2010-01-12 09:39:39

പത്രോസിന്‍റ‍െ പിന്‍ഗാമി വാതില്‍ സകലര്‍ക്കുമായി തുറന്നിട്ടിരിക്കയാണെന്നും, മാനവകുടുംബത്തിന്‍റെ പുരോഗതിക്ക് സംഭാവനയേകുന്ന ബന്ധങ്ങള്‍ എല്ലാവരുമായി പുലര്‍ത്താന്‍ അഭിലഷിക്കുന്നുവെന്നും മാര്‍പാപ്പാ.


(11/01/2010 വത്തിക്കാന്‍) പത്രോസിന്‍റ‍െ പിന്‍ഗാമി വാതില്‍ സകലര്‍ക്കുമായി തുറന്നിട്ടിരിക്കയാണെന്നും, മാനവകുടുംബത്തിന്‍റെ പുരോഗതിക്ക് സംഭാവനയേകുന്ന ബന്ധങ്ങള്‍ എല്ലാവരുമായി പുലര്‍ത്താന്‍ അഭിലഷിക്കുന്നുവെന്നും മാര്‍പാപ്പാ. പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുള്ള നാടുകളുടെ നയതന്ത്രപ്രതിനിധികളെ, അനുവര്‍ഷം പതിവുള്ളതുപോലെ, ക്രിസ്മസ്സ്-പുതുവത്സരാശംസകള്‍ കൈമാറുന്നതിന്, ജനുവരി പതിനൊന്നിന്, തിങ്കളാഴ്ച, വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യവെ, വത്തിക്കാനുമായി നയതന്ത്രബന്ധമില്ലാത്ത നാടുകളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഇതുപറഞ്ഞത്. സഭ സകലര്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ആഗോളസമ്പദ്ഘടനയ്ക്ക് പ്രഹരമേകിയ പ്രതിസന്ധിയും അതിന്‍റെ ഫലമായ ഗൗരവതരവും വ്യാപകവുമായ സാമൂഹ്യാസ്ഥിരതയും ഈ പുതുവത്സരത്തിലും തുടരുന്നതിനെപ്പറ്റി പരാമര്‍ശിച്ച പാപ്പാ, അവയുടെ മൂലകാരണങ്ങള്‍,ആത്യന്തിക വിശകലനത്തില്‍, സ്വാര്‍ത്ഥതയുടെയും, ഭൗതികവാദത്തിന്‍റെയും മനോഭാവവും , സൃഷ്ടിയുടെ പരിമിതികളെ വസ്മരിക്കുന്ന അവസ്ഥയുമാണെന്നും വിശദീകരിച്ചു.യഥാര്‍ത്ഥ സമാധാനം സംസ്ഥാപിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ സൃഷ്ടിയെ സംരക്ഷിക്കലും അജാതശിശുവിന്‍റേതുള്‍പ്പടെയുള്ള മനുഷ്യജീവന്‍റെ സംരക്ഷണവും വേര്‍തിരിച്ചുനിറുത്താനാവില്ലയെന്ന് പാപ്പാ പറഞ്ഞു. സൃഷ്ടിയെ കാത്തുപരിപാലിക്കുകയെന്നത് പ്രകൃതിവിഭവങ്ങളുടെ ശരിയായ വിനിയോഗവുമുള്‍ക്കൊള്ളുന്നുവെന്നും അത് നീതിയുടെയും സമാധാനത്തിന്‍െയും സുപ്രധാന ഘടകമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ വെല്ലുവിളികളോട് അന്തര്‍ദ്ദേശീയ ഐക്യദാര്‍ഢ്യത്തിലൂടെ പ്രതികരിക്കുകയെന്നതും സൃഷ്ടിയെ പരിരക്ഷിക്കുന്ന പ്രവര്‍ത്തനത്തിലടങ്ങിയിരിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. സകലര്‍ക്കുമായുദ്ദേശിക്കപ്പെട്ടിരിക്കുന്ന വസ്തുക്കള്‍ തനിക്കായിമാത്രം സമാഹരിക്കുന്നതിലേക്ക് സ്വാര്‍ത്ഥത ഒരുവനെ നയിക്കാത്തപക്ഷം ഭൂമിക്ക് അതിലെ സര്‍വ്വനിവാസികളെയും തീറ്റിപ്പോറ്റാന്‍ കഴിയുമെന്ന് പാപ്പാ പറഞ്ഞു. മയക്കുമരുന്ന്,ആയുധക്കച്ചവടം, സംഘര്‍ഷങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ തിന്മകളെപ്പറ്റിയും പാപ്പാ ചില നാടുകളുടെ പേരെടുത്തുപറഞ്ഞ് പരാമര്‍ശിക്കുകയും, ന്യുയോര്‍ക്കില്‍ വരുന്ന മെയ് മാസത്തില്‍ പരിപാടി ചെയ്തിരിക്കുന്ന ആണവ നിര്‍വ്യാപനക്കരാര്‍ പരിശോധനാസമ്മേളനം, നമ്മുടെ ഗ്രഹത്തെ അണുവായുധ വിമുക്തമാക്കുന്നതിലേക്ക് നയിക്കുന്ന, പടിപടിയായുള്ള നിരായുധീകരണോന്മുഖമായ ഫലപ്രദമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. മദ്ധ്യപൂര്‍വ്വദേശത്തും, അതുപോലെ തന്നെ, പാക്കിസ്ഥാന്‍, ഈജിപ്ത്, ഇറാക് തുടങ്ങിയ നാടുകളിലുള്‍പ്പടെ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രണമങ്ങളെക്കിറിച്ചനുസ്മരിച്ച പാപ്പാ മതസ്വാതന്ത്ര്യത്തിന്‍റെ പ്രധാന്യം ചൂണടിക്കാട്ടി. ആപേക്ഷികവാദം പ്രജാധിപത്യത്തിന്‍റെ സത്താപരമായ ഘടകമാണെന്ന് കരുതുന്നപക്ഷം മതത്തിന്‍റെ സാമൂഹ്യ പ്രാധാന്യം ഒഴിവാക്കപ്പെടുന്ന, തിരസ്ക്കരിക്കപ്പെടുക തന്നെ ചെയ്യുന്ന അപകടമുണ്ടെന്നും, ഈയൊരു സമീപനം സംഘര്‍ഷവും, പിളര്‍പ്പും സംജാതമാക്കുകയും സമാധാനത്തെ മുറിപ്പെടുത്തുകയും ചെയ്യുമെന്നും മുന്നറിയിപ്പു നല്കി. നിലവിലുള്ള സകല പ്രശ്നങ്ങളുടെയും വേരുകള്‍ ധാര്‍മ്മികതലത്തിലുള്ളതാണെന്നും, മനോഭാവത്തില്‍ സാരമായ മാറ്റം വരുത്തുന്നതിനുതകുന്നതും പുത്തന്‍ ജീവിതശൈലിക്ക് രൂപമേകുന്നതുമായ ശിക്ഷണപരമായ മഹദ്സംരംഭങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുവേണം ഈ പ്രശ്നത്തെ നേരിടേണ്ടതെന്നും പാപ്പാ പറഞ്ഞു. ജെറുസലേം നഗരത്തിന്‍റെ അവസ്ഥയെയും സ്പര്‍ശിച്ച പാപ്പാ, സാര്‍വ്വത്രിക മൂല്യമുള്ള ആ നഗരത്തിന്‍റെ തനിമയും, പവിത്രസ്വഭാവവും, സാംസ്കാരിക-മത പാരമ്പര്യവും കാത്തുപരിപാലി
ക്കാനുള്ള യത്നങ്ങള്‍ക്ക് പിന്തുണയേകാന്‍ സകലരേയും ആഹ്വാനം ചെയ്തു. അപ്രകാരം മാത്രമെ ഏകവും, വിശുദ്ധവും, പീഡിതവുമായ ആ നഗരത്തിന്, മാനവകുടുംബത്തിനുമുഴുവന്‍ കൈവരണമെന്ന് ദൈവം അഭിലഷിക്കുന്ന ആ സമാധാനത്തിന്‍റെ നാന്ദിയും അടയാളവുമായിരിക്കാന്‍ കഴിയുകയുള്ളു വെന്നും പാപ്പാ പറഞ്ഞു.
ഇന്ന് പരിശുദ്ധസിംഹാസനത്തിന് 178 നാടുകളുമായി നയതന്ത്രബന്ധം ഉണ്ട്.







All the contents on this site are copyrighted ©.