2010-01-20 13:05:08

ദൈവഛായയിലുള്ള വ്യക്തിയായ ഓരോ കുഞ്ഞും സര്‍വ്വവിധ പ്രാന്തവല്ക്കരണത്തിലും ചൂഷണത്തിലും നിന്ന് സംരക്ഷിക്കപ്പെടണമെന്ന് മാര്‍പാപ്പാ


(17/01/2010 വത്തിക്കാന്‍) വര്‍ണ്ണ ദേശ ഭേദമന്യേ, ദൈവഛായയിലുള്ള വ്യക്തിയായ ഓരോ കുഞ്ഞും സര്‍വ്വവിധ പ്രാന്തവല്ക്കരണത്തിലും ചൂഷണത്തിലും നിന്ന് സംരക്ഷിക്കപ്പെടണമെന്ന് മാര്‍പാപ്പാ. ഇക്കൊല്ലം കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും ലോകദിനമാചരിക്കപ്പെട്ട ജനുവരി 17 ന്, ഞായറാഴ്ച വത്തിക്കാനില്‍ പൊതുവായ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്ക് മുന്‍പ് നടത്തിയ വിചിന്തനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, ഈ ദിനാചരണത്തിനായി താന്‍ തിരഞ്ഞെടുത്ത ആദര്‍ശപ്രമേയം ഇളംപ്രായക്കാരായ അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും കാര്യത്തില്‍ ശ്രദ്ധപതിക്കേണ്ടതിനൂന്നല്‍ നല്കുന്നതിനെപ്പറ്റി പരാമര്‍ശിക്കുകയായിരുന്നു. ഹേറൊദേസ് രാജാവിന്‍റെ ഭീഷണിയെത്തുടര്‍ന്ന് ഉണ്ണിയേശുവിന് അഭയാര്‍ത്ഥിയുടേതായൊരവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും, എന്നാല്‍ അവിടുന്നാകട്ടെ കുഞ്ഞുങ്ങളെ വലിയ ആദരവോടും സ്നേഹത്തോടും സ്വീകരിക്കാനാണ് ശിഷ്യരെ പഠിപ്പിച്ചതെന്നും പാപ്പാ പറഞ്ഞു. അഭയാര്‍ത്ഥികളൊ, കുടിയേറ്റക്കാരോ ആയ ഇളംപ്രായക്കാര്‍ക്ക് നൈയമിക സംരക്ഷണവും, അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളില്‍ സഹായവും ഉറപ്പാക്കപ്പെടണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും ചാരെ സഭ സദാ സന്നിഹിതയാണെന്നും പാപ്പാ പറഞ്ഞു. ജനുവരി 17 ഞായറാഴ്ച വൈകുന്നേരം താന്‍ നടത്തുന്ന റോമിലെ " തേംപിയൊ മജോരെ "- വലിയ ദേവാലയം - എന്നറിയപ്പെടുന്ന യൂദപ്പള്ളി സന്ദര്‍ശനത്തെപ്പറ്റിയും പരാമര്‍ശിച്ച പാപ്പാ തന്‍റെ ഈ സന്ദര്‍ശനം റോമിലെ യഹൂദ സമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനും കത്തോലിക്കരും യഹൂദരും തമ്മിലുള്ള ഏകതാനതയുടേയും സൗഹൃദത്തിന്‍റേയും യാത്രയില്‍ മറ്റൊരു ചവിട്ടുപടി കൂടി തീര്‍ക്കുന്നതിനുമാണെന്ന് വ്യക്തമാക്കി.







All the contents on this site are copyrighted ©.