2010-02-12 15:39:38

സഹനത്തോടും സഹനത്തിന് വിധേയരായവരോടുമുള്ള വ്യക്തികളുടെയും സമൂഹത്തിന്‍െറയും ബന്ധമാണ്, മാനവികതയുടെ അളവുകോലെന്ന്. പാപ്പാ പറയുന്നു


സഹനത്തോടും സഹനത്തിന് വിധേയരായവരോടുമുള്ള വ്യക്തികളുടെയും സമൂഹത്തിന്‍െറയും ബന്ധമാണ്, മാനവികതയുടെ അളവുകോലെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മുന്നറിയിപ്പ് നല്‍കുന്നു. പതിനെട്ടാം ലോകരോഗീദിനവും, ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ഇരുപത്തിയഞ്ചാം സ്ഥാപനവാര്‍ഷികവും പ്രമാണിച്ച് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തവെയാണ് പാപ്പാ ആ മുന്നറിയിപ്പ് നല്‍കിയത്. യേശു തന്‍െറ പരസ്യജീവിതത്തില്‍ ദൈവവചനം പ്രഘോഷിക്കുകയും, ദൈവരാജ്യസാമീപ്യത്തിന്‍െറ വാചാല തെളിവായ രോഗസൗഖ്യം നല്‍കുകയും ചെയ്തെന്ന് സുവിശേഷത്തില്‍ നാം വായിക്കുന്നു. “അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും, രാജ്യത്തിന്‍െറ സുവിശേഷം പ്രസംഗിച്ചും, ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു” (വി..മത്തായി 4/23). ക്രിസ്തുവിന്‍െറ ദൗത്യം എല്ലായിടത്തും, എല്ലാക്കാലത്തും തുടരുവാന്‍ നിയുക്തയായിരിക്കുന്ന സഭയ്ക്ക് ആ രണ്ടു ഉത്തരവാദിത്വങ്ങള്‍ - സുവിശേഷവല്‍ക്കരണവും, ശരീരത്തിലും ആത്മാവിലും രോഗബാധിതരായവരുടെ സംരക്ഷണവും അവഗണിക്കാനാവില്ല.. പരിശുദ്ധ പിതാവ് തുടര്‍ന്നു- വ്യക്തികളുടെ സമഗ്രമായ സൗഖ്യമാണ് ദൈവം ആഗ്രഹിക്കുക. ശാരീരികസൗഖ്യം ആഴമായ മറ്റൊരു സൗഖ്യത്തിന്‍െറ - അതായത് പാപം പൊറുക്കപ്പെടുന്നതിന്‍െറ അടയാളമാണ്. സഭയുടെ മാതാവും, മാതൃകയുമായ പരിശുദ്ധ കന്യകാമറിയം രോഗികളുടെ ആരോഗ്യം എന്ന അഭിധാനത്താല്‍ വിളിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. തന്‍െറ സുതന്‍െറ പ്രഥമവും, പൂര്‍ണ്ണയുമായ ശിഷ്യയെന്ന നിലയില്‍ സഭയോടെത്തുള്ള സഹയാത്രയില്‍ അവള്‍ വേദനിക്കുന്നവരോട് സവിശേഷ ഔല്‍സുക്യം പ്രകടിപ്പിക്കുന്നു. മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്രിസ്തുവിന്‍െറ അമ്മയുടെ നാമം വിളിച്ചപേക്ഷിക്കുകയും, അവളില്‍ ശക്തിയും ആശ്വാസവും കണ്ടെത്തുകയും ചെയ്യുന്ന പതിനായിരങ്ങള്‍ അതിന്‍െറ തെളിവാണ്. തന്‍െറ ഇളയമ്മയായ വിശുദ്ധ എലിസബത്തിനെ സന്ദര്‍ശിച്ച് അവളെ ശുശ്രൂഷിക്കുന്ന മറിയം, കരുതലും ശ്രദ്ധയും ആവശ്യമായിരിക്കുന്ന ജീവിതത്തിന് സഭയേകുന്ന സംരക്ഷണത്തെ മുന്‍കുട്ടി അവതരിപ്പിക്കുകയാണ് .