2010-01-27 15:49:28

ഭാരതസഭ രാഷ്ട്രസേവനത്തിന് എന്നും പ്രതിബദ്ധയായിരുന്നവെന്ന്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്


 ഭാരതസഭ രാഷ്ട്രസേവനത്തിന് എന്നും ഔല്‍സുക്യപൂര്‍വ്വകമായ പ്രതിബദ്ധത കാട്ടിയിരുന്നു. അത് ഇന്നും തുടരുന്നു. ഭാവിയിലും തുടരും. ഭാരതത്തിന്‍െറ അറുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനത്തിന്‍െറ തലേനാള്‍ ഏഷ്യാ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ ബോംബെ അതിരുപതാസാരഥി കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. യേശുസന്ദേശത്തിന്‍െറ കാതല്‍ സ്നേഹവും, സേവനവും ആണ്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഭാരതത്തിലെ വിദ്യാഭ്യാസത്തലത്തില്‍ ഏറ്റവും പ്രവര്‍ത്തിക്കുന്നത് സഭയാണ്. സമൂഹത്തിനും, രാജ്യത്തിനും കാര്യക്ഷമവും അര്‍ത്ഥപൂര്‍ണ്ണവും ആയ സേവനം കാഴ്ചവയ്ക്കുന്നതിന് ഭാവി പൗരന്മാരെ സജ്ജമാക്കുവാന്‍, അവര്‍ക്ക് സമഗ്ര പരിശീലനമേകുകയാണ് സഭയുടെ വിദ്യാഭ്യാസപ്രേഷിതത്വത്തിന്‍െറ ആത്യന്തിക ലക്ഷൃം. രണ്ടാമതായി സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആരോഗ്യമേഖലയിലാണ്. അവളുടെ ആഭിമുഖ്യത്തില്‍ രാജ്യത്തില്‍ മുഴുവന്‍ വ്യാപകമായ ആരോഗ്യസംരക്ഷണസ്ഥാപനങ്ങളുടെ ബൃഹത്തായ ഒരു ശ്രേണി തന്നെയുണ്ട്. പരിസ്ഥിതിസംരക്ഷണത്തിലും സഭ ഔല്‍സുക്യവതിയാണ്. പരിസ്ഥിതി എല്ലാവര്‍ക്കുമായുള്ള ഒരു ദൈവദാനമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ബോധ്യത്തില്‍ നിന്നാണ് പരിസ്ഥിതിബന്ധിയായ ഉത്തരവാദിത്വം ഉരുത്തിരിയുക. പ്രപഞ്ചം മുഴുവന്‍ മനുഷ്യന് ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്നു. പ്രകൃതിയുടെ കാവല്‍ക്കാര്‍ ആകുവാന്‍ എല്ലാ വ്യക്തികളും, രാഷ്ട്രങ്ങളും വിളിക്കപ്പെടുകയാണ്, കര്‍ദ്ദിനാള്‍ കൂട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.