2010-02-13 09:36:27

നിലവിലുള്ള ലൗകികവത്ക്കരണ പ്രക്രിയയെ നേരിടുന്നതിന് കെട്ടുറപ്പുള്ളതും അനുരഞ്ജിതവുമായ ഒരു സമൂഹനിര്‍മ്മിതിയിലൂടെ നിര്‍ണ്ണായക സംഭാവനയേകാന്‍ സഭ സദാ അഭിലഷിക്കുന്നു - പാപ്പാ


(12/02/2010 വത്തിക്കാന്‍) പരീക്ഷണങ്ങളുടെയവസരത്തില്‍ വലിയ വില കൊടുത്ത് സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്തിയ കത്തോലിക്ക കുടുംബങ്ങള്‍ പോലും ഇന്ന് ഭ്രൂണഹത്യ, അഴിമതി, മദ്യം, മയക്കുമരുന്ന്, മാനവാന്തസ്സിന് നിരക്കാത്ത രീതികളവലംബിച്ചുള്ള കൃത്രിമ ജനന നിയന്ത്രണം എന്നീ വ്യാധികളുടെ പിടിയിലാണെന്ന് മാര്‍പാപ്പാ. ഈ വെല്ലുവിളികളെ ജയിക്കണമെങ്കില്‍ ദാമ്പത്യ-കുടുംബ ജീവിതത്തിനുചിതമായ പരിശീലനമേകാന്‍ കഴിവുറ്റവരെ വാര്‍ത്തെടുക്കാന്‍ ഇടവകതലത്തില്‍ ശ്രമങ്ങള്‍ നടക്കേണ്ടതിന്‍റെ അനിവാര്യത ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ചൂണടിക്കാട്ടി. മെത്രാന്മാര്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആദിലിമിന സന്ദര്‍ശനത്തിന്‍റെ ഭാഗമായി വത്തിക്കാനിലെത്തിയ റൊമേനിയാക്കാരായ മെത്രാന്മാരെ ഫെബ്രുവരി 12 ന്, വെള്ളിയാഴ്ച, പൊതുവായി സ്വികരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പാ. നിലവിലുള്ള ലൗകികവത്ക്കരണ പ്രക്രിയയെ നേരിടുന്നതിന് കെട്ടുറപ്പുള്ളതും അനുരഞ്ജിതവുമായ ഒരു സമൂഹനിര്‍മ്മിതിയിലൂടെ നിര്‍ണ്ണായക സംഭാവനയേകാന്‍ സഭ സദാ അഭിലഷിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. പൗരോഹിത്യ-സന്യസ്ത ദൈവവിളികളെപ്പറ്റി പരാമര്‍ശിച്ച പാപ്പാ, ദൈവവിളി പരിപോഷണം പ്രഥമത: മെത്രന്മാരുടെ കടമയാണെന്നോര്‍മ്മിപ്പിച്ചു. വൈദിക-സമര്‍പ്പിത ജീവിത ദൈവവിളികളുടെ സമൃദ്ധി നല്ലൊരു പങ്കും ആശ്രയിച്ചിരിക്കുന്നത് ക്രിസ്തീയ കുടുംബങ്ങളുടെ മെച്ചപ്പെട്ട മത ധാര്‍മ്മികാവസ്ഥയെയാണെന്ന് ഉദ്ബോധിപ്പിച്ചു. ക്രൈസ്തവരുടെ ഐക്യത്തിന്‍റെ പ്രധാന്യവും പാപ്പാ ഊന്നിപ്പറഞ്ഞു. ഈ ഐക്യം പ്രധാനമായും പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നും,കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകളുടെ ഭ്രാതൃനിര്‍വ്വിശേഷ സാക്ഷൃം അതീവ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. യൂറോപ്പിന്‍റെ ക്രിസ്തീയ പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കുന്നതിലും, കുടുംബം,ജൈവധാര്‍മ്മികത,മനുഷ്യാവകാശങ്ങള്‍,പരിസ്ഥിതി, സത്യസന്ധത എന്നിവയ്ക്ക് സാക്ഷൃമേകുന്നതിലും കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ക്ക് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അത് സുപ്രധാനമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.







All the contents on this site are copyrighted ©.