2010-03-08 18:49:12

സഭാജീവിതത്തില്‍ അല്മായര്‍
സഹ-ഉത്തരവാദിത്തമുള്ളവരാണ്
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


7 മാര്‍ച്ച് 2010
അല്‍മായര്‍ വൈദികരുടെ സഹകാരികള്‍ മാത്രമല്ല, സഭാപ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്ന് ബനഡിക്ട് 16-ാമന്‍‍ മാര്‍പാപ്പ റോമില്‍ പ്രസ്താവിച്ചു.
തപസ്സുകാലത്തെ മൂന്നാം ഞായറാഴ്ച രാവിലെ റോമിലുള്ള കോള്ളേ സലാരിയോയിലെ സെന്‍റ് ജോണ്‍‍ ഓഫ് ദ ക്രോസ് ഇടവക സന്ദര്‍ശിച്ച് ഇടവക ജനങ്ങളോടൊപ്പം ബലിയര്‍പ്പിച്ച മാര്‍പാപ്പ, പിന്നീട് ഇടവക സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രകാരം പറഞ്ഞത്. റോമിലെ മെത്രാന്‍ എന്ന നിലയില്‍ നടത്തിയ ഇടയ സന്ദര്‍ശനവേളയില്‍ ഇടവകസമൂഹത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച മാര്‍പാപ്പ അവരെ അഭിനന്ദിക്കുകയും, വിശാലമായ ഒരു സഭാവീക്ഷണത്തോടെ നവമായ സുവിശേഷവത്കരണ പദ്ധതികളില്‍ എല്ലാവരും പങ്കുകാരാകണമെന്നും ആഹ്വാനംചെയ്യുകയും ചെയ്തു. സഭയുടെ ജീവിതത്തില്‍ അല്മായര്‍ വൈദികരുടെ സഹകാരികളല്ല, സഹ-ഉത്തരവാദികളാണെന്നും, ഈ ദര്‍ശനത്തില്‍ പക്വതയാര്‍ന്നവരും അര്‍പ്പണബോധമുള്ളവരുമായ അല്‍മായര്‍ സഭാസേവനത്തിനായി മുന്നോട്ടു വരണമെന്നും പാപ്പാ ആഹ്വാനംചെയ്തു. ഇടവകയിലെ യുവാക്കളേയും കുടുംമ്പങ്ങളേയും അഭിസംബോധനചെയ്ത മാര്‍പാപ്പ പറഞ്ഞു, “നിങ്ങള്‍ യേശുവിന്‍റെ സുവിശേഷം പ്രഘോഷിക്കുവാന്‍ കൂടുതല്‍ തീക്ഷ്ണതയുള്ളവരായിരിക്കുക, ജീവിതമേഖലകളില്‍ - ജീവിക്കുകയും, ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ചുറ്റുപാടുകളില്‍ - സഹോദരങ്ങള്‍ക്ക് നിങ്ങള്‍ ക്രിസ്തവിന്‍റെ മിഷനറിമാരായിരിക്കുക.” ജീവിതം ദൈവം നമുക്കു തരുന്ന ഒരു സമ്മാനമാണെന്ന കാഴ്ചപ്പാടില്‍ വളരുവാന്‍ കുടുംമ്പങ്ങളേയും യുവാക്കളെയും സജ്ജമാക്കുന്ന ശക്തവും സജീവവുമായ ഒരു നവീകരണപദ്ധതി ഇടവകയില്‍ ആരംഭിക്കണമെന്നൊരു നിര്‍ദ്ദേശവും മാര്‍പാപ്പ നല്കി.







All the contents on this site are copyrighted ©.