2010-03-11 12:47:50

വൈദികവത്സരം - റോമില്‍
അന്തര്‍ദേശീയ ദൈവശാസ്ത്ര സമ്മേളനം


വൈദികവത്സരത്തോടനുബന്ധിച്ച് റോമില്‍ മാര്‍ച്ച് 11, 12 തിയതികളില്‍ അന്തര്‍ദേശീയ ദൈവശാസ്ത്ര സമ്മേളനം നടത്തപ്പെടുന്നു. ആഗോളസഭ ഈ വര്‍ഷം ആചരിക്കുന്ന വൈദികവത്സരത്തിന്‍റെ ഭാഗമായി
വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് (Congregation for the Clergy) ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ലാറ്ററാന്‍ യൂണിവേഴ്സിറ്റിയില്‍ അരങ്ങേറുന്ന സമ്മേളനത്തില്‍ എല്ലാരാജ്യങ്ങളിലേയും ദേശീയമെത്രാന്‍ സമിതികളുടെ വൈദികര്‍ക്കായുള്ള കമ്മിഷനുകളുടെ പ്രസിഡന്‍റുമാരും ആഗോളതലത്തില്‍നിന്ന് ക്ഷണിക്കപ്പെട്ടിട്ടുള്ള മറ്റ് പ്രമുഖരും പങ്കെടുക്കും. ‘ക്രിസ്തുവിനോടുള്ള വിശ്വസ്തതയാണ് വൈദികരുടെ വിശ്വസ്ത,’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള സമ്മേളനത്തിന്‍റെ മൂന്നു ഘട്ടങ്ങളിലായി - പൗരോഹിത്യ വ്യക്തിത്വവും ആനുകാലിക സംസ്കാരവും, ആരാധനക്രമം, പൗരോഹിത്യ ബ്രഹ്മചര്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടും. വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ക്ലാവ്ദിയോ ഹ്യൂമ്സ്; സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് മാവുരോ പിയച്ചേന്‍സാ, വിദ്യാഭ്യസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ സെനോണ്‍ ഗ്രൊച്ചോലേസ്കി, വത്തിക്കാന്‍റെ വിശ്വാസസംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ വില്യം ജെ. ലവാദാ, സന്യാസ സമൂഹങ്ങള്‍ക്കും അപ്പസ്തോലിക ജീവിത സമൂഹങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫ്രാങ്ക് റോദേ എന്നിവര്‍ സമ്മേളനത്തിന്‍റെ വിവിധ ഘട്ടങ്ങളെ നയിക്കും. ബനഡിക്ട് പതിനാറാന്‍ മാര്‍പാപ്പ മാര്‍ച്ച് 12-ന് രാവിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാവരുമായി തന്‍റെ അപ്പസ്തോലിക അരമനയില്‍ കൂടിക്കാഴ്ച നടത്തുന്നതുമാണ്. പ്രമുഖ ദൈവശാസ്ത്ര പണ്ഡിതരായ ബൊളോഞ്ഞായിലെ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ കാര്‍ളോ കഫാറാ, ആരാധനക്രമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ അന്തോണിയോ കാനിസാരെസ് ലൊവേരാ, പരിശുദ്ധ സിംഹാസനത്തിന്‍റെ പരമോന്നത കോടതിയുടെ പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ലിയോ ബ്രൂക്ക് തുടങ്ങിയവര്‍ പ്രബന്ധാവതണം നടത്തും.







All the contents on this site are copyrighted ©.