2010-02-25 19:39:13

മൊസൂള്‍ സംഭവത്തില്‍
മാര്‍പാപ്പയ്ക്ക്
ദു:ഖവും ആകാംക്ഷയും


ഇറാക്കിലെ മൊസൂള്‍ പട്ടണത്തില്‍ ഫെബ്രുവരി 23-ം തിയതി വീണ്ടും മൂന്നു കത്തോലിക്കരുടെ മരണത്തിനിടയാക്കിയ മതമൗലികവാദികളുടെ ആക്രമണത്തെക്കുറിച്ചറിഞ്ഞ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്‍റെ തപസ്സുകാല ധ്യാനത്തിനിടയിലും, സംഭവത്തില്‍ ഏറെ ദു:ഖവും ആകാംക്ഷയും രേഖപ്പെടുത്തി. മൊസൂളിലെ അധിക്രമങ്ങള്‍ അവസാനിക്കുവാന്‍ താന്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും, ന്യൂനപക്ഷമായ ക്രൈസ്തവരുടേയും, പൊതുവെ മറ്റു വിശ്വാസ സമൂഹങ്ങളുടേയും പ്രാര്‍ത്ഥനാലയങ്ങള്‍ക്കും സംരക്ഷണം നല്കണമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിവഴി ഇറാക്കിലെ പ്രധാനമന്ത്രി, നൗറി അല്‍-മലീക്കിനോട് മാര്‍പാപ്പാ അടിയന്തിരമായി ആവശ്യപ്പെട്ടു. 2008-ല്‍ ഇറാക്കിന്‍റെ പ്രധാനമന്ത്രി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍വച്ച് ഉറപ്പുനല്കിയ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും വളര്‍ച്ചയും മാനിച്ചുകൊണ്ടുള്ള ഒരു ഭരണനയത്തിന് വിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ മാര്‍പാപ്പയുടെപേരില്‍‍ അയച്ച സന്ദേശത്തില്‍ പറഞ്ഞു. ധാര്‍മ്മികമായും സാമൂഹികമായും ഐക്യദാര്‍ഢ്യമുള്ള ഒരു ഇറാക്കു പുന:രാവിഷ്ക്കരിക്കാന്‍, അനുരജ്ഞനത്തിന്‍റെ പാതയില്‍ ജനങ്ങളുടെ പൊതുനന്മ ലക്ഷൃമാക്കിയുള്ള ഒരു ഭരണനയവുമായിട്ട് മുന്നോട്ടു പോകുമെന്ന വാഗ്ദാനം പ്രധാനമന്ത്രി അല്‍-മാലിക്ക് അന്ന് ഉറപ്പുതന്നത് കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ എടുത്തു പറയുന്നുണ്ട്. രാഷ്ട്രത്തിന്‍റെ സാമ്പത്തികവും സാംസ്കാരികവും സാമൂഹ്യവുമായ ഉന്നമനത്തില്‍ പങ്കുചേര്‍ന്ന് നൂറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന ക്രൈസ്തവരുടെ മൗലികാവകാശങ്ങളുടെ ലംഘനംകൂടിയാണീ നിരന്തരമായ കൊലപാതകങ്ങളെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സന്ദേശത്തില്‍ ആരോപിച്ചു.







All the contents on this site are copyrighted ©.