2009-12-16 18:14:30

മാര്‍ക്കോണി മനുഷ്യകുലത്തിന്‍റെ ഉപകാരി


റേഡിയോ തരംഗങ്ങള്‍ കണ്ടുപിടിച്ച് ലോകത്തിനു ലഭ്യമാക്കിയ മാര്‍ക്കോണി മനുഷ്യകുലത്തിന്‍റെ ഉപകാരിയാണ്, ഒരു സാങ്കേതികതയുടെ വലിയ കണ്ടുപിടുത്തത്തെക്കാളുപരി മനുഷ്യകുലത്ത‍െ സഹായിക്കുവാനുള്ള തീവ്രമായ ആഗ്രഹമാണ് വാര്‍ത്താപ്രക്ഷേപണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇറ്റലിക്കാരനായ മാര്‍ക്കോണിയുടെ കണ്ടുപിടുത്തത്തിനു പിന്നില്‍ കാണുന്നത്. ടൈറ്റാനിക്ക്, റിപ്പബ്ളിക്ക്, ബാള്‍ത്തൂരാ എന്നീ വന്‍ കപ്പല്‍ ദുരന്തങ്ങള്‍, ലോക മഹായുദ്ധങ്ങള്‍ തുടങ്ങിയ മനുഷ്യചരിത്രത്തിലെ ഭീതിജനകവും ക്രൂരവുമായ രംഗങ്ങളില്‍ ആയിരങ്ങള്‍ക്ക് പ്രത്യാശയും രക്ഷ‍യും പകരുവാന്‍ റേഡിയോ തരംഗങ്ങള്‍ സഹായകമായിട്ടുണ്ട്.
1929ല്‍ ലാറ്ററന്‍ ഉടമ്പടിപ്രകാരം സ്വതന്ത്ര സംസ്ഥാനമായിത്തീര്‍ന്ന വത്തിക്കാന് നിലവിലുള്ള ഏറ്റവും നൂതനമായ ആശയവിനിമയ സാങ്കേതികത ഉണ്ടാകണമെന്ന് ആഗ്രഹിച്ചത് പതിനൊന്നാം പിയൂസ് മാര്‍പാപ്പയാണ്. പാപ്പായുടെ ആഹ്വാനപ്രകാരം 1931ല്‍ മാര്‍ക്കോണിതന്നെ വത്തിക്കാന്‍ റ‍േഡിയോ ആരംഭിച്ചതോടെ ഈ കണ്ടുപിടുത്തം ആത്മീയതയുടെ ഒരു മാനംകൂടി കൈവരിക്കുകയുണ്ടായി. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സന്ദേശദൂതുമായി മാര്‍ക്കോണിയുടെ മാസ്മരിക തരംഗങ്ങള്‍ ഇന്നും ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരുന്നുണ്ട്.
മാര്‍ക്കോണിയുടെ കണ്ടുപിടുത്തം അവിചാരിതമായിരുന്നില്ല. കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ടാണ് മനുഷ്യകുലത്തിന് ഇത്രയേറെ നന്മചെയ്യുന്ന ഈ മാധ്യമം അദ്ദേഹം കണ്ടുപിടിച്ചത്. 1939 ഫെബ്രുവരി 11ന് മാര്‍പാപ്പാ ഔപചാരികമായി റോഡിയോയുടെ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിക്കുന്നതിനു മുന്‍പ് മാര്‍ക്കോണി തന്‍റെ നൂതന സാങ്കേതികത ഉപയോഗച്ച് ലോകത്തുള്ള ശ്രോതാക്കളോട് ഇങ്ങിനെ പറഞ്ഞു.
"ഇനി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പരിശുദ്ധപിതാവ് പതിനൊന്നാം പിയൂസ് മാര്‍പാപ്പ വത്തിക്കാന്‍ റേഡിയോ നിലയം ഉത്ഘാടനംചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തിരുമേനിയുടെ സമാധാനത്തിന്‍റേയും അനുഗ്രഹത്തിന്‍റേയും സന്ദേശം ശബ്ദതരംഗങ്ങളായി ലോകംമുഴുവനും എത്തിച്ചേരും. സഭയുടെ പഠനങ്ങള്‍ ലോകത്തെമ്പാടും ഇപ്പോള്‍ എത്തുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഒരു മാര്‍പാപ്പയുടെ ശബ്ദം തല്‍സമയ വിക്ഷേപണത്തിലൂടെ ഭൂമുഖത്തിന്‍റെ എല്ലാ ഭാഗത്തും ഒരേസമയത്ത് എത്തുന്നത്. ദൈവത്തിന്‍റെ പ്രത്യേക സഹായത്താല്‍ ഈ ഉപകരണം കണ്ടുപിടിക്കുവാനും നിഗൂഢമായ പ്രകൃതിയിലെ ശബ്ദതരംഗങ്ങള്‍ മനുഷ്യകുലത്തിന് ഉപയോഗപ്രദമാകുന്ന വിധത്തില്‍ ലഭ്യമാക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ലോകത്തിലെമ്പാടുമുള്ള വിശ്വാസമൂഹത്തിന് മാര്‍പാപ്പയുടെ ശബ്ദം ഇനി എന്നും കേള്‍ക്കാനാവുമെന്ന് ഞാന്‍ സമാശ്വസിക്കുന്നു." പരിമിതികളില്‍ നിന്നുകൊണ്ടാണെങ്കിലും ഇന്ന് മലയാളം ഉള്‍പ്പടെ ലോകത്തുള്ള 42 പ്രധാനഭാഷകളില്‍ ആത്മീയതയുടെ തരംഗങ്ങളുയര്‍ത്തുന്ന വത്തിക്കാന്‍ റോഡിയോ മാര്‍ക്കോണിയുടെ കണ്ടുപിടുത്തത്തിന്‍റെ അതിബൃഹത്തായ സാദ്ധ്യതയ്ക്ക് തെളിവായി നില്ക്കുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദി, ഉര്‍ദു, തമിഴ്, മലയാളം എന്നിവകളില്‍ വത്തിക്കാന്‍ റ‍േഡിയോ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

