2010-02-25 19:58:14

യുവജനം സമാധാനത്തിനും സൗഹൃദത്തിനും
-സിബിസിഐ ഗുവഹാത്തി സമ്മേളനം


യുവാക്കളാണ് നാടിന്‍റെ സമ്പത്തും ഭാവിയുടെ പ്രത്യാശയുമെന്ന്,
ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്- ഗുവഹാത്തിയില്‍ ഫെബ്രുവരി
24-ം തിയതി ആരംഭിച്ച സിബിസിഐ (Catholic Bishops Conference of India) സമ്മേളനത്തില്‍ പറഞ്ഞു. ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ 29-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ പ്രാരംഭമായി അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേയാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.
‘യുവജനങ്ങള്‍ സമാധാനത്തിനും സൗഹൃദത്തിനും’ എന്ന പ്രമേയവുമായിട്ടാണ് മാര്‍ച്ച 3-ം തിയതിവരെ നീണ്ടുനില്ക്കുന്ന സമ്മേളനം ഗുവഹാത്തിയില്‍ കാര്‍ഗൂളിലുള്ള ഡോണ്‍ ബോസ്കോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചിരിക്കുന്നത്. യുവാക്കള്‍ വിളിക്കപ്പെട്ടിരിക്കുന്നത് മാതൃഭൂമിയെ സേവിക്കാനും ജനങ്ങള്‍ക്ക് ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ അനുദിന ജീവിതത്തിലൂടെ പങ്കുവയ്ക്കുവാനുമാണെന്ന്, മെത്രാന്‍ സമിതിയുടെ വൈസ്-പ്രസിഡന്‍റായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. യുവജനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഈ സമ്മേളനത്തില്‍ സിബിസിഐ യൂത്ത് കമ്മിഷന്‍ ചെയര്‍മാനും ഭോപാല്‍ ആര്‍ച്ചുബിഷപ്പുമായ ലിയോ കൊര്‍ണേലിയോ വിഷയാവതരണം നടത്തി. ദേശീയ പ്രസിഡന്‍റും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ അഭാവത്തിലാണ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് പ്രാരംഭസന്ദേശം നല്കുകയും, തുടര്‍ന്ന് മാര്‍ വിതയത്തിലിന്‍റെ സന്ദേശം വായിക്കുകയും ചെയ്തത്.







All the contents on this site are copyrighted ©.