെ കീഴ്പ്പെടുത്തുന്ന ഭീമമായ പ്രശ്നങ്ങള്‍ക്കുമുന്നില്‍ , എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നുംചെയ്യുവാനാവില്ല, (യോഹന്നാന്‍ 15, 5) എന്നു പഠിപ്പിക്കുയും, യുഗാന്ത്യംവരെ ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും (മത്തായി 28, 20) എന്ന് ഉറപ്പുനല്കുകയും ചെയ്ത യേശുവിന്‍റെ വാക്കുകളില്‍ പ്രത്യശയര്‍പ്പിച്ചും സാന്ത്വനംതേടിയും മുന്നോട്ടു നീങ്ങണമെന്ന് മാര്‍പാപ്പ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. റോമിലെ വ്യവസായ പ്രമുഖരുടെ യൂണിയന്‍ പ്രസിഡന്‍റ് ഡോക്ടര്‍ ഔറോലിയോ റെജീനാ മാര്‍പാപ്പയ്ക്ക് സംഘടയുടെ പേരില്‍ ആശംസകളര്‍പ്പിക്കുകയും നന്ദിപറയുകയും ചെയ്തു.







All the contents on this site are copyrighted ©.