2010-01-28 18:40:55

സത്യാന്വേഷണപാതയില്‍ വിശുദ്ധ തോമസ് അക്വീനാസ് എന്നും മാതൃക
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


 28 ജനുവരി 2010
സഭാപണ്ഡിതനായ വിശുദ്ധ തോമസ് അക്വീനാസിന്‍റെ തിരുനാളില്‍ പൊന്തിഫിക്കല്‍
അക്കാഡമികളുടെ ഏകദേശം 350 പ്രതിനിധികള്‍ ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സാംസ്കാരിക കാര്യങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ജ്യാന്‍ ഫ്രാങ്കോ റവാസിയാണ് പ്രതിനിധിസംഘത്തെ വത്തിക്കാനിലെ ക്ലെമന്‍റയിന്‍ ശാലയിലേയ്ക്ക് നയിച്ചത്. പരിശുദ്ധ സിംഹാസനത്തിന്‍റേയും ആഗോളസഭയുടേയും പേരില്‍ ആനുകാലിക സംസ്കാരം, കല, ചരിത്രം, ദൈവശാസ്ത്രം, തത്വശാസ്ത്രം, രക്തസാക്ഷികള്‍, സ്മാരകങ്ങള്‍ എന്നീ ഏറെ സൂക്ഷ്മവും ഗഹനവുമായ മേഖലകളി‍ല്‍ അര്‍പ്പണത്തോടെ ഗവേഷണപഠനങ്ങള്‍ നടത്തുന്ന എല്ലാവരെയും പാപ്പാ അഭിനന്ദിച്ചു. ഏറെ തീക്ഷ്ണവും ആധികാരികവുമായ ഗവേഷണപഠനങ്ങളിലൂടെ സമകാലീക സാംസ്കാരിക തലങ്ങളില്‍ വളര്‍ച്ചനേടുകയും, അങ്ങിനെ സഭയെയും പരിശുദ്ധ സിംഹാസനത്തെയും നവമായ ഒരു ക്രൈസ്തവ മാനവീകതയില്‍ വളര്‍ത്തുകയും, ഇന്നത്തെ ലോകവുമായി സംവദിക്കുവാനുള്ള ഉചിതമായ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചെടുക്കുകയും ചെയ്യണമെന്ന് മാര്‍പാപ്പാ ഉദ്ബോധിപ്പിച്ചു. ആപേക്ഷികസിദ്ധാന്തത്തിന്‍റെയും അഹംതത്വവാദത്തിന്‍റെയും (Relativism and Subjectivism) സ്വാധീനംകൊണ്ട് ഗവേഷണ മാര്‍ഗ്ഗങ്ങളും ഗവേഷകരുടെ മനോഭാവവും ഏറെ ഉപരിപ്ലവവും, ചിലപ്പോള്‍ ബാലിശവുമായിത്തീരുന്നതുവഴി, ശാസ്ത്രപഠനങ്ങളുടെയും ചിന്താധാരകളുടെയും, മാത്രമല്ല സംവാദത്തിന്‍റെയും ആഴമായ വ്യക്തിബന്ധങ്ങളുടേയും, പൊതുവെ ആശയവിനിമയത്തിന്‍റെതന്നെ വിശ്വാസ്യത ഇന്ന് ഏറെ കുറഞ്ഞുപോകുന്നുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സത്യാന്വേഷണപാതയില്‍ മഹാപണ്ഡിതനായ വിശുദ്ധ തോമസ് അക്വീനാസിനെ അനുകരിച്ചുകൊണ്ട് മാനുഷികയുക്തിയില്‍ ഊന്നിനില്ക്കുമ്പോഴും അചഞ്ചലമായ വിശ്വാസത്തോടെ ജീവിക്കുന്ന ശൈലി തുടരണമെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.