2010-02-17 18:08:07

നവസുവിശേഷവല്‍ക്കരണവിജയത്തിന് അല്മായ പങ്കാളിത്തം അനിവാര്യമെന്ന്, ആര്‍ച്ചുബിഷപ്പ് ഹോസേ ഗോമസ്


 
നവസുവിശേഷവല്‍ക്കരണത്തിന്‍െറ വിജയത്തിന് അല്മായപങ്കാളിത്തം ഒരു അനിവാര്യ വ്യവസ്ഥയായി അമേരിക്കന്‍ ഐക്യനാടുകളിലെ ടെക്സാസ് സംസ്ഥാനത്തെ സാന്‍ അന്തോണിയോ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹൊസ ഗോമസ് ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുവിനെ പ്രഘോഷിക്കല്‍ ഒരു തെരഞ്ഞെടുപ്പോ, മെത്രാന്മാരുടെയും വൈദികരുടെയും ഡീക്കന്മാരുടെയും കടമയായോ മാത്രമായി കരുതാനാവില്ല. അത് എല്ലാ വിശ്വാസികളുടെയും ഒരു ഉത്തരവാദിത്വമാണ്. സുവിശേഷവല്‍ക്കരിക്കപ്പെട്ട, സദ്വാര്‍ത്ത ശ്രവിച്ച് മാനസാന്തരപ്പെട്ട ഹൃദയത്തിലാണ് സുവിശേഷവല്‍ക്കരണം ആരംഭിക്കുക. ശ്രവിച്ച, അനുഭവവേദ്യമായ സദ്വാര്‍ത്തയെ പറ്റി നമുക്ക് നിശബ്ദരായിരിക്കുവാന്‍ ആവില്ല. യേശു ക്രിസ്തു നമ്മുടെ ജീവിതത്തില്‍ സാധിച്ച വന്‍ക്കാര്യങ്ങള്‍ നമ്മില്‍ മാത്രമായി ഒതുക്കി നിര്‍ത്താനാവില്ല. അത് മറ്റുള്ളവര്‍ക്ക്കൂടി നല്‍കുവാന്‍, സന്തോഷത്തോടും നന്ദിയോടും കുടി നല്‍കുവാന്‍ നാം വിളിക്കപ്പെടുന്നു. ആദ്യകാലത്തെ അല്മായസഹോദരര്‍ സുവിശേഷവല്‍ക്കരണത്തില്‍ വലിയ ഔത്സുക്യം കാട്ടിയിരുന്നു. അവരുടെ പ്രഥമ പ്രേഷിതവേദി കുടുംബവും, അയല്‍പക്കവും ആയിരുന്നു. വിശുദ്ധ കുര്‍ബാനയുടെ സമാപനത്തിലെ “കര്‍ത്താവിനെ സ്നേഹിക്കുവാനും അവിടത്തെ സേവിക്കുവാനുമായി പോകുവിന്‍” എന്ന ഉദ്ബോധനവും, ആശംസയും നമ്മുടെ എല്ലാവരുടെയും സുവിശേഷപ്രഘോഷണ ദൗത്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുക. എല്ലാവരും ആത്യന്തികമായി അറിഞ്ഞോ, അറിയാതെയോ ക്രിസ്തുവിനായി ദാഹിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ പറ്റിയുള്ള അവബോധം സുവിശേഷവല്‍ക്കരണത്തിന് ധൈര്യവും, പ്രചോദനവും പകരും, ആര്‍ച്ചുബിഷപ്പ് വിശ്വാസികളെ അനുസ്മരിപ്പിക്കുന്നു. അടുത്തയിട പ്രസിദ്ധീകരിച്ച ഒരു ഇടയലേഖനത്തിലാണ് നവസുവിശേഷവല്‍ക്കരണ പ്രക്രിയയിലെ അല്മായ പങ്കാളിത്തത്തിന്‍െറ പ്രാധാന്യവും, ആവശ്യകതയും ആര്‍ച്ചുബിഷപ്പ് ഹൊസേ ഗോമസ് ചൂണ്ടിക്കാട്ടിയത്.







All the contents on this site are copyrighted ©.