2009-12-29 16:00:40

മാര്‍പാപ്പയുടെ മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം :
ജീവിതത്തിന് ആവശ്യമായ അടിസ്ഥാന മൂല്യങ്ങള്‍ നല്കുകയും
മനുഷ്യാന്തസ്സ് വളര്‍ത്തുകയും, മനുഷ്യസമൂഹത്തെ മഹത്തരമാക്കുകയും ചെയ്യുന്ന
ഒരു ആത്മവിദ്യാലയമാണ് കുടുംബം


27 ഡിസംമ്പര്‍ 2009, വത്തിക്കാന്‍
"അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനെയും കണ്ടു" (ലൂക്കാ 2:16).
പ്രിയ സഹോദരീ സഹോദരന്മാരേ, ഈ രംഗം ഇന്നത്തെ ചിന്താവിഷയമാക്കാം. ബെദലഹേമിലെ സംഭവത്തിന്‍റെ ആദ്യ ദൃക്സാക്ഷികളായ ആട്ടിടയന്മാര്‍ കണ്ടത് പുല്‍ത്തൊട്ടിയിലെ ശിശുവിനെ മാത്രമല്ല, ഒരു കുടുംബത്തെയാണ് - അമ്മയും അച്ഛനും ഒരു കുഞ്ഞും. ദൈവം മനുഷ്യനായവതരിച്ചത് ഒരു കുടുബത്തിലാകയാല്‍, കുടുംബങ്ങള്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ പ്രതിബിംബങ്ങളായി മാറി. ത്രിത്വമാകുന്ന ദൈവം സ്നേഹത്തിന്‍റെ കൂട്ടായ്മയെ ചിത്രീകരിക്കുന്നു. ത്രിത്വൈക്യവും കുടുംബൈക്യവും തമ്മില്‍ ഏറെ അന്തരമുണ്ടെങ്കിലും, മാനുഷിക ബുദ്ധിക്കഗ്രാഹ്യമായ ത്രിത്വൈക സ്നേഹത്തിന്‍റേയും ഐക്യത്തിന്‍റേയും പ്രതീകമാണ് കുടുംബം. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീയും പുരുഷനും വിവാഹത്തില്‍ ഒരു 'ശരീരമായിത്തീരുന്നു'. "പുരുഷന്‍ മാതാപിതാക്കളെ വിട്ട്, ഭാര്യയോടു ചേരും. അവര്‍ ഒരു ശരീരമായിത്തീരും" (ഉല്പത്തി 2, 24). ഈ സ്നേഹത്തിന്‍റെ കൂട്ടായ്മയാണ് പുതുജീവന്‍റെ സ്രോതസ്സായി മാറുന്നത്. അങ്ങിനെ കുടുംബങ്ങള്‍ പരസ്പരമുള്ള സ്നേഹത്തിലും അതിന്‍റെ ഫലദായകത്വത്തിലും ത്രിത്വത്തിന്‍റെ പ്രതിരൂപമായി മാറുന്നു.

പെസഹാ തിരുനാളാഘോഷത്തിന് തന്‍റെ മാതാപിതാക്കള്‍ക്കൊപ്പം ബാലനായ യേശുവും ജരൂസലേമിലേയ്ക്കു പോയി. തിക്കിലും തിരക്കിലും കാണാതായ യേശുവിനെ മൂന്നാം ദിവസമാണ് ആകുലചിത്തരായ മാതാപിതാക്കള്‍ ദേവാലയത്തില്‍വച്ച് കണ്ടെത്തുന്നത്. "എന്താണു നീ ഞങ്ങളോടിങ്ങനെ ചെയ്തത്" എന്നു ചോദിച്ച അമ്മയോട്, "ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?" എന്നു മാത്രമായിരുന്നു മകന്‍റെ മറുപടി (ലൂക്കാ 2, 49). ഈ സംഭവത്തില്‍ നാം കാണുന്നത് യേശു ഒരു ബാലനായിരിക്കുമ്പോള്‍ത്തന്നെ പ്രകടമാക്കിയിരുന്ന പിതാവിനോടുള്ള അളവറ്റ സ്നേഹവും തീക്ഷ്ണതയുമാണ്. ഈ അറിവും തീക്ഷ്ണതയും ആരാണ് ഈ ബാലന് നല്കിയത്, എന്നു നമ്മള്‍ ചിന്തിക്കേണ്ടതാണ്. തീര്‍ച്ചയായും അവന്‍റെ‍ മാതാപിതാക്കളാണ്. നസ്രത്തിലെ ആ മാതാപിതാക്കള്‍, ജോസഫും മേരിയും, തങ്ങളുടെ മകനെ പ്രാര്‍ത്ഥനയിലും ഇസ്രായേലിന്‍റെ ചട്ടങ്ങളിലും ദൈവകല്പനകളിലും നന്നായി വളര്‍ത്തിയിരിക്കണം. യേശുവിന്‍റെ പിതാവ്‍, 'നീതിമാനായ ജോസഫ്' (മത്തായി 1, 19 ), തീര്‍ച്ചയായും മനുഷ്യരെക്കാളുപരി ദൈവത്തെയും ദൈവഹിതത്തെയും അന്വേഷിക്കണമെന്ന പാഠവും യേശുവിന് ചെറുപ്പത്തിലേ പകര്‍ന്നു കൊടുത്തുകാണും. അങ്ങിനെ പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള യേശു പെസഹാ തിരുനാളിനു പോയിട്ട് വീട്ടിലേയ്ക്കു മടങ്ങാതെ ദേവാലയത്തില്‍ തങ്ങുകയും പണ്ഡിതന്മാരുമായി ചര്‍ച്ചയില്‍ ചെലവഴിക്കുകയും ചെയ്ത സംഭവത്തിനു പിന്നില്‍, അവന്‍റെ മാതാപിതാക്കള്‍ നല്കിയ ശിക്ഷണംകൂടി ഉണ്ടെന്നുള്ളതില്‍ സംശയമില്ല.

വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ അല്ലെങ്കില്‍ മാതാപിതാക്കളുടെ ദൈവവത്തോടു ചേര്‍ന്നുള്ള ഒരു നിരന്തരമായ സഹകരണത്തിന്‍റെ ഫലപ്രാപ്തിയാണ് ക്രിസ്തീയ രൂപീകരണമെന്നു പറയാം. കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനവും പദ്ധതിയുമാണെന്ന് ക്രൈസ്തവ കുടുംബങ്ങള്‍ എപ്പോഴും ഓര്‍ക്കണം. അവര്‍ തങ്ങളുടെ മാത്രമാണെന്ന് മാതാപിതാക്കള്‍ ചിന്തിക്കാതെ, അവരെ ദൈവസ്നേഹത്തിലും ദൈവഹിതത്തിനനുസൃതമായും വളര്‍ത്തേണ്ടതാണ്. ദൈവഹിതത്തോട് അനുസരണയും ആദരവുമുള്ള ഒരു വലിയ ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ മനോഭാവത്തില്‍ ജീവിക്കാന്‍ അവരെ സഹായിക്കേണ്ടതും മാതാപിതാക്കളാണ്. ക്രിസ്തീയ രൂപീകരണത്തിന്‍റെ മഹനീയ മാതൃക ദൈവഹിതത്തോട് പരിപൂര്‍ണ്ണ വിധേയത്വം കാണിച്ച പരിശുദ്ധ കന്യകാമറിയം തന്നെയാണ്. ആകയാല്‍ ഈ സുദിനത്തില്‍ ഞാന്‍ എല്ലാ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശുദ്ധ അമ്മയ്ക്ക് നിങ്ങളെ സമര്‍പ്പിക്കുകയും ചെയ്യുന്നു. കൂടാതെ, നമ്മുടെ കുടുംബങ്ങളുടെ ക്രിസ്തീയ രൂപീകരണത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ദൈവം ഒരു കുടുംബത്തില്‍ ജാതനായതുവഴി മനുഷ്യകുലത്തിന്‍റെ നന്മയ്ക്കുള്ള ഉറച്ച പാതയും സ്ഥായിയായ വിളിയും കുടുംബമായിത്തീര്‍ന്നിരിക്കുന്നു. കുടുംബത്തിന്‍റെ അടിത്തറ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള അഭേദ്യമായ വിവാഹ ബന്ധമാണ്. ഇത് ഓരോ ക്രൈസ്തവനും ബോധപൂര്‍വ്വം ജീവിക്കേണ്ടതും സാക്ഷൃംവഹിക്കേണ്ടതുമായ സത്യമാണ്. കാരണം, കുടുംബങ്ങളെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് മനുഷ്യകുലത്തിന്‍റെതന്നെ ഇന്നത്തെയും ഭാവിയുടെയും നിലനില്പിന് അത്യന്താപേക്ഷിതമാണ്. ജീവിതത്തിന് ആവശ്യമായ അടിസ്ഥാന മൂല്യങ്ങള്‍ നല്കുകയും മനുഷ്യാന്തസ്സ് വളര്‍ത്തുകയും, മനുഷ്യസമൂഹത്തെ മഹത്തരമാക്കുകയും ചെയ്യുന്ന ഒരു ആത്മവിദ്യാലയമാണ് കുടുംബം. കുടുംബത്തിന്‍റെ ഭാഗമാകുന്നതുകൊണ്ടു മാത്രമാണ് മനുഷ്യന് ജീവിതത്തിന്‍റെ‍ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കാനാവുന്നതും ആ സ്നേഹവലയത്തില്‍ ജീവിക്കാനാവുന്നതും.

ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിലൂടെ നമുക്കു ലഭിച്ച സ്നേഹ സമര്‍പ്പണത്തിന്‍റേയും വിശ്വസ്തതയുടേയും മാതൃക അനുദിന കുടുംബ പ്രാര്‍ത്ഥനയിലൂടെയും പുണ്യാഭ്യാസനത്തിലൂടെയും പരസ്പര ധാരണയിലൂടെയും ബഹുമാനത്തിലൂടെയും നിങ്ങളുടെ കുടുംബങ്ങളില്‍ വളരട്ടെ. ദൈവം നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന കുടുംബജീവിതത്തിന്‍റെ സ്നേഹാര്‍ദ്രമായ ദൗത്യത്തില്‍ പതറാതെ ജീവിക്കുവാന്‍ കുടുംബങ്ങളുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിനും തിരുക്കുടുംബ പാലകനായ വിശുദ്ധ യൗസേപ്പിനും നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും സമര്‍പ്പിക്കുക. ആത്മാര്‍ത്ഥമായ നിങ്ങളുടെ ഈ പരിശ്രമത്തില്‍ ഞാനും കൂടെയുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും, പ്രത്യേകിച്ച് വിവിധ ആവശ്യങ്ങളിലും ബുദ്ധിമുട്ടുകളിലും ഉഴലുന്ന കുടുംബങ്ങള്‍ക്ക് എന്‍റെ പ്രാര്‍ത്ഥന നേരുന്നു.
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
27 ഡിസംമ്പര്‍ 2009, തിരുക്കുടുംബത്തിന്‍റെ തിരുനാളില്‍







All the contents on this site are copyrighted ©.