2010-01-08 19:22:41

പാപ്പായുടെ സുരക്ഷിതത്വത്തിന്
സൂക്ഷ്മ വൈദഗ്ധ്യവും സമര്‍പ്പണവും ഉപയോഗിക്കുന്നുണ്ട്:
വത്തിക്കാന്‍ പൊലീസ് മേധാവി സാല്‍വതോറെ ഫെസ്താ


8, ജനുവരി 2010
മാര്‍പാപ്പയ്ക്കു ചുററും എപ്പോഴും ഒരു സുരക്ഷാവലയം ഉണ്ടെന്നും വത്തിക്കാനിലെ പൊലീസും, സുരക്ഷാവിഭാഗവും ഉയര്‍ന്ന സുരക്ഷാ പരിശീലനവും സാങ്കേതിക അറിവും ഉള്ളവരാണെന്നും, ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് പരിശുദ്ധ പിതാവിന്‍റെയും വത്തിക്കാനിലെയും സുരക്ഷാജോലികള്‍ അനുദിനം തങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും സുരക്ഷാവിഭാഗത്തിന്‍റെ മേധാവി സാല്‍വത്തോരെ ഫെസ്താ പറഞ്ഞു. ക്രിസ്തുമസ്സ് രാത്രിയിലെ ദിവ്യബലിക്ക് ആഗതനായ മാര്‍പാപ്പയെ ജനക്കുട്ടത്തില്‍നിന്നും ചാടിവന്ന മനോരോഗിയെന്നു സംശയിക്കുന്ന 25 വയസ്സുകാരി സൂസന്‍ മയോളോ തള്ളിയിട്ട സംഭവത്തിന്‍റെ വെളിച്ചത്തില്‍ വത്തിക്കാനിലെ സുരക്ഷാസന്നാഹം അപര്യാപ്തമാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു വത്തിക്കാന്‍ പൊലീസ് മേധാവി.

മാര്‍പാപ്പയുമായി ജനങ്ങള്‍ ഇടപഴകാവുന്ന സാദ്ധ്യതകള്‍ എപ്പോഴും ഉണ്ടെങ്കിലും വത്തിക്കാന്‍ പൊലീസിന്‍റെയും സ്വിസ് ഗാര്‍ഡിന്‍റെയും സുരക്ഷാ സംവിധാനങ്ങളറിയാതെ ഒരു മൊട്ടുസൂചിപോലും ആ രാത്രിയില്‍ സംഭവംനടന്ന വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ കടന്നിട്ടില്ലെന്ന് വത്തിക്കാന്‍റെ പൊലീസ് ഐ. ജി. ഡോമിനിക്ക് ജാനി പറഞ്ഞു. ജനുവരി 6-ന് പ്രത്യക്ഷീകരണ തിരുനാളില്‍ വീണ്ടും ബസിലിക്കായില്‍ സമൂഹബലിയര്‍പ്പിക്കുവാനെത്തിയ മാര്‍പാപ്പ, പതിവുപോലെ ഇരുപാര്‍ശ്വങ്ങളിലും സമ്മേളിച്ചിരുന്നവരെ അഭിവാദനംചെയ്യുകയും മൂന്നു പ്രാവശ്യം ജനങ്ങളുടെ അടുത്തേയ്ക്കു നീങ്ങി കുട്ടികളെ ആശിര്‍വ്വദിക്കുയും ചെയ്തുവെന്ന് സുരക്ഷാ മേധാവി തന്‍റെ നിരീക്ഷണത്തില്‍നിന്നും പറഞ്ഞു. വത്തിക്കാന്‍റെ പൊലീസ്, സ്വിസ് ഗാര്‍ഡ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയോട് പൊതുജനങ്ങളും സഹകരിച്ച് മാര്‍പാപ്പയുടെ ജനമദ്ധ്യേയുള്ള അജപാലന ശുശ്രൂഷകള്‍ സുഗമമാക്കാന്‍ പരിശ്രമിക്കണമെന്ന് സാല്‍വതോറെ ഫെസ്താ അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.