2010-01-14 11:35:30

അന്‍പതാം പിറന്നാള്‍ ആഘോഷിച്ച വത്തിക്കാന്‍ ചലച്ചിത്ര ശേഖരം
Vatican Film Library


 സഭാ ജീവിതത്തെക്കുറിച്ചുള്ള ചലച്ചിത്രങ്ങളും ടെലിവിഷന്‍ പരിപാടികളും ശേഖരിച്ച് ആധാരരേഖയാക്കുന്നതിനുവേണ്ടി 1959 നവംമ്പര്‍ 16-ന് വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ മാര്‍പാപ്പ ആരംഭിച്ചതാണ് വത്തിക്കാന്‍ ഫിലിം ലൈബ്രറി.

വിവിധ മാര്‍പാപ്പാമാരെക്കുറിച്ചുള്ള ചരിത്ര സിനിമകളുള്‍പ്പെടെ, സഭാ സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും, കലാമൂല്യമുള്ളതും സവിശേഷവുമായ വിശ്വത്തര സിനിമകള്‍, ആനുകാലിക സംഭവങ്ങളുടെ ഡോക്യുമെന്‍റെറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന, ചിട്ടപ്പെടുത്തിയ 7000-ല്‍പ്പരം സിനിമകള്‍ വത്തിക്കാന്‍ ശേഖരത്തിലുണ്ട്. 16° സെല്‍സിയസ്സ് താപാവസ്ഥയും 30 ശതമാനം ഈര്‍പ്പാവസ്ഥയുമുള്ള പ്രത്യേകം ക്രമീകൃതമായ അന്തരീക്ഷത്തിലാണ് സിനിമകള്‍ സൂക്ഷിച്ചിരിക്കുന്നത്.

ലൂമിയെര്‍ ഫിലിം കമ്പനി (Lumiere Film Corporation) 1896-ല്‍ നിര്‍മ്മിച്ച 'ലിയോ പതിമൂന്നാമന്‍'
(Leo XIII), 1931-ല്‍ വത്തിക്കാന്‍ റേഡിയോയുടെ ഉല്‍ഘാടനവേളയില്‍ നിര്‍മ്മിച്ച റോഡിയോയുടെ ഉപജ്ഞാതാവായ 'മാര്‍ക്കോണിയും പിതിനൊന്നാം പിയൂസ് പാപ്പായും' (Pius XI and Marconi), പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയുടെ ജീവചരിത്രം – 'പാസ്തോര്‍ ആഞ്ചെലിക്കൂസ്' (Pastor Angelicus), 'രണ്ടാം വത്തിക്കാന്‍ സൂനഹദോസ്' (Vatican II Council), എന്നിവ വത്തിക്കാന്‍ ശേഖരത്തിലെ അപൂര്‍വ്വ സിനിമകളാണ്. വിശ്വത്തര സാഹിത്യകാരന്‍ ദാന്തേയുടെ കൃതിയെ ആധാരമാക്കി 1911-ല്‍ ഇറ്റലിയില്‍ വെല്ലേത്രിയിലെ ഹീലിയോസ് കമ്പനി (Helios Film Company, Velletri) നിര്‍മ്മിച്ച, ലോകത്തിലാദ്യമായി ആധുനിക ചിത്രസംയോജന സാങ്കേതികത ഉപയോഗിച്ചിട്ടുള്ള, 'ഇന്‍ഫേര്‍നോ' (L'inferno) വത്തിക്കാനിലെ ശ്രദ്ധേയമായ മറ്റൊരു ചലച്ചിത്രമാണ്. സിനിമാ ചരിത്രകാരന്മാര്‍ 'ഇന്‍ഫേര്‍നോ' നഷ്ടപ്പെട്ടതായി കരുതിയിരിക്കുമ്പോള്‍, സിനിമയുടെ ചരിത്രകാലം മുതലുള്ള ജോയേ ഫൗണ്ടേഷന്‍റെ (Joye Foundation) ചലച്ചിത്രങ്ങള്‍ വത്തിക്കാന്‍ ശേഖരത്തില്‍ സുരക്ഷിതമായിരിക്കുന്നുണ്ട്. ഈശോ സഭാംഗങ്ങളാണ്
(The Society of Jesus) ഈ പ്രത്യേക ശേഖരം വത്തിക്കാനിലെത്തിച്ചത്. വത്തിക്കാന്‍ സിനിമാ ശേഖരത്തില്‍ അപൂര്‍വ്വമായ 'ഇന്‍ഫേര്‍ണോ' കണ്ടെത്തിയത് സിനിമാലോകം ഒരു വലിയ നേട്ടമായി കരുതുന്നു. പൊതു ഉപയോഗത്തിനായി ഈ സിനിമ കേടുപാടുതീര്‍ത്ത് ഡിവിഡി (DVD) രൂപത്തില്‍ ലഭ്യമാക്കിയത് ബേയര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും (Bayer Pharmaceutical Company) ഇറ്റലിയിലെ ചിനെച്ചിത്താ (Cinecittà) ചലച്ചിത്ര നിര്‍മ്മാതാക്കളുമാണ്. വെനീസ് ചലച്ചിത്രമേളയും ന്യൂയോര്‍ക്കിലെ ആധുനിക കലാ മ്യൂസിയവും (Modern Art Museum) ഉള്‍പ്പെടെ, ചലച്ചിത്രഛായാഗ്രാഹകരും സാംസ്കാരിക സംഘടകളും ഇന്നും ഏറെ താല്പര്യത്തോടെ വ്യാപകമായി ആവശ്യപ്പെടുന്ന അത്യപൂര്‍വ്വ സിനിമയാണ് 'ഇന്‍വേര്‍നോ'.

