2010-03-06 10:08:28

ചിലിയിലെ ദുഃഖിതര്‍ക്ക് പാപ്പായുടെ ആശ്വാസവചസ്സുകള്‍


ചിലിയില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂകമ്പദുരന്തത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഖേദവും, അനുശോചനവും അറിയിച്ചു. അന്നാട്ടിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് അലക്സാന്ത്രോ ഹോയിക്ക് കര്‍മലേക്കിന്‍െറ പേരില്‍ നല്‍കിയ സന്ദേശത്തിലാണ് അത് കാണുന്നത്. അനേകരുടെ മരണത്തിനും, വളരെ നാശനഷ്ടങ്ങള്‍ക്കും കാരണമായ ഭൂകമ്പത്തിന്‍െറ വേദനാജനകമായ വാര്‍ത്ത തന്നെ വളരെ ദുഃഖിപ്പിക്കുകയാണെന്ന് പരിശുദ്ധ പിതാവ് പറയുന്നു. മരിച്ചവരുടെ ആത്മശാന്തിക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിക്കുന്ന പാപ്പാ, ആ ദുരന്തം വൈപരീത്യങ്ങളെ അതിജീവിക്കുന്നതിന് എല്ലാവരെയും ക്രൈസ്തവപ്രത്യാശയാലും, ഐക്യദാര്‍ഢ്യത്താലും പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഉദാരവും, സ്നേഹാര്‍ദ്രവും, കാര്യക്ഷമവുമായ ആയ സഹായം നല്‍കി ജനങ്ങളെ സഹായിക്കുവാന്‍ സഭാസമൂഹങ്ങളെയും, പൗരസംഘടനകളെയും നല്ലമനസ്സുള്ള എല്ലാവരെയും സന്ദേശത്തില്‍ പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.