2010-01-02 15:17:22

2009 ല്‍ 37 പ്രേഷിതര്‍ കൊല്ലപ്പെട്ടു


2009 ല്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 37 പ്രേഷിതര്‍ കൊല്ലപ്പെട്ടതായി ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം വെളിപ്പെടുത്തുന്നു. 30 വൈദികരും, രണ്ടു സെമ്മിനാരി വിദ്യാര്‍ത്ഥികളും, രണ്ടു സന്യാസിനികളും, മൂന്നു അല്മായ പ്രേഷിതരും ഉള്‍പ്പെടുന്നതാണ് ആ രക്തസാക്ഷിഗണം. തെക്കു വടക്കന്‍ അമേരിക്കകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. 18 വൈദികരും, രണ്ടു സെമ്മിനാരി വിദ്യാര്‍ത്ഥികളും, ഒരു സന്യാസിനിയും രണ്ടു അല്മായ പ്രേഷിതരും ആണ് അവിടെ മരണമടഞ്ഞത്. പിന്നെ കൂടുതല്‍ പേര്‍ വിശ്വാസത്തിനായി തങ്ങളുടെ ജീവന്‍ ബലികഴിക്കേണ്ടി വന്നത് ആഫ്രിക്കയിലാണ്- 9 വൈദികരും, ഒരു സന്യാസിനിയും, ഒരു അല്മായപ്രേഷിതനും. ഏഷ്യയില്‍ രണ്ടു വൈദികരും, യൂറോപ്പില്‍ ഒരു വൈദികനും കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു ദശവര്‍ഷത്തില്‍ 4 മെത്രാന്മാരും, 190 വൈദികരും ഉള്‍പ്പെടെ 261 പേര്‍ പ്രേഷിത പ്രവര്‍ത്തനങ്ങളുടെയിടയില്‍ ജീവന്‍ ബലി ചെയ്യേണ്ടി വന്നിട്ടുണ്ട്.







All the contents on this site are copyrighted ©.