2010-03-13 15:36:35

മതസ്വാതന്ത്യധ്വംസനങ്ങളെ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി അപലപിക്കുന്നു.


 
പല രാജ്യങ്ങളിലും ഇനിയും മതസ്വാതന്ത്യം ഉറപ്പാക്കപ്പെട്ടിട്ടില്ലെന്ന്, സ്വിറ്റ്സര്‍ലന്‍ഡിലെ ജെനീവാപട്ടണത്തിലെ ഐക്യരാഷ്ട്യസഭയുടെ വിവിധ കാര്യാലയങ്ങളിലെ പരിശുദ്ധ സിംഹാസനത്തിന്‍െറ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി അപലപിക്കുന്നു. 6.8 ബില്യന്‍ ലോകജനതയില്‍ 70% കര്‍ക്കശമായ മതനിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. യു.എന്‍ മനുഷ്യവകാശകൗണ്‍സിലിന്‍െറ പതിമൂന്നാം സമ്മേളനത്തെ വെള്ളിയാഴ്ച അഭിസംബോധന ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം നിയന്ത്രണങ്ങളുടെ തിക്താനുഭവങ്ങള്‍ക്ക് ഇരകളാകുന്നത് ന്യൂനപക്ഷ മതവിഭാഗങ്ങളാണ്. അവരുടെ അവകാശങ്ങള്‍ ഗൗരവമായി ധ്വംസിക്കപ്പെടുകയും, ആരാധനാസ്വാതന്ത്ര്യം തടസ്സപ്പെടുത്തപ്പെടുകയും ചെയ്യുന്നു. ചിലയിടങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ നിയമം അംഗീകരിക്കുന്നില്ല. അവര്‍ ശിക്ഷയും, പീഡനവും ഭയന്ന് ഒളിച്ചും നിയമവിരുദ്ധമായും വിശ്വാസജീവിതം നയിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. മറ്റു ചില രാജ്യങ്ങളില്‍ ഭൂരിപക്ഷമതവിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു. ആ കുറ്റകൃത്യങ്ങള്‍ ശിക്ഷാഭീതിയില്ലാതെയാണ് നടത്തപ്പെടുന്നതെന്നത് തികച്ചും അപലപനീയമാണ്. അതിനാല്‍ നിയമങ്ങളിലൂടെ മതസ്വാതന്ത്യത്തെ അതിന്‍െറയെല്ലാ തലങ്ങളിലും ആദരിക്കുവാനും, പരിപോഷിപ്പിക്കുവാനും പരിശുദ്ധ സിംഹാസനം എല്ലാ രാഷ്ട്രങ്ങളെയും ആഹ്വാനം ചെയ്യുന്നു. പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരകളാകുന്നവര്‍ക്ക് അവയില്‍ നിന്ന് വിമോചിതരാകുവാനും, നേരിട്ട നഷ്ടങ്ങള്‍ക്ക് പരിഹാരം ലഭിക്കുവാനും അവകാശമുണ്ട്. ഓരോ രാഷ്ട്രത്തിനും അതിലുള്ള എല്ലാവരുടെയും അടിസ്ഥാന മാനവയവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കടമയുണ്ട്, ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.