2010-02-08 20:44:38

കടലിലും തീരങ്ങളിലും
ജോലിചെയ്യുന്നവരോടുള്ള
അജപാലന സ്നേഹം


 8 ഫെബ്രവരി 2010
കപ്പല്‍ ജീവനക്കാരുടെ അജപാലനത്തെ അധികരിച്ച് (Apostolate of the Mariners International) പ്രവര്‍ത്തിക്കുന്നവരുടെ സമ്മേളനം ഫെബ്രുവരി 8, 9 തിയതികളിലും, മത്സ്യത്തൊഴിലാളികളുടെ അജപാലന മേഖലയില്‍ സേവനംചെയ്യുന്നവരുടെ (International Committee for Fishermen)
സമ്മേളനം ഫെബ്രുവരി 10-നും റോമില്‍ നടക്കുന്നു. കുടിയേറ്റക്കാരുടേയും യാത്രികരുടേയും
അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് (Pontifical Council for the Pastoral Care of Migrants and Itinerant people) ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. കപ്പല്‍ ജീവനക്കാരുടെ അജപാലന കാര്യസംബന്ധിയായ സംഘടനയുടെ 90-ാമത്തെ വാര്‍ഷികത്തോടനുബന്ധിച്ചു റോമില്‍ നടക്കുന്ന സമ്മേളനത്തില്‍ കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരീയ വേലിയോ അദ്ധ്യക്ഷനായിരിക്കും. 2010-ാമാണ്ട് കടലില്‍ ജോലിചെയ്യുന്നവരുടെ വര്‍ഷമായി
(2010 : Year of the Maritime) ആചരിക്കണമെന്ന അന്തര്‍ദേശിയ സമുദ്ര-തീര തൊഴിലാളി കൗണ്‍സിലിന്‍റെ (Council of the International Maritime Organization) തീരുമാനത്തോട് ചേര്‍ന്നുനിന്നുകൊണ്ടാണ് മത്സ്യത്തൊഴിലാളികളുടേയും കടലില്‍ ജോലിചെയ്യുന്നവരുടേയും അജപാലനത്തെ അധികരിച്ചു പ്രവര്‍ത്തിക്കുന്നവരുടെ സമ്മേളനവും ഫെബ്രവരി 10-ന് റോമില്‍ നടത്തപ്പെടുന്നത്. സമ്മേളനത്തില്‍
ഈ കൗണ്‍സിലിന്‍റെതന്നെ കാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് അഗുസ്തീനോ മെര്‍ക്കേത്തോ അദ്ധ്യക്ഷത വഹിക്കും.

മാസങ്ങളും വര്‍ഷങ്ങളും ജോലിസംബന്ധമായി നാടും വീടുംവിട്ട് കടലില്‍ കഴിയുന്നവരുടേയും, ഉപജീവനത്തിനായി ജീവന്‍ അപകടപ്പെടുത്തിയും രാവും പകലും കടലുമായി മല്ലടിക്കുന്ന തൊഴിലാളികളുടേയും മാനസ്സികവും ശാരീരികവുമായ ക്ലേശങ്ങള്‍, സുരക്ഷിതത്വ പ്രശ്നങ്ങള്‍, അവരുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്നിവയെക്കുറിച്ച് ഈ സമ്മേളനങ്ങള്‍ വിശദമായി പഠിച്ച് പരിഹാരങ്ങള്‍ തേടുമെന്ന്, കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് അഗസ്തീനോ മെര്‍ക്കേത്തോ റോമില്‍ പറഞ്ഞു. 1920-ല്‍ ഒക്ടോബര്‍ 4-ാ തിയതി ഇംഗ്ലണ്ടിലെ ഗ്ലാസ്ക്കോ എന്ന സ്ഥത്തുവച്ചാണ് ആദ്യമായി കത്തോലിക്കരായ കടല്‍ യാത്രികരുടെ ഒരു സംഘടനയ്ക്ക് (Apostolate of Mariners) ഈശോസഭാംഗമായ ബ്രദര്‍ ഡാനിയേല്‍ ഷീല്‍ഡ്സ്, പീറ്റര്‍ ആന്‍സന്‍, ആര്‍തര്‍ ഗാനണ്‍ എന്നിവര്‍ചേര്‍ന്ന് രൂപംകൊടുത്തത്. ഈ മനുഷ്യര്‍ ഒരിക്കലും വിചാരിച്ചുകാണുകയില്ല തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു ശേഷവും മത്സ്യത്തൊഴിലാളികളുടേയും കപ്പലിലും തുറമുഖങ്ങളിലുമായി ജോലി ചെയ്യുന്നവരുടേയും, അവരുടെ കുടുംബങ്ങളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുവാന്‍ ലോകത്തിന്‍റ എട്ട് വ്യത്യസ്ത പ്രവിശ്യകളില്‍നിന്നായി രൂപംകൊണ്ട ഒരു സംഘടന റോമില്‍ സമ്മേളിക്കുമെന്ന്. സാഗര താരമായ മറിയം, യേശുവിന്‍റെ അമ്മ, കടലിലും കടല്‍ത്തീരങ്ങളിലും ജോലിചെയ്യുന്നവര്‍ക്കും യാത്രചെയ്യുന്നവര്‍ക്കും തുണയും സംരക്ഷകയുമാവട്ടെ!







All the contents on this site are copyrighted ©.