2009-12-29 16:33:30

പാപ്പായുടെ ലോകസമാധാനദിന സന്ദേശത്തെ കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് സ്വാഗതം ചെയ്യുന്നു


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ഈ വര്‍ഷത്തെ ലോകസമാധാനദിനസന്ദേശത്തെ അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ലോകസമാധാനാര്‍ത്ഥം പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന അദ്ദേഹം ഇപ്രകാരം തുടരുന്നു- സമാധാനം, ദാരിദ്ര്യം, സൃഷ്ടവസ്തുക്കളോടുള്ള ശ്രദ്ധ എന്നിവയെ അധികരിച്ച തന്‍െറ കരുതലും, ആശങ്കയും ആ സന്ദേശത്തില്‍ പാപ്പാ വ്യക്തമായി അവതരിപ്പിക്കുന്നു. മാനവികവും, പ്രാപഞ്ചികവും ആയ പരിസ്ഥിതി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അതിന്‍െറ സംരക്ഷണാര്‍ത്ഥം പ്രതിബദ്ധരാകുവാന്‍ പാപ്പാ നമ്മെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പരിശുദ്ധ പിതാവിന്‍െറ ആഹ്വാനമനുസരിച്ച് ദാരിദ്യം, സമാധാനം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ പ്രശ്നങ്ങളുടെ ധാര്‍മ്മികവും മാനവികവും ആയ മാനങ്ങള്‍ അമേരിക്കയിലെ സഭ ക്രിയാത്മകമായി കൈക്കാര്യം ചെയ്യുവാന്‍ ശ്രമിക്കും. ദൈവത്തിന്‍െറ സൃഷ്ടിയെയും മനുഷ്യജീവനെയും അതിന്‍െറ ഔന്നിത്യത്തെയും സംരക്ഷിക്കുവാനും, മാനവികപരിസ്ഥിതിയെയും പ്രപഞ്ചത്തിന്‍െറ പരിസ്ഥിതിയെയും ബന്ധിപ്പിക്കുവാനും ആണ് നാം ശ്രമിക്കുക. പ്രകൃതിയുടെ പരിസ്ഥിതിയോടുള്ള ബന്ധത്തില്‍ നിന്ന് ഉരുത്തിരിയുന്ന ബാദ്ധ്യതകളോട് സമഗ്ര മാനവികവികസനം വളരെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ അനുസ്മരിപ്പിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും ആയുള്ള ദൈവത്തിന്‍െറ ഒരു ദാനമായി വേണം പരിസ്ഥിതിയെ കാണുവാന്‍. മാനവകുലം മുഴുവനോടും പ്രത്യേകിച്ച് പാവപ്പെട്ടവരോടും, വരും തലമുറകളോടും ഉള്ള നമ്മുടെ ഉത്തരവാദിത്വം കണക്കിലെടുത്തുവേണം അതിനെ ഉപയോഗിക്കുവാനും കൈക്കാര്യം ചെയ്യുവാനും.







All the contents on this site are copyrighted ©.