2010-02-03 20:34:21

ക്രിസ്തുവിന്‍റെ സമര്‍പ്പണം മാതൃകയാക്കണമെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സമര്‍പ്പണത്തിരുനാളില്‍


സന്ന്യസത്തില്‍ തങ്ങളുടെ ജീവിതങ്ങള്‍ സമ്പൂര്‍ണ്ണമായി ദൈവത്തിനു കാഴ്ചവയ്ക്കുന്ന ഓരോ സ്ത്രീ-പുരുഷനും ക്രിസ്തുവിന്‍റെ സമര്‍പ്പണമാണ് മാതൃകയാക്കേണ്ടതെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഫെബ്രുവരി 2-ന് ആഘോഷിച്ച സമര്‍പ്പണത്തിരുനാളിന്‍റെ സായാഹ്ന പ്രാര്‍ത്ഥനാമദ്ധ്യേ നടത്തിയ പ്രഭാഷണത്തില്‍ ആഹ്വാനംചെയ്തു. യേശുവിന്‍റെ മാതാപിതാക്കള്‍, ജോസഫും മേരിയും, വിധിപ്രകാരവും മോശയുടെ നിയമമനുസരിച്ചും ബാലനായ യേശുവിനെ ജനനത്തിന്‍റെ നാല്പതാംനാള്‍ ദേവലയത്തില്‍ കൊണ്ടുചെന്ന് സമര്‍പ്പിക്കുയും, പ്രതീകാത്മകമായി രണ്ടു പ്രാവുകളെ ബലിയര്‍പ്പിക്കുകയും ചെയ്തു. ഈ കുഞ്ഞ് സകല ജനതകള്‍ക്കുംവേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയാണെന്നും, അത് വിജാതിയര്‍ക്ക് വെളിപാടിന്‍റെ പ്രകാശവും, അനേകരുടെ ഹൃദയവികാരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി വിവാദമാകുന്ന ഒരു അടയാളവുമായിരിക്കും (ലൂക്കാ 2: 29-35) എന്ന്, ശിമയോന്‍റെ അധരങ്ങളിലൂടെ പ്രഘോഷിക്കപ്പെടുന്നു. ദേവാലയശുശ്രൂഷചെയ്തിരുന്ന വയോധികരായ അന്നയും ശിമയോനുമാണ് യേശുവിനെ, ദീര്‍ഘനാളായി ലോകം പാര്‍ത്തിരുന്ന രക്ഷകനായി ആദ്യം ഏറ്റുപറയുന്നത്. ഈ ലോകത്ത് ക്രിസ്തുവിനെ കണ്ടുമുട്ടുന്ന മനുഷ്യകുലത്തിന്‍റെ പ്രതീകമാണ് അന്നയും ശിമയോനും. സമര്‍പ്പണത്തിരുനാള്‍ പൗരസ്ത്യനാടുകളില്‍ സമാഗമത്തിന്‍റെ അല്ലെങ്കില്‍ കൂടിക്കാഴ്ചയുടെ തിരുനാളായിട്ടാണ് ആഘോഷിച്ചിരുന്നത്. പിന്നീട് പാശ്ചാത്യസഭയില്‍ പ്രകാശത്തിന്‍റെ തിരുനാളായി ആവിര്‍ഭവിച്ചു. ദീപക്കാഴ്ചയും മെഴുതിരി പ്രദക്ഷിണവുമെല്ലാം അങ്ങനെ ഉണ്ടായതാണ്. ക്രിസ്തു ജനതകള്‍ക്ക് പ്രകാശമാണെന്ന വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട്, ദൃശ്യമാകുന്ന അടയാളങ്ങളിലൂടെ ആവേശപൂര്‍വ്വം ക്രിസ്തുവെളിച്ചം ലോകത്തിനുപകരുവാന്‍ ശ്രമിക്കുന്ന ഒരു തിരുനാളാണിതെന്നും, പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

1997-മുതല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഈ തിരുനാള്‍ സമര്‍പ്പിതരുടെ ദിനമായും ആഘോഷിക്കുവാന്‍ ആഹ്വാനംചെയ്തത്. ദൈവകുമാരനായ ക്രിസ്തു തന്നെത്തന്നെ ദേവാലയത്തില്‍ പ്രതീകാത്മകമായി പഴയ ആചാരമനുസരിച്ച് സമര്‍പ്പിച്ചു. ജീവിതങ്ങള്‍ സമ്പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കുന്ന ഓരോ സ്ത്രീ-പുരുഷനും ക്രിസ്തുവിന്‍റെ സമര്‍പ്പണം എന്നും പ്രചോദനവും മാതൃകയുമാണെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈവം യേശുവിലൂടെ മനുഷ്യരിലേയ്ക്ക് ഇറങ്ങിവരികയും അതുപോലെ, മനുഷ്യര്‍ ക്രിസ്തുവിലൂടെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതുവഴി ലോകത്തിനുണ്ടായ, ക്രിസ്തുവഴിയുള്ള നിര്‍ണ്ണായകവും അതുല്യവുമായ മാദ്ധ്യസ്ഥ്യംപോലെതന്നെ, സന്ന്യാസ സമര്‍പ്പണംവഴി ലോകത്തിനു നല്കേണ്ട സമാശ്വാസത്തിന്‍റേയും സ്നേഹത്തിന്‍റേയും സേവനം, പതറാത്ത ക്രിസ്താനുകരണമായി സഭയില്‍ തുടരണമെന്ന്, മാര്‍പാപ്പ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സമര്‍പ്പണത്തിരുനാളിന്‍റെ സായാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ധാരളമായെത്തിയ സന്ന്യസ്തരോടായ് ആഹ്വാനംചെയ്തു. ഈ ആഘോഷത്തിന് തൃവിധ മാനങ്ങളുണ്ടെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഒന്നാമതായി, ക്രിസ്തീയ സമര്‍പ്പണ ജീവിതത്തിന് ദൈവത്തിന് നന്ദിപറയുക. രണ്ട്, ജനമദ്ധ്യത്തില്‍ സമര്‍പ്പണ ജീവിതത്തെക്കുറിച്ചുള്ള അറിവും അവബോധവും വളര്‍ത്തുക. മൂന്ന്, സുവിശേഷജോലിയില്‍ സമര്‍പ്പിതരായിട്ടുള്ള വ്യക്തികളില്‍ ദൈവം വര്‍ഷിച്ചിട്ടുള്ള അത്ഭുതാവഹമായ നന്മകള്‍ പ്രഘോഷിക്കുക. സന്ന്യസ്തരുടെ സാന്നിദ്ധ്യത്തിനും സഭയ്ക്കു നല്കുന്ന ബഹുമുഖങ്ങളായ സേവനങ്ങള്‍ക്കും പൊതുവായി മാര്‍പാപ്പ നന്ദിപറയുകയും ചെയ്തു.







All the contents on this site are copyrighted ©.