2010-02-22 18:20:08

 വിശുദ്ധ അന്തോനീസിന്‍റെ ജീവിതവിശുദ്ധി
നൂറ്റാണ്ടുകളായി ജനങ്ങള്‍ക്ക് അനന്യമായ
പ്രചോദനമേകുന്നു – മാര്‍പാപ്പ


 ഒരു ഫ്രാന്‍സിസ്കന്‍ സന്യാസ വൈദികനായിരുന്ന വിശുദ്ധ അന്തോനീസിന്‍റെ അനന്യമായ ജീവിതവിശുദ്ധി നൂറ്റാണ്ടുകളായി ജനങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ പറഞ്ഞു. ഇറ്റലിയിലെ പാദുവായില്‍ ഫെബ്രുവരി 15-ം തിയതി ആരംഭിച്ച വിശുദ്ധ അന്തോനീസിന്‍റെ ഭൗതികാവശിഷ്ടങ്ങളുടെ പ്രദര്‍ശനം 20-ം തിയതി സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന പ്രദര്‍ശനത്തിന്‍റെ സമാപന പരിപാടിയോടനുബന്ധിച്ചാണ് വത്തിക്കാന്‍ സ്റ്റേറ്റ്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേവഴി പാദുവായിലെ വിശുദ്ധ അന്തോനീസിന്‍റെ ബസിലിക്കായുടെ ഉത്തരവാദിത്വമുള്ള ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ക്കും വിശുദ്ധന്‍റെ ഭക്തര്‍ക്കുമായി മാര്‍പാപ്പാ സന്ദേശമയച്ചത്. വിശുദ്ധ അന്തോനീസിന്‍റെ ചൈതന്യത്താല്‍ നിറഞ്ഞ് അനേകം യുവാക്കള്‍ സന്യാസജീവിതം ആശ്ലേഷിക്കുകയും, നിയമങ്ങളുടെ വിശ്വസ്താനുഷ്ഠാനത്തിലൂടെ ക്രിസ്തുവിന്‍റെ സ്നേഹപാതയില്‍ ലോകത്ത് നീതിയും സമാധാനവും വളര്‍ത്തുവാന്‍ പരിശ്രമിക്കുന്നുണ്ടെന്നും മാര്‍പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു. 780 വര്‍ഷത്തെ പഴക്കമുള്ള വിശുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങളാണ് ഒരാഴ്ചത്തെ പ്രദര്‍ശനത്തിനുവച്ചത്. ഇതിനു മുന്‍പ് 1981-ല്‍ വിശുദ്ധന്‍റെ 750-ം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഭൗതികാവശിഷ്ടങ്ങള്‍ ആദ്യമായി പൊതുദര്‍ശനത്തിന് വച്ചത്. ആറു ലക്ഷത്തി അന്‍പതിനായിരത്തിലേറെ ഭക്തര്‍ വിശുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ അന്ന് സന്ദര്‍ശിച്ച് വണങ്ങിയതായി കണക്കുകള്‍ വിശദമാക്കുന്നു.







All the contents on this site are copyrighted ©.