2010-01-18 20:41:41

സീറോ-മലബാര്‍ സഭയ്ക്ക് 6 പുതിയ മെത്രാന്മാര്‍
2 പുതിയ രൂപതകള്‍


 18 ജനുവരി‍ 2010 വത്തിക്കാന്‍
ജനുവരി 10 മുതല്‍ 15 വരെ തിയതികളില്‍ സീറോ-മലബാര്‍ സഭയുടെ ആസ്ഥാനമായ കൊച്ചിയിലെ സെന്‍റ് തോമസ് മൗണ്ടില്‍ ചേര്‍ന്ന സിനഡ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ പരിശുദ്ധ സിംഹാസനം അംഗീകരിച്ചതോടെയാണ് പുതിയ മെത്രാന്മാരുടെ പേരുകള്‍ തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ പ്രഖ്യാപിക്കപ്പെട്ടത്.
ഡോ. പോളി കണ്ണൂക്കാടന്‍ (ഇരിങ്ങാലക്കുട രൂപത), പോള്‍ ആലപ്പാട്ട് (രാമനാഥപുരം തമിഴ്നാട്), ജോര്‍ജ്ജ് ഞെരളക്കാട്ട് (മാണ്ഡ്യാ, കര്‍ണ്ണാടക), റെമീജിയൂസ് ഇഞ്ചനാനിയില്‍ (താമരശ്ശേരി), ബോസ്കോ പുത്തൂര്‍ (സീറോ മലബാര്‍ സഭാ ആസ്ഥാനത്തിന്‍റെ ചുമതല), മോണ്‍സീഞ്ഞോര്‍ റാഫേല്‍ തട്ടില്‍ (തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍) എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ടിരിക്കുന്ന മെത്രാന്‍മാര്‍.

ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ സ്ഥാനമൊഴിയല്‍ അംഗീകരിച്ചതോടെയാണ് മോണ്‍സീഞ്ഞോര്‍ പോളി കണ്ണൂക്കാടന്‍ പുതിയ മെത്രാനായി നിയമിതനാകുന്നത്. മോണ്‍സീഞ്ഞോര്‍ പോളി ഇരിങ്ങാലക്കുട രൂപതയിലെ കുഴിക്കാട്ടുശ്ശേരിയില്‍ 1961-ല്‍ ജനിച്ചു. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ പഠിച്ച അദ്ദേഹം ആരാധനക്രമത്തില്‍ ഡോക്ടര്‍ ബിരുദധാരിയാണ്. 1985-ല്‍ വൈദികപട്ടം സ്വീകരിച്ചു. ആളൂര്‍ ബെറ്റര്‍ ലൈഫ് മൂവ്മെന്‍റ് സെന്‍ററിന്‍റെ ഡയറക്ടര്‍, രൂപതാ സെമിനാരി റെക്ടര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, ആരാധനക്രമ കമ്മിഷന്‍ സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്. സീറോ-മലബാര്‍ സഭയുടെ ആരാധനക്രമ കമ്മിഷന്‍ സെക്രട്ടറി, സമര്‍പ്പിതരായ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കുംവേണ്ടിയുള്ള കമ്മിഷന്‍റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് പുതിയ നിയമനം.

താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെയും സ്ഥാനമൊഴിയലിനെ തുടര്‍ന്നാണ് മോണ്‍സീഞ്ഞോര്‍ റെമീജിയോ ഇഞ്ചനാനിയില്‍ പുതിയ മെത്രാനായി നിയമിതനായത്. താമരശ്ശേരി രൂപതയിലെ വെറ്റിലപ്പാറയില്‍ 1961 ജനിച്ചു. വടവാതൂര്‍ സെമിനാരിയില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഇംഗ്ലിഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും ഉണ്ട്. റോമിലെ സാന്താ ക്രോച്ചേ യൂണിവേഴ്സിറ്റിയില്‍നിന്നും കാനോനാ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 1987-ല്‍ വൈദികപട്ടം സ്വീകരിച്ചു. വളയം, തലയാട്, തെയ്യപ്പാറ, കരിങ്ങാട് എന്നീ ഇടവകകളില്‍ അജപാലന ശുശ്രൂഷചെയ്തിട്ടുണ്ട്. താമരശ്ശേരി രൂപതാ ചാന്‍സലറായി സേവനമനുഷ്ഠിക്കവേയാണ് നിയമനം.

മോണ്‍സീഞ്ഞോര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാന്‍
റഷ്യന്‍ പ്രവശ്യയിലെ ബുരൂണ്‍ രൂപതയുടെ സ്ഥാനികമെത്രാന്‍കൂടിയായിരിക്കും അദ്ദേഹം. 1956-ല്‍ തൃശ്ശൂര്‍ പട്ടണത്തില്‍ ജനിച്ചു. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ ശേഷം റോമില്‍ പൊന്തിഫിക്കല്‍ പൗരസ്ത്യ ജ്ഞാനപീഠത്തില്‍നിന്നും കനോന നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. അതിരൂപതാ സെമിനാരി റെക്ടര്‍, വൈസ്ചാന്‍സലര്‍, മതബോധന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, പിന്നീട് രൂപതാ-ചാന്‍സലര്‍, കൂരിയാ ജഡ്ജി എന്നീ തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബിഷപ്പ് ബോസ്ക്കോ പുത്തൂരിന് സീറോ-മലബാര്‍ സഭ ആസ്ഥാനത്തിന്‍റെ ചുമതല
തൃശ്ശൂര്‍ അതിരൂപതാംഗമായ മോണ്‍സീഞ്ഞോര്‍ ബോസ്ക്കോ പുത്തൂര്‍ സീറോ-മലബാര്‍ സിനഡിന്‍റെയും സിനഡ് ആസ്ഥാനമന്ദിരത്തിന്‍റെയും ഭരണകാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മെത്രാനായിരിക്കും. തൃശ്ശൂര്‍ ജില്ലയിലെ പരപ്പൂര്‍ എന്ന സ്ഥലത്ത് 1946-ല്‍ ജനിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ശേഷം റോമിലെ പ്രൊപ്പഗാന്‍ഡാ ഫീദേ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രവും, പിന്നീട് തത്വശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദവും നേടി. ഒല്ലൂര്‍ ഇടവക സഹവികാരി, ഭദ്രാസന ദേവാലയ വികാരി, രൂപതാ സെമിനാരിയുടെ പ്രീഫെക്ട്, ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര വിഭാസം പ്രഫസര്‍, പിന്നീട് ആലുവ പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ എന്നി നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.







All the contents on this site are copyrighted ©.