രോഗികളോടുള്ള തന്‍െറ ഔല്‍സുക്യം സവിശേഷമാം വിധം കാട്ടുന്നതിന് കന്യകാംബിക തെരഞ്ഞെടുത്ത ലൂര്‍ദ്ദിലെ അവളുടെ പ്രത്യക്ഷീകരണത്തിന്‍െറ സ്മരണയാചരിക്കുന്ന ഇന്നത്തെ ദിവ്യബലിയില്‍ അവളുടെ സ്തോത്രഗീതം മാറ്റെലി കൊള്ളുന്നു. രക്ഷാകരചരിത്രത്തിലെ ദൈവത്തിന്‍െറ അത്ഭുതങ്ങള്‍ പ്രകീര്‍ത്തിക്കുന്നതാണ് ആ ഗീതം. ലൗകികസമ്പത്താല്‍ അനുഗ്രഹിപ്പെട്ടവരുടെ, ആയാസരഹിതമായ ജീവിതം നയിക്കുന്നവരുടെ അല്ല ആ ഗീതം. മറിച്ച് ജീവിതത്തിന്‍െറ പരാധീനതകള്‍ അനുഭവിക്കുന്നവരുടെ അതെസമയം ദൈവത്തിന്‍റ രക്ഷാകരപ്രവര്‍ത്തനങ്ങളില്‍ പ്രത്യാശ വയ്ക്കുന്നവരുടെ കൃതഞ്താസ്തോത്രഗീതമാണത്. തങ്ങളുടെ ആശകളും അഭിലാക്ഷങ്ങളും ദൈവത്തില്‍ അര്‍പ്പിക്കുന്ന, പരിശുദ്ധകന്യകയെപോലെ ആവശ്യത്തിലിരിക്കുന്നവര്‍ക്ക് സഹായഹസ്തമേകുന്നവരുടെ വിശ്വാസമാണ് അതില്‍ ധ്വനിക്കുക. സഭയുടെ മാതൃത്വം ദൈവത്തിന്‍െറ ഔല്‍സുക്യപൂര്‍വ്വകമായ സ്നേഹത്തിന്‍െറ പ്രതിഫലമാണ്. വേദനയുടെ നിമിഷങ്ങളില്‍ വിരോധാഭാസമെന്നോണം അതോടെപ്പം സന്നിഹിതമായ ആശ്വാസവും ആനന്ദവും അനുഭവവേദ്യമാക്കുന്ന, വാക്കുകള്‍ കുടാതെ സംസാരിക്കുന്ന മാതൃത്വമാണ് അവളുടേത്. മറിയത്തെപോലെ ചരിത്രത്തിലെ തീര്‍ത്ഥാടനവേളയില്‍ സഭ അവളുടെ ഹൃദയത്തില്‍ മനുഷ്യന്‍െറ ജീവിതനാടകീയതയും, ദൈവത്തിന്‍െറ ആശ്വാസവും സംവഹിക്കുന്നു. വേദനിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോള്‍, വേദനയെ അംഗീകരിക്കുമ്പോള്‍ സഹനത്തെ വിസ്മരിക്കാത്ത എന്നാല്‍ അതിനെ മനസ്സിലാക്കുന്ന ഒരുതരം ആനന്ദം അനുഭവവേദ്യമാകും. അതിനാല്‍ രോഗികളും സഹനവിധേയരും സഭയില്‍ പരിഗണനയുടെയും പരിചരണത്തിന്‍െറയും സ്വീകര്‍ത്താക്കള്‍ മാത്രമല്ല, പ്രത്യുത വിശ്വാസത്തിന്‍െറയും പ്രത്യാശയുടെയും തീര്‍ത്ഥാടനത്തിന്‍െറ വക്താക്കളും, ക്രിസ്തുവിന്‍െറ കുരിശില്‍നിന്നും പുഷ്പിക്കുന്ന സ്നേഹത്തിന്‍െറയും ആനന്ദത്തിന്‍െറയും സാക്ഷികളും കൂടിയാണ്.







All the contents on this site are copyrighted ©.