2010-02-18 19:31:04

ക്ഷമിക്കുന്നവര്‍ പുതുജീവന്‍ നല്ക്കുന്നു
– വിഭൂതിത്തിരുനാള്‍ സന്ദേശം


തപസ്സാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വിഭൂതി ദിനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ റോമിലെ വിശുദ്ധ സബീനായുടെ ബസിലിക്കായില്‍ ബുദ്ധനാഴ്ച വൈകുന്നേരം അനുതാപത്തിന്‍റേയും തപസ്സാരംഭത്തിന്‍റേയും പ്രതീകമായി ദിവ്യബലിമദ്ധ്യേ ആശീര്‍വദിച്ച ചാരം, “മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേയ്ക്കു നീ പിന്‍തിരിയും,” എന്ന വചനം ഉച്ചരിച്ചുകൊണ്ട് വിശ്വാസികളുടെ ശിരസ്സില്‍ പൂശി. ഒരുവനോട് ക്ഷമിക്കുന്നത്, നീ നശിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; നീ ജീവിക്കണം; നിന്‍റെ കുറവുകളില്‍നിന്നും വീണ്ടും ഉണരണം, എന്നതിന് തുല്യമാണെന്ന്, ആമുഖമായി പറഞ്ഞുകൊണ്ട് പാപ്പാ വിശ്വാസികളെ വലിയ നോമ്പാചരണത്തിനായി ക്ഷണിച്ചു. ദൈവം നമ്മോടു ക്ഷമിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നതെന്നും, “നമ്മുടെ പാപങ്ങളെ അവഗണിച്ചുകൊണ്ടും അവിടുന്നു നമ്മോടു ദയകാണിക്കുന്നുവെന്നും,” വിജ്ഞാനത്തിന്‍റെ ഗ്രന്ഥം ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു (Wis.11:23-26).

ലോകമെമ്പാടും ക്രൈസ്തവമക്കള്‍ ആചരിക്കുന്ന 40 ദിവസം നീണ്ടുനില്ക്കുന്ന അനുതാപത്തിന്‍റേയും ദൈവികജീവനിലുള്ള നവീകരണത്തിന്‍റേയും ദിനങ്ങള്‍, യേശു തന്‍റെ പരസ്യജീവിതാരംഭത്തില്‍ ജൂദയായിലെ മരുഭൂമിയില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും നിശ്ശബ്ദതയിലും പ്രലോഭനങ്ങളെ അതിജീവിച്ചുകൊണ്ട് യേശു ചിലവൊഴിച്ച 40 നാളുകള്‍ക്ക് സമാന്തരമാണെന്നു മാര്‍പാപ്പാ അനുസ്മരിപ്പിച്ചു. മരുഭൂമിയില്‍ യേശു ശാരീരികമായി സ്വയം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചതുപോലെയും, മാനസീകമായി പ്രലോഭനങ്ങളെ നേരിടുകയും കീഴ്പ്പെടുത്തുകയും ചെയ്തതുപോലെയും, നാമും പ്രലോഭനങ്ങള്‍ക്കെതിരെയുള്ള ഒരു യുദ്ധത്തിലൂടെ തിന്മയുടെ ശക്തികളെ മറികടകടക്കണമെന്ന് പാപ്പാ പറഞ്ഞു. പിതാവായ ദൈവത്തിന്‍റെ സ്നേഹത്തില്‍ പ്രത്യാശയുള്ളവരായി എളിമയിലും ആത്മവിശ്വാസത്തിലും ഈദിനങ്ങള്‍ ചെലവഴിച്ചുകൊണ്ട് തപസ്സാചരിക്കുവാന്‍ അവിടെ സമ്മേളിച്ചവരോടും ലോകമെമ്പാടുമുള്ള ക്രൈസ്തവരോടും മാര്‍പാപ്പാ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.