2010-02-10 11:38:43

റാഞ്ചി അതിരൂപതയില്‍ സഭാസ്നേഹത്തെ അധികരിച്ച് ഒരു സിനഡ് ചൊവ്വാഴ്ച ആരംഭിച്ചു.


സഭാസ്നേഹത്തെ അധികരിച്ച് ഒരു സിനഡ് ചൊവ്വാഴ്ച റാഞ്ചി അതിരൂപതയില്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ടു. ആ കര്‍മ്മം നിര്‍വഹിച്ച റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തെലേസ്ഫോറേ തോപ്പോ ഛോട്ടാനാഗ്പ്പൂരിലെ സഭാജീവിതത്തിലെ ഏറ്റവും സുപ്രധാനസംഭവമായി അതിനെ വിശേഷിപ്പിച്ചു. അതിരൂപതയിലെ വിശ്വാസികളുടെ, സമൂഹത്തിന്‍െറ നവീകരണത്തിനായി ദൈവം തന്നെ തെരഞ്ഞെടുത്തു ക്രമീകരിച്ച ഒരുഅവസരമാണ് സിനഡ്, അദ്ദേഹം ഉല്‍ഘാടനപ്രഭാഷണത്തില്‍ പ്രസ്താവിച്ചു. മിഷ്യനറിമാര്‍ ആദ്യം നമ്മുടെ പ്രദേശത്ത് വന്നപ്പോള്‍ മുന്‍ണ്ടാസ്, ഹോസ്, ഓറാനോസ്, കാറിയാസ് തുടങ്ങിയ വര്‍ഗത്തില്‍ പെട്ട നമ്മുടെ പൂര്‍വികരായ ആദിവാസികള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായിരുന്നു. ജനതയല്ലാത്ത ഒരു ജനതയായിരുന്നു. ശബ്ദമില്ലാത്ത ജനതയായിരുന്നു. ജന്മികളാല്‍ അടിച്ചമ്മര്‍ത്തപ്പെട്ട ജനതയായിരുന്നു. എന്നാല്‍ യേശുവിനെ സ്വീകരിച്ചപ്പോള്‍ അവര്‍ ദൈവത്തിന്‍െറ ജനതയായി. ശബ്ദമുള്ള, ആത്മവിശ്വാസമുള്ള ജനതയായി രൂപാന്തരപ്പെട്ടു. നാം ക്രിസ്തുവിന്‍െറ ഏക ശരീരത്തിലെ അവയവങ്ങളാണ്. ആ ബോദ്ധ്യം എത്രമാത്രം നമ്മില്‍ രൂഢമൂലമാകുമോ അതിന് ആനുപാതികമായിരിക്കും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുവാനുള്ള നമ്മുടെ പ്രതിബദ്ധത. ഇന്ന് നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം നമ്മുടെയിടയിലെ ഐക്യത്തിന്‍െറ അപര്യാപതയാണ്. നമ്മുടേത് ആഴമായി ഐക്യപ്പെട്ടതും, ശിക്ഷണമുള്ളതുമായ ഒരു സമൂഹമായിരിക്കണം, കര്‍ദ്ദിനാള്‍ കൂട്ടിചേര്‍ത്തു. ഒന്‍പതാം തീയതി ആരംഭിച്ച അതിരൂപതാസിനഡ് പതിമൂന്നാം തീയതിവരെ നീളും.







All the contents on this site are copyrighted ©.