2010-02-06 16:02:20

അയല്‍ക്കാരായാല്‍പ്പോരാ സഹോദങ്ങളാകണമെന്ന്
ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ പ്രതിനിധി


5 ഫെബ്രുവരി 2010
ആഗോളവത്കൃതമായ മാനവസമൂഹം ആധുനിക സൗകര്യങ്ങളില്‍ വളര്‍ന്ന് ജീവിതമേഖലകളില്‍ അയല്‍ക്കാരാകുന്നതേയുള്ളൂ സഹോദരങ്ങളായിത്തീരുന്നില്ലെന്ന്, ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരംപ്രതിനിധി, ആര്‍ച്ചുബിഷപ്പ് ചെലെസ്തിയോ മീലിയോരെ അഭിപ്രായപ്പെട്ടു. നൂയോര്‍ക്കില്‍ ഫെബ്രുവരി 4 മുതല്‍ നടക്കുന്ന യുഎന്നിന്‍റെ സാമൂഹ്യ വികസനത്തിനുള്ള കമ്മിഷന്‍റെ “സമഗ്രമായ മാനവിക പുരോഗതി” എന്ന വിഷയം അധികരിച്ചുള്ള 48-ാമത് കാര്യനിര്‍വ്വാഹക സമിതിയെ അഭിസംബോധനചെയ്യുകയായിരുന്ന അദ്ദേഹം. 'സമഗ്രമായ സാമൂഹ്യപുരോഗതി' എന്ന വിഷയം ചര്‍ച്ചചെയ്യുന്ന സമിതിക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നതോടൊപ്പം, ഭീതിയുണര്‍ത്തുന്ന ഏറെ വെല്ലുവിളികള്‍ ഇന്ന് ഈ മേഖലയിലുണ്ടെന്നും ആര്‍ച്ചുബിഷപ്പ് മീലിയോരെ സമ്മേളനത്തോടു പറഞ്ഞു. ആധുനീക മനുഷ്യന്‍റെ നവമായ കണക്കുകൂട്ടലുകള്‍ സാദ്ധ്യമാക്കുന്നതിന് പുത്തന്‍ മാനവികതയ്ക്കുവേണ്ടിയുള്ള വിദഗ്ധരുടെ ആഴമുള്ള ചിന്തകളും പഠനങ്ങളും ആവശ്യമാണ്, എന്നാല്‍ അതോടൊപ്പം വ്യക്തികള്‍ക്കും ജനതകള്‍ക്കുമിടയിലുള്ള സാഹോദര്യത്തിന്‍റേയും സൗഹൃദത്തിന്‍റേയും ബന്ധങ്ങള്‍ വളര്‍ത്തുന്ന ഒരു മാനവിക പുരോഗതിക്കായിട്ടാണ് പരിശ്രമിക്കേണ്ടതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു. മാനവികതയുടെ സമഗ്രപുരോഗതിക്കായി, വിശിഷ്യാ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ രാഷ്ട്രങ്ങള്‍ ക്രമീകരിക്കുന്ന പൊതുവായ പരിപാടികള്‍ക്കൊപ്പം വിശ്വാസ സംഘടനകളുടെ നിസ്തുല സേവനങ്ങള്‍ എപ്പോഴും കണക്കിലെടുക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് മീലിയോരെ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.







All the contents on this site are copyrighted ©.