2010-01-28 09:53:19

നാസികളുടെ കൊടും ക്രൂരതകള്‍ക്കിരകളായവരെ മാര്‍പാപ്പാ അനുസ്മരിക്കുന്നു.


(27/01/2010 വത്തിക്കാന്‍) ഷൊഹ (Shoah) പോലുള്ള ദുരന്തങ്ങള്‍ ഇനിയാവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് സര്‍വ്വശക്തനായ ദൈവം ഹൃദയ-മനസ്സുകളെ പ്രബുദ്ധമാക്കട്ടെയെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രാര്‍ത്ഥിക്കുന്നു. പോളണ്ടിലെ ഓഷ്വിയെംചിം ( Oswiecim ) പട്ടണത്തിലെ ഔഷ്വിത്സ് (Aushwitz) നാസി തടങ്കല്‍പാളയത്തില്‍ കൂട്ടക്കുരുതികഴിക്കപ്പ‍ട്ടവരേയും, അവിടെനിന്ന് മോചിതരായവരേയും, നാസികളുടെ പൈശാചിക ചെയ്തികളെ എതിര്‍ത്തവരേയും ആഗോളതലത്തിലനുസ്മരിച്ച ജനുവരി ഇരുപത്തിയേഴിന്, ബുധനാഴ്ച, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ച യുടെ അവസാനം പാപ്പാ അവര്‍ക്കാദരവര്‍പ്പിക്കുകയായിരുന്നു. "അറുപത്തിയഞ്ച് വര്‍ഷം മുന്‍പ്, 1945 ജനുവരി ഇരുപത്തിയേഴിന് പോളണ്ടിലെ ഓഷ്വിയെംചിം ( Oswiecim ) പട്ടണത്തിലെ ഔഷ്വിത്സ് (Aushwitz) എന്ന് ജര്‍മ്മന്‍ ഭാഷയിലറിയപ്പെടുന്ന നാസി തടങ്കല്‍പാളയത്തിന്‍റെ വലിയ കവാടങ്ങള്‍ തുറക്കപ്പ‍െടുകയും അവിടെ കുറച്ചുമാത്രം ശേഷിച്ചിരുന്ന തടവുകാര്‍ മോചിതരാവുകയും ചെയ്തു. പ്രസ്തുത സംഭവവും മോചിതരുടെ സാക്ഷൃവും ജര്‍മ്മന്‍ നാസികള്‍ തീര്‍ത്ത വംശനശീകരണ പാളയത്തില്‍ നടന്ന കേട്ടുകേള്‍വി പോലുമില്ലാത്ത നിഷ്ടൂരതകളുടെ ഭികരത ലോകത്തിന് വെളിപ്പെടുത്തി. ആ ക്രൂരകൃത്യങ്ങള്‍ക്ക്, വിശിഷ്യ ആസൂത്രിത യഹൂദകൂട്ടക്കരുതിക്ക്, ഇരകളായ സകലരേയും ഓര്‍ക്കുകയും, സ്വന്തം ജീവന്‍ അപകടപ്പെടുത്തിപ്പോലും ഭ്രാന്തമായ നരഹത്യയെ ചെറുത്തുകൊണ്ട് പീഡിതരെ സംരക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് ആദരവര്‍പ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ന് നാം " ഓര്‍മ്മ ദിനം" ആചരിക്കുകയാണ്. അന്ധമായൊരു മത-വര്‍ഗ്ഗ വിദ്വേഷത്തിനിരകളായ എണ്ണമറ്റ വ്യക്തികളെ വികാരനിര്‍ഭര ഹൃദയത്തോടെ നാം ഓര്‍ക്കുന്നു. നാടുകടത്തലിനും, മനുഷ്യോചിതമല്ലാത്തതും നിന്ദ്യവുമായ ഇടങ്ങളില്‍ തടവിനും മരണത്തിനും വിധേയരാക്കപ്പെട്ടവരാണവര്‍. ആ സംഭവങ്ങളുടെ, പ്രത്യേകിച്ച് യഹൂദ ജനതയ്ക്കാഘതമേല്പിച്ച ഷൊഹ (Shoah) ദുരന്തത്തിന്‍റെ, സ്മരണ ഓരോ വ്യക്തിയുടേയും ഔന്നത്യം ആദരിക്കപ്പെടണമെന്ന ഉപരിവര്‍ദ്ധമാനമായ ബോധ്യം സദാ സംജാതമാക്കട്ടെ. അങ്ങനെ തങ്ങള്‍ ഏക മഹാകുടുംബത്തിലെ അംഗങ്ങളാണെന്ന് എല്ലാ മനുഷ്യരും ഗ്രഹിക്കട്ടെ. ഇത്തരം ദുരന്തങ്ങള്‍ ഇനിയാവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് സര്‍വ്വശക്തനായ ദൈവം ഹൃദയ-മനസ്സുകളെ പ്രബുദ്ധമാക്കട്ടെ ".







All the contents on this site are copyrighted ©.