അത്യാധുനിക പ്രദര്‍ശന സൗകര്യങ്ങളും പഴയ സിനിമകള്‍ കേടുപാടുകള്‍ തീര്‍ത്ത് ഡിജിറ്റല്‍ സമ്പ്രദായത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള ഒരു ലബോറട്ടറിയും വത്തിക്കാന്‍ ഫിലിം ലൈബ്രറിയ്ക്കുണ്ട്. സമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Social Communications) കാര്യാലയത്തോടു ചേര്‍ന്നു കിടക്കുന്ന 50 പേര്‍ക്ക് ഇരിക്കാവുന്ന നല്ല സിനിമാശാലയും വത്തിക്കാന്‍ ഫിലിം ലൈബ്രറിയുടേതാണ്. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലിയിരുത്തുന്നതിനും പതിവായി ഈ തിയറ്റര്‍ ഉപയോഗിക്കുന്നു.


1896-മുതലുള്ള അതീന്ദ്രിയതയുടെ (the transcendent) വിഷയങ്ങള്‍ കേന്ദ്രീകരിച്ച്, സിനിമയും മതവും (cinema and religion) എന്ന പ്രത്യേക പാഠ്യപദ്ധതി വത്തിക്കാന്‍ ഫിലിം ലൈബ്രറി ആസൂത്രണം ചെയ്തുവരികയാണ്. ഇതിനു സഹായകമാകുന്ന ചലച്ചിത്രലിഖിതത്തിന്‍റെ (filmography) ആദ്യ വാല്യം പ്രകാശനംചെയ്തു കഴിഞ്ഞു. രണ്ടാം വാല്യം തയ്യാറായിക്കൊണ്ടിരിക്കുന്നു. ആദ്ധ്യാത്മിക സിനിമയുടെ അന്തര്‍ദേശിയ പഠനസമ്മേളനമാണ് നിലവിലുള്ള മറ്റൊരു പദ്ധതി. സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Council for Culture) ഇറ്റലിയിലെ എന്‍തേ ദേല്ലോ സ്പേത്താക്കൊളോ (Ente dello Spettacolo) എന്ന സംഘടനയുമായുള്ള സഹകരണത്തിലാണ് ആത്മീയ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ അന്തര്‍ദേശീയ ചലച്ചിത്രമേള (The Festival of Spiritual Cinema) നടത്തുന്നത്. അടുത്തുവരുന്ന 9-ാമത്തെ അന്തര്‍ദേശീയ മേള സിനിമാ ലോകത്തെ അതികായന്മാരെ ഒരുമിപ്പിക്കുന്ന ഒരു മഹാസമ്മേളനമായിരിക്കുമെന്നാണ് വത്തിക്കാന്‍ ഫിലിം ലൈബ്രറിയുടെ വക്താവ് പറയുന്നത്.







All the contents on this site are copyrighted ©.