പാപ്പായുടെ ശബ്ദമാണ് വത്തിക്കാന്‍ റേഡിയോ എന്നു പറയാം, കാരണം മാര്‍പാപ്പമാരുടെ പഠനങ്ങളും സന്ദേശങ്ങളുമാണ് മുഖ്യമായും വത്തിക്കാന്‍ റേഡിയോ ലോകത്തിനു നല്കിക്കൊണ്ടിരിക്കുന്ന മുഖ്യമായ സേവനം. അതാതു കാലഘട്ടങ്ങളില്‍ ഈ സന്ദേശങ്ങള്‍ നന്മയുടെ തരംഗങ്ങള്‍ ഉയര്‍ത്തുന്നു. ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങളുടെ സന്ദേശങ്ങള്‍ സഭയിലെ വിശ്വാസികള്‍ക്കെന്നതുപോലെതന്നെ ലോകത്തുള്ള എല്ലാജനങ്ങള്‍ക്കും സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും സന്ദേശമാണ്. അതുപോലെതന്നെ യുദ്ധ്യോക്തമായ രാജ്യങ്ങളുടെ നേതാക്കളുടെ മനസ്സാക്ഷിയെ സമാധാനത്തിലേയ്ക്കു മാടിവിളിച്ചുകൊണ്ട് മാര്‍പാപ്പമാര്‍ നല്കിയിട്ടുള്ള സന്ദേങ്ങള്‍ ചരിത്രത്തിന്‍റെ നാഴികകല്ലുകളാണ്. അക്കാലഘട്ടങ്ങളില്‍ രാഷ്ട്രങ്ങളുടെയും യുദ്ധരംഗങ്ങളുടെയും അതിര്‍വരമ്പുകള്‍ കടക്കുവാനുള്ള ഏക ആശയവിനിമയോപാധിയായിരുന്നു മാര്‍ക്കോണിയുടെ റേഡിയോ എന്നു നാം ഓര്‍ക്കേണ്ടതാണ്. ക്യൂബയില്‍ അമേരിക്കയുടെയും റഷ്യയുടെയും യുദ്ധസമ്മര്‍ദ്ദമുയര്‍ന്നപ്പോള്‍ 1962 ഒക്ടോബര്‍ 25ന് ജോണ്‍ 23ാമന്‍ മാര്‍പാപ്പയുടെ റോഡിയോ സന്ദേശമാണ് സമാധാനത്തിന്‍റെ അലകളുയര്‍ത്തിയതെന്നത് ചരിത്രം സമ്മതിക്കുന്നു. ആശയവിനിമയം മനുഷ്യനെ വിഭജിക്കുവാനല്ല ഒന്നിപ്പിക്കുവാനാണല്ലോ. യുദ്ധരംഗങ്ങളിലെ തടവുകാരെക്കുറിച്ചും കാണാതായവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ അവരുടെ കുടുംബങ്ങളെയും ബന്ധപ്പെട്ടവരെയും സത്യസന്ധമായും കൃത്യമായും അറിയിക്കുവാന്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് ലോകമഹാ യുദ്ധകാലത്ത് സാധിച്ചിട്ടുണ്ട്. യുദ്ധത്തിന്‍റെ ഭീകരതയില്‍നിന്നും മനുഷ്യരെ രക്ഷിക്കുന്നതിനുവേണ്ടി പ്രത്യേകം റോഡിയോ സ്റ്റേഷനുകള്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. റേഡിയോയുടെ ആദ്യ ഉപയോഗംതന്നെ ഇങ്ങിനെ മനുഷ്യബന്ധിയായ പ്രവര്‍ത്തനങ്ങളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വീണ്ടും 1998ലെ കൊസോവോ പ്രശ്നത്തില്‍ വത്തിക്കാന്‍ റേഡിയോ മാനവിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയുണ്ടായി. ഇന്നും പീഡനങ്ങളുടെയും മതസ്വാതന്ത്ര്യമില്ലായമയുടെയും മദ്ധ്യത്തിലേയ്ക്ക് നീതിയുടേയും സ്വാന്ത്വനത്തിന്‍റേയും സന്ദേശവുമായി വത്തിക്കാന്‍ റേഡിയോ എത്തുന്നു.

