2010-03-18 20:07:19

മെജുഗോരെ മാതാവിന്‍റെ
ദര്‍ശനങ്ങളെക്കുറിച്ച്
വത്തിക്കാന്‍റെ കമ്മിഷന്‍ പഠിക്കും


18 മാര്‍ച്ച് 2010
യൂഗോസ്ലാവിയായിലെ മെജുഗോരെയില്‍ ഇന്നും നടക്കുന്നുവെന്നു പറയുന്ന പരിശുദ്ധ കന്യമറിയത്തിന്‍റെ ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കുവാന്‍ വത്തിക്കാന്‍
കമ്മിഷനെ നിയോഗിച്ചു. ബോസ്നിയായ്ക്ക് അടുത്തുള്ള മെജുഗോരെ
ഗ്രാമത്തിലെ ഐവന്‍, ഐവാന്‍ലി, യക്കോവ്, മരീജാ, മിര്‍ജാനാ, വീക്കാ എന്നീ യുവാക്കള്‍ക്കാണ് ദിവ്യജനനി 1981 ജൂണ്‍ 1-ന് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്നു മുതല്‍ ഇന്നുവരെ മിക്കവാറും എല്ലാ സായാഹ്നങ്ങളിലും യുവാക്കള്‍ക്ക് പരിശുദ്ധ ദൈവമാതാവ് മെജുഗോരെ ഗ്രാമത്തിലെ മലമുകളില്‍ പ്രത്യക്ഷപ്പെടുകയും, ജീവിത ദര്‍ശിയായ സന്ദേശങ്ങള്‍ അവരിലൂടെ ലോകത്തിന് നല്കുകയും ചെയ്തു പോരുന്നു. ഇതോടെ മെജൂഗോരെ ഗ്രാമം പ്രസിദ്ധമായി. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി അനുഗ്രഹങ്ങള്‍ തേടിയെത്തുന്ന ആയിരങ്ങള്‍ ആത്മീയശക്തി പ്രാപിച്ചും നവീകൃതരായും മടങ്ങുന്നു. മാനസാന്തരത്തിന്‍റെയും രോഗശാന്തിയുടെയും അനുഭവങ്ങള്‍ തീര്‍ത്ഥാടകര്‍ ധാരാളം പങ്കുവയ്ക്കുന്നുണ്ട്.
പ്രാദേശിക മെത്രാന്‍റെയും, പിന്നീട് ദേശീയ മെത്രാന്‍ സമിതിയുടെയും നിരന്തരമായ അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് വത്തിക്കാന്‍റെ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ ചുമതലയില്‍ മെജുഗോരെയിലെ ദിവ്യജനനിയുടെ ദര്‍ശനങ്ങളെക്കുറിച്ച് സ്വതന്ത്രവും രഹസ്യവുമായ ഒരു പഠനം നടത്തുന്നതിന് 20 അംഗ-കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്, എന്ന് വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറീക്കോ ലൊമ്പാര്‍ഡി അറിയിച്ചു.
റോമാ പട്ടണത്തിന്‍റെ മുന്‍ കര്‍ദ്ദിനാള്‍-വികാരിയും, ഇറ്റലിയിലെ ദേശീയ മെത്രാന്‍സമിതിയുടെ പ്രസിഡന്‍റുമായിരുന്ന കര്‍ദ്ദിനാള്‍ കമീലിയോ റുയീനിയാണ് കമ്മിഷന് നേതൃത്വം നല്കുന്നതെന്നും വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.







All the contents on this site are copyrighted ©.