2010-02-08 07:17:29

നീതിയിലേക്ക് പ്രവേശിക്കണമെങ്കില്‍ സ്വയംപര്യാപ്തതയുടേതായ വ്യാമോഹത്തില്‍നിന്ന് മനുഷ്യന്‍ പുറത്തുകടക്കേണ്ടിയിരിക്കുന്നു - പാപ്പാ.


( 04/02/2010 വത്തിക്കാന്‍ ) നീതിയിലേക്ക് പ്രവേശിക്കണമെങ്കില്‍ സ്വയംപര്യാപ്തതയുടേതായ വ്യാമോഹത്തില്‍നിന്ന് മനുഷ്യന്‍ പുറത്തുകടക്കേണ്ടിയിരിക്കുന്നുവെന്നും ഹൃദയവിമോചനം ആവശ്യമാണന്നും ഈ വിമോചനത്തിന്‍റെ സാക്ഷാത്ക്കാരം നിയമത്തിന് തനിച്ചു സാധ്യമല്ലെന്നും ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഇക്കൊല്ലത്തെ തന്‍റെ നോമ്പുകാല സന്ദേശത്തില്‍ ഉദ്ബോധിപ്പക്കുന്നു. പാപ്പായുടെ ഈ നോമ്പുകാല സന്ദേശം ഫെബ്രുവരി നാലാം തിയതിയാണ് പ്രകാശിതമായത്. വത്തിക്കാനില്‍, പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസില്‍ അന്ന് നടന്ന പ്രകാശനച്ചടങ്ങില്‍ "കോര്‍ ഊനും" ( Cor Unum Pontifical Council ) പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പോള്‍ യൂസഫ് കോര്‍ദെസ് ( Card.Paul Josef Cordes) ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ ജ്യാംപീയെത്രൊ ദല്‍ തോസൊ ( Giampietro Dal Toso ), യൂറോപ്യന്‍ പാര്‍ലിമെന്‍റിന്‍റെ മുന്നദ്ധ്യക്ഷന്‍ ഡോ.ഹാന്‍സ് ഗെര്‍ട്ട് പോട്ടെറിംഗ് (Dr.Hans Gert Pottering) എന്നിവര്‍ സംസാരിച്ചു. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനം മൂന്നാം അദ്ധ്യായത്തിലെ 21,22 വാക്യങ്ങളെ അവലംബമാക്കി രൂപപ്പെടുത്തിയ, "ദൈവ നീതി ക്രിസ്തുവിലുള്ള വിശ്വാസം വഴി ആവിഷ്കൃതമായി" എന്ന പ്രമേയത്തില്‍ കേന്ദ്രീകൃതമാണ് ഈസന്ദേശം. നോമ്പുകാലം, സുവിശേഷപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ നമ്മുടെ ജീവിതത്തെ ആത്മാര്‍ത്ഥമായ പുനപരിശോധനയ്ക്ക് വിധേയമാക്കാന്‍ സഭ അനുവര്‍ഷം നമ്മ‍െ ക്ഷണിക്കുന്ന അവസരമാണെന്ന് പാപ്പാ തന്‍റെ സന്ദേശത്തിന്‍റെ ആരംഭത്തില്‍ അനുസ്മരിക്കുന്നു. തുടര്‍ന്ന് പാപ്പാ നീതിയുടെ അര്‍ത്ഥം, എന്താണ് അനീതി, ദൈവനീതിയായ ക്രിസ്തു എന്നിവയെപ്പറ്റി പരാമര്‍ശിക്കുന്നു. ഒരുവനവകാശപ്പെട്ടത് അവന് നല്കുകയാണ് നീതിയെന്ന, മൂന്നാം നൂറ്റാണ്ടിലെ റോമന്‍ നിയമജ്ഞനായിരുന്ന " ഉല്‍പിയാനൊ " (Ulpiano) യുടെ നിര്‍വചനത്തെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് പാപ്പാ, ആ നിര്‍വചനം മനുഷ്യവ്യക്തിക്കവകാശപ്പെട്ടതെന്താണെന്ന് കൃത്യമായി പറയുന്നില്ലയെന്ന് വ്യക്തമാക്കുന്നു. മനുഷ്യന് ഏറ്റം ആവശ്യമായതെന്താണൊ അതുറപ്പുനല്കാന്‍ നിയമത്തിനാകില്ലയെന്നും ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുന്നതിന് മനുഷ്യന് ഏറ്റം ദൃഢബദ്ധമായ എന്തൊ ഒന്നിന്‍റെ ആവശ്യമുണ്ടെന്നും അതാകട്ടെ സൗജന്യമായി നല്കപ്പെടേണടതാണെന്നും പാപ്പാ വിശദീകരിക്കുന്നു. മനുഷ്യന്‍ ജീവിക്കുന്നത് ദൈവത്തിനുമാത്രം സംവേദനം ചെയ്യാന്‍ കഴിയുന്ന സ്നേഹത്താലാണെന്ന് പറയാമെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. അനീതിയെപ്പ‌റ്റി പരാമര്‍ശിക്കുന്ന പാപ്പാ, അനീതി പുറപ്പെടുന്നത് മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നാണെന്നും, നീതിയിലേക്ക് കടക്കണമെങ്കില്‍ സ്വയംപര്യാപ്തതയുടേതായൊരു വ്യാമോഹത്തില്‍ നിന്ന് പുറത്തുകടക്കേണടിയിരിക്കുന്നുവെന്നും, ഹൃദയത്തിന്‍റെ ഒരു മോചനം ഇവിടെ ആവശ്യമാണെന്നും ഇത് സാധ്യമാക്കാന്‍ നിയമത്തിന് തനിച്ചാകില്ലെന്നും ഉദ്ബോധിപ്പിക്കുന്നു.







All the contents on this site are copyrighted ©.