2010-01-30 20:41:17

ക്രിസ്തുവില്‍ ദൈവം ലോകത്തോടുകാണിച്ച സ്നേഹാഭിനിവേശം
ഒരു ജീവിത യാഥാര്‍ത്ഥ്യം – ഫാദര്‍ ഫ്രദെറീക്കോ ലൊമ്പാര്‍ഡി


29 ജനുവരി 2010 വത്തിക്കാന്‍
അത്യാധുനീക വിവരസാങ്കേതികതയുടെ നാല്‍ക്കവലകളിലും ജീവിത യാത്രയുടെ ബഹുല്യമാര്‍ന്ന വന്‍പാതകളിലും ദൈവത്തെ കണ്ടെത്താനാവണമെന്ന് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍റെ വക്താവ് റോമില്‍ പറഞ്ഞു. ഈ ഡിജിറ്റല്‍ യുഗത്തിലും ക്രിസ്തുവിലൂടെ ദൈവം ലോകത്തോടു കാണിച്ചിട്ടുള്ള സ്നേഹാഭിനിവേശം ഒരു ഭൂതകാല സങ്കല്പമല്ല, മറിച്ച് ഇന്നും മനുഷ്യര്‍ക്ക് അനുഭവവേദ്യമാകുന്ന ഒരു ജീവിത യാഥാര്‍ത്ഥ്യമാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഈ വര്‍ഷത്തെ ആഗോള മാധ്യമ ദിനസന്ദേശത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് വത്തിക്കാന്‍ ടെലിവിഷന്‍റെ പതിവുള്ള തന്‍റെ വാരാന്ത്യ പ്രഭാഷണത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി വിലയിരുത്തി. "വൈദികരും അജപാലന ശുശ്രൂഷയും ഈ ഡജിറ്റള്‍ ലോകത്ത് : നൂതന മാധ്യമങ്ങള്‍ വചനശുശ്രൂഷയ്ക്ക്" – എന്ന ശീര്‍ഷകത്തില്‍ ജനുവരി 26-ന് വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിലാണ് മാര്‍പാപ്പ ഈ വര്‍ഷത്തെ മാധ്മദിനസന്ദേശം ലോകത്തിനു സമര്‍പ്പിച്ചത്.

ഇ-പ്പോടു മുതല്‍ ഐ-പ്പാടുവരെയുള്ള അത്യാധുനീക മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പകച്ച്, വഴിതെറ്റാതെ ജീവിതത്തിന്‍റെ അര്‍ത്ഥവും സമസ്തസാരവുമായ ദൈവത്തിലെത്തിച്ചേരത്തക്കവിധം,
സ്നേഹത്തിലും സംവാദത്തിലും ലോകത്ത് സഹോദരങ്ങളോടൊപ്പമുള്ള ഒരു നെറ്റ്വര്‍ക്കിന്‍റെ ശൈലിയില്‍ ജീവിതം മുന്നോട്ടു നയിക്കാന്‍ ആധുനിക മാധ്യമങ്ങള്‍ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. ആധുനികയുഗത്തിന്‍റെ‍ സൈബര്‍ സ്പെയ്സ് വിശാലതയില്‍ നന്മയന്വേഷിച്ചിറങ്ങുന്നവര്‍ പലപ്പോഴും അബദ്ധസിദ്ധാന്തങ്ങളിലും തിന്മയുടെ പൊള്ളയായ ചിന്താധാരകളിലുമാണ് ചെന്നുചാടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. "ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു ആരെങ്കിലും എന്‍റെ സ്വരംകേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍റെ അടുത്തേയ്ക്കു വരും" Rev. 3:20, എന്ന ക്രിസ്തു നാഥന്‍റെ വാക്കുകള്‍ ക്രിയാത്മകതയോടും ധൈര്യത്തോടുംകൂടെ ഈ യുഗത്തില്‍ നാം ശ്രവിക്കുകയും, ഇന്നും നമ്മുടെ മദ്ധ്യേയുള്ള ദൈവത്തിന്‍റെ ജീവസാന്നിദ്ധ്യം കണ്ടെത്തുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കേണ്ടതാണെന്നും, വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു.







All the contents on this site are copyrighted ©.