2010-02-18 20:07:20

വിശുദ്ധ അന്തോനീസിന്‍റെ
ഭൗതികാവശിഷ്ടങ്ങളുടെ
പ്രദര്‍ശനം ഫെബ്രുവരി 20-ന് സമാപിക്കും



ഇറ്റലിയിലെ പാദുവായില്‍ ഫെബ്രുവരി 15-ം തിയതി ആരംഭിച്ച വിശുദ്ധ അന്തോനീസിന്‍റെ ഭൗതികാവശിഷ്ടങ്ങളുടെ പ്രദര്‍ശനം 20-ന് സമാപിക്കുന്നു.
780 വര്‍ഷത്തെ പഴക്കമുണ്ട് വിശുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക്. അതു സൂക്ഷിച്ചിരിക്കുന്ന പാദുവായിലെ വിശുദ്ധ അന്തോനീസിന്‍റെ നാമധേയത്തിലുള്ള പൊന്തിഫിക്കല്‍ ബസിലിക്കായിലുള്ള chapel of the Ark, പേടകത്തിന്‍റെ കപ്പേളാ സമുച്ചയത്തില്‍ 2008-ല്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ 2009 ഡിസംമ്പറില്‍ ഏറെ മോടിയായി പൂര്‍ത്തീകരിക്കപ്പെട്ടതോടെ, വിശ്വാസികളില്‍നിന്നുണ്ടായ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് ബസിലിക്കയ്ക്കുവേണ്ടിയുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍ചേസ്ക്കോ ജോയിയാ, പാദുവായിലെ മെത്രാന്‍ അന്തോണിയോ മത്തെയോ എന്നിവര്‍ചേര്‍ന്നാണ് ഭൗതികാവശിഷ്ടങ്ങളുടെ പൊതുപ്രദര്‍ശനത്തിനുള്ള അനുവാദം നല്കിയത്. കാനോനിക നിയമങ്ങളനുസരിച്ചിട്ടുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷം, വിശുദ്ധന്‍റേതെന്ന് സ്ഥിരപ്പെടുത്തിയതും ക്രമീകരിച്ചെടുത്തതുമായ, പൂര്‍ണ്ണകായത്തിലുള്ള അസ്ഥിപഞ്ജരം നിവര്‍ന്നു കിടക്കുന്നതായിട്ടാണ് അലങ്കരിച്ച ഒരു ചില്ലുകലശത്തില്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് ദൃശ്യമാകുന്നത്.

എല്ലാവര്‍ഷവും ഫെബ്രുവരി 15-ന് ആഘോഷിക്കാറുള്ള വിശുദ്ധ അന്തോനീസിന്‍റെ അഴുകാത്ത നാവിന്‍റെ തിരുനാളിനോടുമനുബന്ധിച്ചാണ് ഈ വര്‍ഷം തിരുശേഷിപ്പുകള്‍ പൊതുവണക്കത്തിനുവച്ചത്. ഇതിനു മുന്‍പ് 1981-ല്‍ വിശുദ്ധന്‍റെ 750-ം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഭൗതികാവശിഷ്ടങ്ങള്‍ പൊതുദര്‍ശനത്തിന് ആദ്യമായിവച്ചത്. 6,50,000-ല്‍പ്പരം പേര്‍ വിശുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ അന്ന് സന്ദര്‍ശിച്ച് വണങ്ങിയതായി കണക്കുകള്‍ തെളിയിക്കുന്നു. 1263-ല്‍ വിശുദ്ധ ബൊനവെഞ്ചറാണ് പുണ്യവാന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ പുതിയൊരു സ്ഥലത്തേയ്ക്കു മാറ്റിസ്ഥാപിക്കുവാന്‍ ശ്രമിക്കവേ അലിയാത്ത നാവ് കണ്ടെത്തിയത്. അതിനുശേഷം 1350-ല്‍ തിരുശേഷിപ്പുകള്‍ ഒരു സ്ഥിരംസ്ഥാനത്ത്, ഇപ്പോളായിരിക്കുന്ന Chapel of Ark-ല്‍ പ്രതിഷ്ഠിക്കപ്പെട്ടു.







All the contents on this site are copyrighted ©.