2010-02-16 16:33:44

ദൈവവിളിക്കായുള്ള നാല്പത്തിയേഴാം ലോകപ്രാര്‍ത്ഥനാദിനത്തിനായുള്ള പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു.


  ദൈവവിളിക്കായുള്ള നാല്പത്തിയേഴാം ലോകപ്രാര്‍ത്ഥനാദിനത്തിനായുള്ള പാപ്പായുടെ സന്ദേശം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. സാക്ഷൃം ദൈവവിളിയെ ഉണര്‍ത്തുന്നു എന്ന പരിചിന്തനവിഷയത്തില്‍ കേന്ദ്രീകൃതമാണ് പാപ്പായുടെ ആ സന്ദേശം. ദൈവിളി പരിപോഷിപ്പിക്കുവാനുള്ള നമ്മുടെ പ്രയത്നങ്ങളുടെ ഫലദായകത്വം ദൈവത്തിന്‍െറ സ്വതന്ത്രമായ പ്രവര്‍ത്തനത്തെയാണ് പ്രഥമമായി ആശ്രയിച്ചിരിക്കുന്നതെന്ന് പറയുന്ന പരിശുദ്ധ പിതാവ് സന്ദേശത്തില്‍ തുടരുന്നു- എന്നാല്‍ ശുശ്രൂഷാ പൗരോഹിത്യത്തിലേയ്ക്കും സമര്‍പ്പിത ജീവിതത്തിലേയ്ക്കുമുള്ള കര്‍ത്താവിന്‍െറ വിളി സ്വീകരിച്ചവരുടെ വ്യക്തിപരവും സമൂഹ്യപരവുമായ സാക്ഷൃത്തിന്‍െറ ആഴവും, മേന്മയും അതിനെ സ്വാധീനിക്കുന്നുവെന്ന് അജപാലനാനുഭവങ്ങള്‍ സ്ഥിരീകരിക്കുന്നു. കാരണം ക്രിസ്തുവിന്‍െറ ആഹ്വാനത്തോട് ഉദാരതയോടെ പ്രതികരിക്കുവാനുള്ള ആഗ്രഹം മറ്റുള്ളവരില്‍ അങ്കുരിപ്പിക്കുവാന്‍ അവരുടെ സാക്ഷൃത്തിന് സാധിക്കും. അതിനാല്‍ തങ്ങളുടെ വിശ്വസ്തയുള്ള പ്രതികരണം നവീകരിക്കുവാന്‍ തന്‍െറ വയലിലേയ്ക്ക് കര്‍ത്താവ് വിളിച്ച എല്ലാവരെയും ഞാന്‍ ആഹ്വാനം ചെയ്യുന്നു. പ്രഘോഷിക്കുന്ന സന്ദേശത്തിന് സ്വജീവിതം കൊണ്ട് സാക്ഷൃം വഹിക്കുവാന്‍ തങ്ങള്‍ വിളിക്കപ്പെടുകയാണെന്ന് അറിഞ്ഞിരുന്ന പഴയ നിയമത്തിലെ പ്രവാചകന്മാര്‍ തെറ്റിദ്ധാരണകളും, തിരസ്ക്കരണങ്ങളും, പീഡനങ്ങളും സഹിക്കുവാന്‍ സന്നദ്ധരായിരുന്നു. സമയത്തിന്‍െറ പൂര്‍ണ്ണതയില്‍ പിതാവിനാല്‍ അയക്കപ്പെട്ട യേശു ഒരു വിവേചനവും കൂടാതെ എല്ലാവരുടെയും മുന്‍പില്‍ പ്രത്യേകിച്ച് ഏറ്റം ചെറിയവരുടെയും, പാപികളുടെയും, പാവപ്പെട്ടവരുടെയും, പുറംത്തള്ളപ്പെട്ടവരുടെയും മുന്‍പില്‍ പിതാവായ ദൈവത്തിന്‍െറ സ്നേഹത്തിന് സാക്ഷൃം വഹിച്ചു. ആദിമസഭയിലെ അപ്പസ്തോലന്മാരുടെ സാക്ഷൃത്തിന്‍െറ ഭാവാത്മകമായ പ്രതികരണങ്ങള്‍ക്ക് സമാനമായ അനുഭവങ്ങള്‍ സഭയില്‍ ഇന്നും സംഭവിക്കുന്നു. ദൈവജനത്തിന്‍െറ സേവനാര്‍ത്ഥമുള്ള ശുശ്രൂഷാപൗരോഹിത്യത്തിലേയ്ക്കും, സന്ന്യസ്ത ജീവിതത്തിലേയ്ക്കുമുള്ള പുതിയ ദൈവവിളികള്‍ ഉണര്‍ത്തുന്നതിന് തങ്ങളുടെ ദൗത്യത്തോട് വിശ്വസ്തരായ വൈദികരുടെയും, സന്ന്യസ്തരുടെയും സാക്ഷൃത്തെ കര്‍ത്താവ് ഉപയോഗിക്കുന്നു. പൗരോഹിത്യത്തിലേയ്ക്കും, സന്ന്യസ്തജീവിതത്തിലേയ്ക്കും ഉള്ള എല്ലാ ദൈവവിളിയിലും കാണുന്ന മൗലികമായ ഒരു ഘടകമാണ് ക്രിസ്തുവുമായുള്ള സൗഹൃദം. തുടര്‍ന്ന് പാപ്പാ, പൗരോഹിത്യ സന്നസ്ത്യജീവിതത്തിലെ ദൈവത്തിനായുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവും, കൂട്ടായ്മയുടെ സവിശേഷതയും സന്ദേശത്തില്‍ വിശദീകരിക്കുന്നു.







All the contents on this site are copyrighted ©.