2010-01-22 18:50:03

വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ മാര്‍പാപ്പയ്ക്ക്
രണ്ട് ആടുകളെ സമ്മാനിക്കുന്ന പാരമ്പര്യം


 21 ജനുവരി 2010 വത്തിക്കാന്‍
കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ പാപ്പായുടേയും മെത്രാപ്പോലീത്താമാരുടേയും സ്ഥാനിക വസ്ത്രത്തിനു പുറമേ ധരിക്കുന്ന പാലിയം (Pallium)
അല്ലെങ്കില്‍ വെളുത്ത ഉത്തരീയം നിര്‍മ്മിക്കുവാന്‍വേണ്ട ആട്ടിന്‍ രോമമെടുക്കുന്നതിനുള്ള
രണ്ട് ചെമ്മരിയാടുകളെ വത്തിക്കാനിലെ ഊര്‍ബന്‍ 8-ാമന്‍ മാര്‍പാപ്പയുടെ നാമധേയത്തിലുള്ള കപ്പേളയില്‍വച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. ഏകദേശം മൂന്നു വിരലുകളുടെ വീതിയില്‍ വെളുത്ത ആട്ടിന്‍രോമംകൊണ്ട് നെയ്തുണ്ടാക്കുന്ന കഴുത്തിലണിയാവുന്ന ഉത്തരീയത്തില്‍
6 ചെറിയ കുരിശുകള്‍ അലങ്കാരമായും പ്രതീകാത്മകമായും കറുത്ത പട്ടുനൂല്‍കൊണ്ട് തുന്നിച്ചേര്‍ത്തിരിക്കുന്നതാണ് പാലിയം (Pallium).

റോമിനുപുറത്തുള്ള ത്രെ ഫോന്താനായിലെ (Tre Fontana, near the Basilica of St. Paul) ട്രാപ്പിസ്റ്റ് സന്യസികള്‍ വളര്‍ത്തുന്ന ആട്ടിന്‍പറ്റത്തില്‍നിന്നാണ് എല്ലാവര്‍ഷവും ആടുകള്‍ നല്കപ്പെടുന്നത്. വത്തിക്കാനില്‍ മാര്‍പാപ്പ ആശിര്‍വ്വദിച്ച ആടുകളെ റോമില്‍ പാനിസ്പേര്‍ണായിലുള്ള വിശുദ്ധ ലോറന്‍സിന്‍റെ മഠത്തിലുള്ള സന്യാസിനികള്‍ (Roman Convent of St. Lawrence in Panisperna) വളര്‍ത്തുന്നു. വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ രക്തസാക്ഷിത്വത്തിന്‍റേയും പരിശുദ്ധിയുടേയും അടയാളമായി ചുവപ്പും വെള്ളയും പുഷ്പങ്ങളാല്‍ അലംകൃതരായി വലിയ കൂടങ്ങളില്‍ അവ വത്തിക്കാനിലെത്തുന്നു. ത്രസ്തവേരെയിലുള്ള കോണ്‍വെന്‍റിലെ സഹോദരിമാരാണ് (Benedictine Nuns
of St. Cicilia) പിന്നീട് ഈ ആടുകളില്‍നിന്നും കത്രിച്ചെടുക്കുന്ന രോമംകൊണ്ട് പാലിയങ്ങള്‍ നെയ്തുണ്ടാക്കുന്നത്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ ജൂണ്‍ 29-ന്,
മാര്‍പാപ്പാ ദിവ്യബലിമദ്ധ്യേ പാലിയങ്ങള്‍ ആശിര്‍വ്വദിച്ച് പുതുതായി നിയമിതരായ മെത്രാപ്പോലീത്താമാര്‍ക്ക് നല്കുന്നു. എല്ലാ മെത്രാപ്പോലീത്താമാരും ആരാധനക്രമ ശുശ്രൂഷകളില്‍ പാലിയം അണിയാറുണ്ട്. പത്രോസിന്‍റെ പിന്‍ഗാമിയോട് അവര്‍ക്കുള്ള വിധേയത്വത്തിന്‍റേയും കൂട്ടായ്മയുടേയും അയാളമാണ് പാലിയം. മെത്രാപ്പോലീത്തമാര്‍ ക്രിസ്തുവിന്‍റ‍െ അജഗണങ്ങളുടെ ഇടയന്മാരാണ് എന്നൊരര്‍ത്ഥവും പാലിയത്തിനുണ്ട്.

ആഗനസ് (292 – 304) റോമിലെ അതിസുന്ദരിയായ ഒരു യുവതിയായിരുന്നു. അവള്‍ സന്യാസജീവിതം ആഗ്രഹിച്ചു. എന്നാല്‍ അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി പലരും അവളെ വിവാഹംചെയ്യുവാനും മോഹിച്ചു. ക്രിസ്തുവാണ് തന്‍റെ മണവാളന്‍ എന്ന തീരുമാനത്തില്‍ അവള്‍ ഉറച്ചുനിന്നു. ആഗ്രഹപ്രാപ്തി സാദ്ധ്യമല്ലാതെ വന്നതില്‍ കുപിതരായവര്‍ അവളെ 304-ല്‍ കൊലപ്പെടുത്തി.
വിശുദ്ധ ജറോം, അംബ്രോസ് എന്നിവര്‍ ആഗ്നസിന്‍റെ ധീരമായ രക്തസാക്ഷൃത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആഗ്നസ് (Agnus ആഞ്ഞൂസ്) എന്ന വാക്കിന് ലത്തീന്‍ ഭാഷയില്‍ ആട് എന്നാണ് അര്‍ത്ഥം. വെളുത്ത കുഞ്ഞാടിനെ കയ്യിലേന്തി, രക്തസാക്ഷിത്വത്തിന്‍റെ ചുവന്ന കല്ലുപതിച്ച കിരീടമണിഞ്ഞു നില്ക്കുന്ന അതിമനോഹരിയായ ഒരു സ്ത്രീരത്നമായിട്ടാണ് പരമ്പരാഗതമായി വിശുദ്ധ ആഗ്നസിന്‍റെ ഛായാചിത്രങ്ങള്‍ കണ്ടുപോരുന്നത്. വെളുത്ത കുഞ്ഞാട് ജീവിത വിശുദ്ധിയുടേയും നൈര്‍മ്മല്യത്തിന്‍റേയും പ്രതീകമാണ്.







All the contents on this site are copyrighted ©.