2010-02-25 08:13:43

ദൈവത്തെ നാം പരീക്ഷണവസ്തുവാക്കരുത് - മാര്‍പാപ്പാ.


( 21/02/2010 വത്തിക്കാന്‍ ) ദൈവം പ്രത്യുത്തരിക്കുന്നതിനും അവിടുന്ന് ദൈവമാണെന്ന് സ്വയം തെളിയിക്കുന്നതിനുമുദ്ദേശിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് നാം തുനിയെരുതെന്ന് ബനഡിക്ട് പതിനാറാമന്‍ പാപ്പാ ഉദ്ബോധിപ്പിച്ചു. നോമ്പ് കാലത്തിലെ ഒന്നാമത്തേതായിരുന്ന ഞായറാഴ്ച, ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റ‍െ ബസിലിക്കയുടെ അങ്കണത്തില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കായ് സമ്മേളിച്ചിരുന്നവരെ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച് അന്ന് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, മരുഭൂമിയില്‍ വച്ച് യേശു സാത്താനാല്‍ പരീക്ഷിക്കപ്പെടുന്ന, സുവിശേഷസംഭവം വിശകലനം ചെയ്യുകയായിരുന്നു. "ദൈവത്തെ പരീക്ഷിക്കുകയല്ല പ്രത്യുത അവിടുന്നില്‍ വിശ്വസമര്‍പ്പിക്കുകയാണ് വേണ്ടത്. ദൈവത്തെ നമ്മള്‍ പരീക്ഷണ വസ്തുവാക്കരുത്. യേശു മാനുഷിക മാനദണ്ഡങ്ങള്‍ക്കെതിരെ ഏക അധികൃത മാനദണ്ഡം വയ്ക്കുന്നു: നമ്മുടെ അസ്തിത്വത്തിന്‍റെ അടിസ്ഥാനമായ ദൈവഹിതത്തോടുള്ള വിധേയത്വം, അതിന്‍റെ അനുവര്‍ത്തനം.... നമ്മുടെ ഹൃദയ മനസ്സുകളില്‍ നമ്മള്‍ ദൈവവചനം സംവഹിക്കുകയും അത് നമ്മുടെ ജീവിതങ്ങളില്‍ പ്രവേശിക്കുകയും നാം ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പ്രലോഭകന്‍റെ സകലവിധ കൗശലങ്ങളേയും തിരസ്ക്കരിക്കാന്‍ നമുക്ക് സാധിക്കും. സാത്താനാല്‍ പരീക്ഷിക്കപ്പെടുന്ന സംഭവത്തില്‍, സര്‍വ്വോപരി, ക്രസ്തുവിന്‍റെ രൂപം പുതിയ ആദാമിന്‍റെ രൂപമായി തെളിഞ്ഞുവരികയാണ്. ദൈവത്തെ കൂടാതെ അമര്‍ത്ത്യത പ്രാപിക്കാമെന്ന തിന്മയുടെ അരൂപിയുടെ പ്രലോഭനത്തില്‍ ഏദന്‍ തോട്ടത്തില്‍ വച്ച് നിപതിച്ച ആദത്തേയും ഹവ്വായേയും പോലല്ല, പ്രത്യുത പിതാവിനോട് വധേയത്വമുള്ള വിനീതനായ ദൈവസൂനുവായ ആദാമണത്. നോമ്പ് സുദീര്‍ഘമായൊരു പിന്‍വാങ്ങലാണ്. ഈ ഘട്ടത്തില്‍ നാം നമ്മിലേക്കു തന്നെ തിരിയുകയും, തിന്മയായവന്‍റെ പ്രലോഭനങ്ങളെ ജയിക്കാനും നമ്മുടെ സത്തയുടെ സത്യം കണ്ടെത്താനും വേണ്ടി ദൈവസ്വരം ശ്രവിക്കുകയും ചെയ്യുന്നു. അഹംഭാവത്തോടും ഔദ്ധത്യത്തോടും കൂടിയല്ല, പ്രത്യുത, വിശ്വസത്തിന്‍റെ ആയുധങ്ങളായ പ്രാര്‍ത്ഥന, ദൈവവചന ശ്രവണം, പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ എന്നിവ വഴി യേശുവിനോടൊത്ത് ജീവിക്കുന്നതിനുള്ള ആദ്ധ്യാത്മികമായൊരു മത്സരമാണ് നോമ്പ് കാലമെന്ന് പറയാം.... അനുഗ്രഹത്തിന്‍റേതായ ഈ കാലം, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ആനന്ദത്തോടും ഫലപ്രദമായും ജീവിക്കാന്‍ നമുക്ക് കഴിയുന്നതിന് പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. "







All the contents on this site are copyrighted ©.