"എന്‍റെ കണ്ടുപിടുത്തം മനുഷ്യകുലത്തെ രക്ഷിക്കുവാനാണ്, നശിപ്പിക്കുവാനല്ല," എന്ന് സ്വന്തം കൈപ്പടയില്‍ തന്‍റെ ചിത്രത്തിനു കീഴില്‍ മാര്‍ക്കോണി എഴുതിവച്ചത് വത്തിക്കാന്‍ റേഡിയോയുടെ സാങ്കേതിക വിഭാഗത്തില്‍ ഇന്നും സൂക്ഷിച്ചിരിക്കുന്നു. മനുഷ്യരാശിയുടെ നന്മ ലക്ഷൃമാക്കിയുള്ള മാര്‍ക്കോണിയുടെ കണ്ടുപിടുത്തത്തിന്‍റെ ആനുകാലിക ഭാവങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാം പരിശ്രമിക്കേണ്ടതാണ്. ആധുനിക വിവരസാങ്കേതികതയുടെ നാടകീയമായ വളര്‍ച്ചയില്‍ അവ എന്തിനുവേണ്ടി നാം ഉപയോഗിക്കുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. മനുഷ്യകുലത്തിന്‍റെ നന്മയും സുരക്ഷിതത്ത്വവും വര്‍ദ്ധിപ്പിക്കുവാനും, രാഷ്ട്രങ്ങള്‍തമ്മില്‍ സൗഹൃദവും സമാധാനവും വളര്‍ത്തുവാനും, അവഗണനയും ഏകാന്തതയും അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് സാന്ത്വനം പകരുവാനും, മാനുഷികവും ആത്മീയവുമായ മനുഷ്യന്‍റെ സ്വാതന്ത്ര്യം എന്നും ലോകത്ത് പ്രഘോഷിക്കുവാനും ആധുനിക മാധ്യമങ്ങള്‍ക്ക് കഴിയട്ടെ !

(വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറാള്‍ ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമിന്‍റെ നഗരസഭയുടെ ആസ്ഥാനമായ കാപ്പിത്തോളില്‍ 2009 ഡിസംമ്പര്‍ 11ന് മാര്‍ക്കോണി ദിനത്തില്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.)







All the contents on this site are copyrighted ©.