2010-02-10 16:38:23

അമേരിക്കന്‍ ഐക്യനാടുകളിലെ ഇവാഞ്ചലിക്കല്‍ ലൂതറന്‍ സഭാപ്രതിനിധി സംഘം വത്തിക്കാനില്‍.


കത്തോലിക്കരും, ലൂതറന്‍സഭാവിഭാഗക്കാരും തമ്മിലുള്ള പ്രത്യേകിച്ച്, സുവിശേഷസേവനത്തിലെ പ്രായോഗിക സംയുക്തപ്രവര്‍ത്തനത്തിലെ ആഴപ്പെടുന്ന വളര്‍ച്ച തന്‍െറ സ്ഥാനാരോഹണത്തിന്‍െറ ആരംഭം മുതല്‍ തനിക്ക് പ്രോത്സാഹനകാരണമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ഇവാഞ്ചലിക്കല്‍ ലൂതറന്‍ സഭയുടെ ഒരു പ്രതിനിധിസംഘത്തെ ബുധനാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു അഭിസംബോധനചെയ്യവെയാണ് പാപ്പാ അതു പറഞ്ഞത്. കത്തോലിക്കാ ലൂതറന്‍ ബന്ധത്തെ പോപ്പു ജോണ്‍ പോള്‍ രണ്ടാമന്‍ UT UNUM SINT അവര്‍ ഒന്നായിരിക്കാന്‍ വേണ്ടി എന്ന ചാക്രീയലേഖനത്തില്‍ വീണ്ടും കണ്ടെത്തപ്പെട്ട സഹോദരത്വം എന്ന് വിശേഷിപ്പിക്കുന്നതിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു - നാം ഇതുവരെ എത്തിചേര്‍ന്ന തീരുമാനങ്ങളുടെ ചുവടുപിടിച്ചാണ് അമേരിക്കന്‍ ഐക്യനാടുകളിലെയും, അന്താരാഷ്ട്രതലങ്ങളിലെയും സംവാദങ്ങള്‍ മുന്നേറുന്നതെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതുപോലെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം വളരെ പ്രതീക്ഷയ്ക്ക് വകനല്‍കിക്കൊണ്ട് ആരംഭിച്ച ലൂതറന്‍കത്തോലിക്കാ സംഭാഷണത്തിന്‍െറ ഫലങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയും ആവശ്യമാണ്. ഇതുവരെ നേടിയെടുത്തിട്ടുള്ളതിന്‍െറ അടിസ്ഥാനത്തില്‍ നമ്മുടെ ബന്ധം കെട്ടിപടുക്കുന്നതിന്, ആഴമായ പ്രാര്‍ത്ഥനയിലും, കൃപാവരത്തിന്‍െറയും സത്യത്തിന്‍െറയും ഉറവിടമായ ക്രിസ്തുവിലേയ്ക്കുള്ള മാനസാന്തരത്തിലും അധിഷ്ഠിതമായ. ആത്മീയതയുള്ള സഭൈക്യപ്രസ്ഥാനം ആവശ്യമാണ്. ഇതുവരെ നേടിയവയെ വിലമതിക്കുവാനും, അതിനെ സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും കര്‍ത്താവ് നമ്മെ സഹായിക്കട്ടെ.

 







All the contents on this site are copyrighted ©.