2010-03-04 18:47:50

ദേശീയ മെത്രാന്‍ സമിതിയുടെ
29-ാമത് സമ്പൂര്‍ണ്ണ സമ്മേളനം
സമാപിച്ചു


യുവാക്കള്‍ സമാധാനത്തിനും ഐക്യത്തിനും, എന്ന പ്രമേയവുമായി വടക്കെ ഇന്തൃയിലെ ഗുവഹാത്തിയില്‍ ഫെ ബ്രുവരി 24 മുതല്‍ മാര്‍ച്ച് 3-ം തിയതിവരെ നടന്ന ദേശീയ മെത്രാന്‍ സമിതിയുടെ 29-ാമത് സമ്പൂര്‍ണ്ണ സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്‍റെ അവധാനപൂര്‍വ്വമായ തീരുമാനങ്ങളില്‍, യുവാക്കളോട് പ്രാദേശിക ചെറുസമൂഹങ്ങളില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ജീവിച്ചുകൊണ്ട് ആഗോളസഭയിലുള്ള തങ്ങളുടെ പങ്കാളിത്തം പ്രകടമാക്കണമെന്ന് മെത്രാന്‍സമിതി ആഹ്വാനംചെയ്യുമ്പോള്‍,
പ്രാതിനിധ്യവും പ്രോത്സാഹനവും പിന്‍തുണയും നല്കിയാല്‍ തങ്ങള്‍ സഭാജീവിതത്തില്‍ കൂടുതല്‍ ഭാഗഭാക്കുകളാകുവാന്‍ സന്നദ്ധരാണെന്ന അഭിപ്രായം ഏറെ വിനീതമായി യുവജനങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ രേഖപ്പെടുത്തുകയുണ്ടായി.
ഭാരതത്തിലുള്ള കത്തോലിക്കാ യുവജനപ്രസ്ഥാനങ്ങളെ കൂടുതല്‍ സജീവമാക്കിക്കൊണ്ട് സമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുന്ന
ഒരു സുവിശേഷവത്ക്കരണ പദ്ധതി ഭാരതത്തിലെ യുവതലമുറയുടെ പിന്‍തുണയോടെ വളര്‍ത്തിയെടുക്കുമെന്നും സമ്മേളനം പ്രസ്താവിച്ചു.
ആഗോളവത്ക്കരണ പ്രതിഭാസം യുവജനങ്ങളുടെ നവമായ തൊഴില്‍ സാദ്ധ്യതകളിലൂടെ തല്ക്കാലം ഒരു സാമ്പത്തിക ഉന്നമനം ഉണ്ടാക്കിയെങ്കിലും ഭാരതത്തില്‍ ഇനിയും പാവങ്ങളും തൊഴില്‍-രഹിതരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ യുവജനങ്ങളുടെ എണ്ണം പൂര്‍വ്വോപരി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സമ്മേളനം സ്ഥിതിവിവരകണക്കുകളിലൂടെ നിരീക്ഷിച്ചു. പുരോഗതിയിലേയ്ക്ക് അതിവേഗം കുതിക്കുന്ന ഭാരതം, ഒപ്പം വര്‍ഗ്ഗീയ-ഭിന്നതയുടേയും അക്രമങ്ങളുടേയും പാതയിലേയ്ക്ക് നീങ്ങുന്നുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന്‍റ‍െ അഖണ്ഡതയ്ക്കും ഐക്യത്തിനുംവേണ്ടി എന്നും നിലനിന്നിട്ടുള്ള സഭ, തങ്ങളുടെ ന്യയമായ അവകാശങ്ങള്‍ നേടുന്നതിനുവേണ്ടി സമാധാനത്തിന്‍െറ മാര്‍ഗ്ഗങ്ങള്‍ മാത്രമേ തേടുകയുള്ളൂ എന്ന് സിബിസിഐ സെക്രട്ടറി ജനറലും ആഗ്രാ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ആല്‍ബ്രട്ട് ഡിസൂസ സമാപന സമ്മേളനത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.