2010-03-10 20:42:18

അധിക്രമങ്ങള്‍ അഭിപ്രായഭിന്നതകള്‍ക്ക് പരിഹാരമല്ല
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


10 മാര്‍ച്ച് 2010
വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ നടത്തിയ പതിവുള്ള ബുധനാഴ്ചത്തെ തന്‍റെ പൊതുകൂടിക്കാഴ്ച-പ്രഭാഷണത്തിന്‍റെ സമാപനത്തില്‍
മാര്‍പാപ്പാ നൈജീരിയായിലെ വര്‍ഗ്ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരേയും തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞവരേയും അനുസ്മരിച്ചു.
മാര്‍ച്ച് 7-ന് നൈജീരിയായില്‍ അരങ്ങേറിയ 500 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയ കലാപത്തിലും, അന്നുതന്നെ 100-ഓളം പേരുടെ മരണത്തിനിടയാക്കുകയും അനേകരെ മുറിപ്പെടുത്തുകയും ഭവനരഹിതരാക്കുകയുംചെയ്ത കിഴക്കന്‍ തുര്‍ക്കുയിലുണ്ടായ ഭൂകമ്പത്തിലും, അതിയായ ദു:ഖവും സഹതാപവും മാര്‍പാപ്പ രേഖപ്പെടുത്തി.
തുര്‍ക്കിയിലെ ഭൂകമ്പത്തിന്‍റെ കെടുതിയില്‍ വിഷമിക്കുന്ന കുടുംമ്പങ്ങളുടെ സമീപത്ത് ആത്മീയമായി താനുണ്ടെന്നും, എത്രയുംവേഗം ഔദാര്യപൂര്‍വ്വം രക്ഷാപ്രവര്‍ത്തനങ്ങളിലും ദൂരിതാശ്വാസ പദ്ധതികളിലും സഹകരിക്കണമെന്ന് അന്തര്‍ദേശീയ സമൂഹത്തോട് മാര്‍പാപ്പാ ആഹ്വാനംചെയ്യുകയും ചെയ്തു.

നൈജീരിയായിലെ വര്‍ഗ്ഗീയ കലാപത്തിലിരയായവരുടെ കുടുംമ്പങ്ങള്‍ക്ക് പാപ്പാ അനുശോചനം രേഖപ്പെടുത്തുകയും, നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തിയ സംഭവത്തിലുള്ള അതീവ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. അധിക്രമങ്ങള്‍ അഭിപ്രായഭിന്നതകള്‍ക്ക് പരിഹാരമല്ല, മറിച്ച് അവ പരിതാപകരമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുന്നതെന്നും പാപ്പ പ്രസ്താവിച്ചു. അവിടത്തെ സര്‍ക്കാരിനോടും മതനേതാക്കളോടും ജനങ്ങളുടെ സുരക്ഷിതത്ത്വത്തിനും സമാധാനപരമായ സഹവര്‍ത്തിത്തത്തിനുംവേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയില്‍ താന്‍ അവിടത്തെ ക്രൈസ്തവ സമൂഹത്തോടൊപ്പമുണ്ടെന്നും, പ്രത്യാശാപൂര്‍വ്വം യഥാര്‍ത്ഥമായ അനുരഞ്ജ്ജനത്തിന്‍റെ സാക്ഷികളായി ജീവിക്കണമെന്നും മാര്‍പാപ്പാ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.