2009-12-22 16:20:59

അനുരഞ്ജനം നല്‍കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിലും പ്രഥമചുവടുവയ്പ് ക്രൈസ്തവരുടേതായിരിക്കണമെന്ന് പാപ്പാ


 
അനുരഞ്ജനം നല്‍കുന്നതിലും, സമാധാനം സ്ഥാപിക്കുന്നതിലും പ്രഥമചുവടുവയ്പ് ക്രൈസ്തവരുടേതായിരിക്കണമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. ക്രിസ്മസ് ആശംസകള്‍ കൈമാറുന്നതിന് റോമന്‍ കൂരിയായിലെയും, വത്തിക്കാന്‍ സംസ്ഥാനത്തിന്‍െറ ഭരണനിര്‍വാഹകകാര്യാലയത്തിലെയും അംഗങ്ങളെ തിങ്കളാഴ്ച വത്തിക്കാനിലെ പേപ്പല്‍ഭവനത്തില്‍ സ്വീകരിച്ച അവസരത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ അത് പറഞ്ഞത്. തെറ്റ് തിരിച്ചറിയുവാന്‍ ഒരിക്കല്‍ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു. തെറ്റിന് പ്രായശ്ചിത്തം ചെയ്യുവാനും, പരിവര്‍ത്തനവിധേയമാകുന്നതിന് വിട്ടുകൊടുക്കുവാനും ഉള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു. സമാധാനവും അനുരഞ്നവും പരിപോഷിപ്പിക്കുന്നതില്‍, മനുഷ്യകുലത്തിന്‍െറ പാപങ്ങള്‍ക്കായി മനുഷ്യനായി ജനിക്കുവാനും മരിക്കവാനും സന്നദ്ധനായ ക്രിസ്തുവാണ് ക്രൈസ്തവനെ നയിക്കുകയും ഭരിക്കുകയും ചെയ്യണ്ടത്. ഇന്ന് അനുരഞ്ജനകുദാശയോട് പൊതുവില്‍ കാണുന്ന അവഗണന ദൈവത്തോടും, നമ്മോടും, സഹോദരങ്ങളോടും ഉള്ള ബന്ധത്തിലെ സത്യത്തിന്‍െറ അഭാവത്തിന്‍െറ സൂചനയാണ്. അത് മാനവകുലത്തെ വലിയ അപകടത്തിലാക്കുകയും, സമാധാനത്തിനായുള്ള കഴിവിനെ ബലഹീനമാക്കുകയും ചെയ്യും. യഹുദര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടതിന്‍െറ ജറുസലെമിലെ സ്മാരകമായ യാദ് വാഷം മാനവകുലത്തിന്‍െറ പാപത്തിന്‍െറ സ്മാരകമാണ്. സ്വയം വിശുദ്ധീകരിക്കുവാനും, പരസ്പരം സ്നേഹിക്കുവാനും ക്ഷമിക്കുവാനും അത് ജനങ്ങളെ ആഹ്വാനം ചെയ്യുകയാണ്. ദൈവം നമ്മുടെ ഇടയിലേയ്ക്ക് ഇറങ്ങിവന്നുവെന്നത് അവിടുന്ന് തന്‍െറ ജനതയുടെ ചാരെ, അവരോടെത്ത് ഉണ്ട് എന്നതിന്‍െറ അടയാളമാണ്. അത് നമ്മുക്ക് പ്രത്യാശയുടെ സ്രോതസ്സും, ദൈവവുമായും മറ്റുള്ളവരുമായും അനുരഞ്ജനപ്പെടുന്നതിന് പ്രചോദനദായകവുമാണ്, പാപ്പാ പ്രഭാഷണത്തില്‍ തുടര്‍‍ന്നു പറഞ്ഞു.







All the contents on this site are copyrighted ©.