2010-02-04 17:20:38

വൈദികവത്സര പരിപാടി -
വേളാങ്കണ്ണിയില്‍ ആത്മീയസംഗമം


ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (Conference of the Catholic Bishops of India) ആഭിമുഖ്യത്തില്‍ പരിശുദ്ധ ദേവമാതാവിന്‍റെ അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ വേളാങ്കണ്ണിയില്‍ വൈദികരുടെ ദേശീയതലത്തിലുള്ള ആത്മീയസംഗമം ഫെബ്രുവരി 9 മുതല്‍ 11-വരെ തിയതികളില്‍ നടക്കും. ഭാരതത്തിലെ വിവിധ രൂപതകളില്‍നിന്നായി 1000-ല്‍പരം വൈദികര്‍ വേളിങ്കണ്ണിയില്‍ നടക്കുന്ന ആത്മീയസംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതിയുടെ അദ്ധ്യക്ഷന്‍ ഫാദര്‍ കുളന്തൈ അറിയിച്ചു. ക്രിസ്തുവിനോടുള്ള വിശ്വസ്തത വൈദികരുടെയും വിശ്വസ്ത, പൗരോഹിത്യ വിശ്വസ്തതയും വെല്ലുവിളികളും എന്നീ വിഷയങ്ങള്‍ സംഗമത്തില്‍ ആഴമായി പഠിക്കുമെന്നും, ആഗോള സഭ ആഘോഷിക്കുന്ന പൗരോഹിത്യ വത്സരത്തിന്‍റെ ഭാഗമായിട്ടാണ് ദേശീയ തലത്തിലുള്ള ഈ പരിപാടി പൗരോഹിത്യ നവീകരണ ലക്ഷൃത്തോടെ സംഘടിപ്പിച്ചിരിക്കുന്നതെന്നും, സി.സി.ബി.ഐയുടെ വക്താവ് ബാംഗളൂരില്‍ അറിയിച്ചു. തമിഴ്നാടിന്‍റെ ഉപമുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈവിദ്ധ്യമാര്‍ന്ന മത-സംസ്കാര പാരമ്പര്യമുള്ള ഭാരതത്തിന്‍റെ മതസൗഹാര്‍ദ്ദതയുടേയും ഐക്യത്തിന്‍റേയും പ്രതീകമായി, ജീവനകലയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജനാബ് കാദര്‍ മൊയ്ദീന്‍, പാര്‍ലമെന്‍റ് അംഗം ആഗതാ സഗ്മ എന്നിവരും, ഉത്ഘാടനസമ്മേളനത്തെ അഭിസംബോധനചെയ്യുമെന്ന് ദേശീയ ലത്തിന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു.







All the contents on this site are copyrighted ©.