2010-01-07 20:00:18

23 ലക്ഷത്തോളംപേര്‍ 2009-ല്‍
മാര്‍പാപ്പയെ കാണുവാന്‍ വത്തിക്കാനിലെത്തി


 7, ജനുവരി 2010
2009-ാമാണ്ടില്‍ ഇരുപത്തിമൂന്നു ലക്ഷത്തോളംപേര്‍ (22,43,900) മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചാ പരിപാടികള്‍ക്കായി വത്തിക്കാനിലെത്തിയെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പൊതുകാര്യങ്ങള്‍ക്കായുള്ള സംഘം വെളിപ്പെടുത്തിയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്ലാ ബുധനാഴ്ചകളിലെയും പൊതുകൂടിക്കാഴ്ചകള്‍, ഞായറാഴ്ചകളിലുള്ള തൃകാലപ്രാര്‍ത്ഥനാ പരിപാടികള്‍‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടത്തപ്പെടുന്ന ദിവ്യബലി തുടങ്ങിയ ആരാധനക്രമ പരിപാടികള്‍, എന്നിങ്ങനെ വത്തിക്കാനില്‍ മാത്രമുള്ള പൊതുപരിപാടികളിലാണ് കഴിഞ്ഞൊരു വര്‍ഷത്തില്‍ ഇത്രയേറെ വിശ്വാസികളും തീര്‍ത്ഥാടകരുമായി ജനം എത്തിയതെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇറ്റലിക്കു പുറത്തുള്ള മാര്‍പാപ്പയുടെ ദേശാന്തര സന്ദര്‍ശനങ്ങള്‍, ഇറ്റലിയില്‍ത്തന്നെയുള്ള അജപാലന സന്ദര്‍ശനങ്ങള്‍, പാപ്പായുടെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍വച്ചുള്ള പരിപാടികള്‍, റോമില്‍ത്തന്നെയുള്ള മറ്റു ഔപചാരികവും അനൗപചാരികവുമായ കൂടിക്കാഴ്ചകള്‍ എന്നിവയില്‍ പങ്കെടുക്കുന്ന വന്‍ജനാവലിക്കു പുറമേയാണ്, ഇത്രത്തോളം ജനങ്ങള്‍ കഴിഞ്ഞൊരു വര്‍ഷത്തില്‍ പത്രോസിന്‍റെ പിന്‍ഗാമിയെ കാണുന്നതിന് വത്തിക്കാനിലെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടികള്‍ക്ക് ചിട്ടയും സുരക്ഷാക്രമീകരണങ്ങളും പാലിക്കുന്നതു കൊണ്ടാണ് കൃത്യമായൊരു കണക്കുള്ളതെന്ന് വത്തിക്കാന്‍ കാര്യലയത്തിന്‍റെ വക്താവ് അറിയിച്ചു.
2009-ലെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വിദേശ അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍ : ആഫ്രിക്കയിലെ ക്യാമറൂണ്‍, അങ്കോളാ; വിശുദ്ധ നാട്, യൂറോപ്പിലെ ചെക്ക് റിപ്പബ്ളിക്ക് എന്നിവയാണ്. അതില്‍ ആഫ്രിക്കയിലെ ലുവാന്തയിലും, വിശുദ്ധ നാട്ടില്‍ യേശുവിന്‍റെ ഗ്രാമമായ നസ്രത്തിലും, ചെക്ക് റിപ്പബ്ളിക്കിലെ ബേണിലും നടന്നത്, ജനാവലിയുടെ വലുപ്പംകൊണ്ട് മാര്‍പാപ്പയോടൊപ്പമുള്ള വിശ്വാസികളുടെ ചരിത്ര സമ്മേളനങ്ങളായിരുന്നു. 2009-ല്‍ മാര്‍പാപ്പ ഇറ്റലിയില്‍ നടത്തിയ അജപാലന സന്ദര്‍ശനങ്ങളും വിശ്വാസ സമൂഹത്തിന്‍റെ മഹാസംഗമങ്ങളാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന അക്വീലാ-അബ്രൂസോ പ്രദേശങ്ങള്‍, കസ്സീനോ, വിശുദ്ധ പാദ്രേ പിയോയുടെ നാടായ സാന്‍ ജൊവാന്നി റൊത്തോന്തോ, വിത്തേര്‍ബോ, പോള്‍ ആറാന്‍ പാപ്പായുടെ ജന്മനാടായ വടക്കെ ഇറ്റലിയിലെ കൊണ്‍ചേസ്സിയോ, ബ്രെഷ്യാ എന്നിവിടങ്ങളാണ് ഇറ്റലിയില്‍ത്തന്നെ കഴിഞ്ഞ വര്‍ഷത്തില്‍ മാര്‍പാപ്പ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ സ്ഥലങ്ങള്‍.







All the contents on this site are copyrighted ©.