2010-03-12 15:50:37

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇറ്റലിയിലെ ട്യൂറിന്‍ പട്ടണത്തില്‍ മെയ് രണ്ടാം തീയതി ഇടയസന്ദര്‍ശനം നടത്തും


 

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മെയ് രണ്ടാം തീയതി ഇറ്റലിയിലെ ട്യൂറിന്‍ പട്ടണത്തില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തും. യേശുവിന്‍െറ മൃതദേഹം പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന തിരുക്കച്ച പരസ്യവണക്കത്തിന് പ്രദര്‍ശിപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് പരിശുദ്ധ പിതാവിന്‍െറ ആ ഇടയസന്ദര്‍ശനം. മെയ് രണ്ടാം തീയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.15ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍ നിന്ന് അങ്ങോട്ട് പുറപ്പെടുന്ന പാപ്പാ, 9.45 ന് നഗരത്തിലെ സാന്‍ കാര്‍ളോ ചത്വരത്തിലെത്തും. സ്വീകരണചടങ്ങുകളെ തുടര്‍ന്ന് പരിശുദ്ധ പിതാവ് അവിടെ ദിവ്യബലി അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ ദിനങ്ങളിലെ പതിവുപോലെ പാപ്പാ ത്രികാലപ്രാര്‍ത്ഥന വിശ്വാസികളോടെത്ത് ചൊല്ലും. യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയാണ് പാപ്പായുടെ ഉച്ചകഴിഞ്ഞുള്ള പ്രഥമയിനം. അതിനുശേഷം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തിരുക്കച്ച വണങ്ങപ്പെടുന്ന കത്തീദ്രലിലേയ്ക്ക് പോകും. തിരുക്കച്ചയ്ക്ക് ആദരവ് അര്‍പ്പിച്ചതിന് ശേഷം യേശുവിന്‍െറ പീഡനങ്ങള്‍ , മനുഷ്യന്‍െറ പീഡനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പാപ്പാ ഒരു ലഘുവിചിന്തനം നടത്തും. തദനന്തരം തിരുക്കച്ചയുടെ പ്രദര്‍ശനത്തിനായുള്ള കമ്മറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പരിശുദ്ധ പിതാവ്, കൊത്തലംഗോ സന്ന്യാസസമൂഹം നടത്തുന്ന രോഗികള്‍ക്കായുള്ള ഒരു ഭവനം സന്ദര്‍ശിക്കും. പ്രാദേശികസമയം വൈകുന്നേരം 7.30ന് പാപ്പാ റോമിലേയ്ക്ക് മടങ്ങും. പേപ്പല്‍ ഭവനത്തിന്‍െറ അനുവാദത്തോടെ വെള്ളിയാഴ്ച ട്യൂറിന്‍ അതിരൂപതയാണ് പാപ്പായുടെ അവിടത്തെ ഇടയസന്ദര്‍ശനത്തിന്‍െറ ഈ കാര്യപരിപാടികള്‍ നല്‍കിയത്.







All the contents on this site are copyrighted ©.