2009-12-11 17:28:26

പൗരോഹിത്യത്തിന്‍റെ ആത്മീയസന്തോഷം (Message of the Holy Father to Priests)


പൗരോഹിത്യ വത്സരത്തോടനുബന്ധിച്ച് 2009, സെപ്തംമ്പര്‍ 27 മുതല്‍ ഒക്ടോബര്‍ 3 വരെ തിയതികളില്‍ ഫ്രാന്‍സിലെ ആഴ്സില്‍ വൈദികര്‍ക്കായി നടത്തപ്പെട്ട അന്തര്‍ദേശീയ ധ്യാനത്തിന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ നല്കിയ വീഡിയോ സന്ദേശത്തിന്‍റെ രത്നച്ചുരുക്കമാണിത്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി 500ല്‍പ്പരം വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തു. 2009 ജൂണ്‍ 19ന് ഈശോയുടെ തിരുഹൃദയ തിരുനാളില്‍ വൈദികവത്സരം പ്രഖ്യാപിക്കപ്പെട്ടു. വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ 150-ാ ചരമവാര്‍ഷികംകൂടി അനുസ്മരിച്ചുകൊണ്ടാണ് ആഗോളസഭ 2009 ജൂണ്‍ 19 മുതല്‍ 2010 ജൂണ്‍ 19 വരെ പ്രത്യേക പരിപാടികളോടെ വൈദികവത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വൈദികരെ ക്രിസ്തുവിനോട് കൂടുതല്‍ അനുരൂപപ്പെടുത്തുന്നതിനും സത്യത്താല്‍ വിശുദ്ധീകരിക്കുന്നതിനും പൗരോഹിത്യമെന്ന കൂദാശയുടെ മഹത്വം ആഴമായി ഗ്രഹിപ്പിക്കുന്നതിനും ഈ വൈദികവത്സരം സഹായകമാകും.

"സുവിശേഷപ്രചാരണത്തിനുള്ള നിങ്ങളുടെ കൂട്ടായ്മയ്ക്ക് ഞാന്‍ നന്ദിപറയുന്നു. നിങ്ങളെല്ലാവരും കൃപയില്‍ എന്‍റെ പങ്കുകാരാണ്. അതുപോലെതന്നെ എന്‍റെ ബന്ധനത്തിലും, സുവിശേഷസംരക്ഷണത്തിലും സ്ഥിരീകരണത്തിലും" (ഫിലിപ്പിയര്‍ 1:7). ലോകരക്ഷയ്ക്കായ് അഭിഷിക്തമായ പൗരോഹിത്യത്തില്‍ ഒരാത്മീയ സന്തോഷമുണ്ട്. ഒരു നല്ല വൈദികന്‍ ദൈവഹിതത്തിന് അനുയോജ്യമായി ജീവിക്കുന്നവനാണ്. "ദൈവം ഒരു ഇടവകയ്ക്കു നല്കുന്ന വലിയ സമ്മാനമാണ് ഒരു നല്ല വൈദികന്‍, ദൈവികകാരുണ്യത്തിന്‍റെ വലിയ സമ്മാനമാണ് വൈദികന്‍," ഇങ്ങിനെയാണ് ഒരു വൈദികന്‍റെ അജപാലനമേഖലയിലുള്ള അതുല്യമായ ബഹുമതിയെയും സ്ഥാനത്തെയും കുറിച്ച് വിശുദ്ധ ജോണ്‍ മേരി വിയാന്നി പറഞ്ഞത് (Le Cure de Ars, Abbe Bernard Nodet, Foi Vivante, 2000, p.101). മനുഷ്യരുടെ ഇടയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വൈദികര്‍ ജനങ്ങളെ ശുശ്രൂഷിക്കുന്നതിനും അവര്‍ക്ക് ദൈവിക ജീവന്‍ പകര്‍ന്നു കൊടുക്കുന്നതിനും വേണ്ടിയുള്ളവരാണ്. അവരാണ് ക്രിസ്തുവിന്‍റെ രക്ഷാകരജോലി ഈ ഭൂമിയില്‍ തുടരുന്നത്. എന്നാല്‍ "പൗരോഹിത്യത്തിന്‍റെ പരമമായ ശക്തി ദൈവത്തില്‍നിന്നാണ്, ഞങ്ങളുടേതല്ല, എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്" (2 കൊറിന്തിയര്‍ 4, 7). ഇതുവഴി ദൈവത്തിന്‍റെ ദാനമായ വിളിയും പൗരോഹിത്യത്തില്‍ വ്യക്തികള്‍ നല്കുന്ന പരിമിതികളുള്ള പ്രത്യുത്തരവും തമ്മിലുള്ള വലിയ അന്തരമാണ് പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍നിന്നും നാം മനസ്സിലാക്കേണ്ടത്. "ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ഠനാണ്, എന്തെന്നാല്‍ ഞാന്‍ ബലഹീനനായിരിക്കുമ്പോഴാണ്, ശക്തനായിരിക്കുന്നത്" (2 കൊറീന്തിയര്‍ 12, 10). ഒരു വൈദികന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതും അനുസ്മരിക്കേണ്ടതുമായ അപ്പസ്തോലന്‍റെ ഏറെ ഹൃദയസ്പര്‍ശിയും പ്രത്യാശാനിര്‍ഭരവുമായ വാക്കുകളാണിവ. മാനുഷിക ബലഹീനതയെക്കറിച്ചുള്ള ഈ അവബോധം എന്നും ശക്തിയും സന്തോഷവും നമുക്കു തരുന്നു. ദൈവവുമായുള്ള ഒരു ദൃഢമൈത്രിക്കും ഇത് വഴിതുറക്കുന്നു. "ഒരു വൈദികന്‍ എത്രത്തോളം ദൈവോന്മുഖനായി ജീവിക്കുന്നുവോ, അത്രത്തോളം യേശുവിന്‍റ‍െ രക്ഷാകരജോലി ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുവാനും സാധിക്കും. വൈദികന്‍ ജീവിക്കുന്നത് ഒരിക്കലും തനിക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്കുവേണ്ടിയാണല്ലോ" (Nodet, p.100). ഇത് ഇക്കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയാണ്. വചനത്തിന്‍റേയും വിശുദ്ധിയുടേയും സ്രോതസ്സാകേണ്ട വൈദികന്‍, മറ്റേതു കാലത്തെക്കാളുമുപരി സന്തോഷത്തിന്‍റേയും പ്രത്യാശയുടേയും ഒരു മനുഷ്യനായി മാറണം. ഇനിയും ദൈവം സ്നേഹമാണെന്നു മനസ്സിലാവാത്ത മനുഷ്യര്‍ക്ക് ഒരു വൈദികനാണ് ജീവിതദര്‍ശനം (that God is love) നല്കേണ്ടതും ക്രിസ്തുവില്‍ അര്‍ത്ഥം കണ്ടെത്താന്‍, സഹായിക്കേണ്ടതും. ദൈവം എല്ലാവരെയും സ്നേഹിക്കുന്നു എന്നു മനസ്സിലാക്കിക്കൊടുക്കുവാന്‍ ഒരു വൈദികനു സാധിക്കും. ഇന്ദ്രിയ നിഗ്രഹണത്തിന്‍റ‍േയും ആത്മീയ പീഡനങ്ങളുടേയും ഒരനുധാവനമായിട്ടല്ല, മറിച്ച് പ്രത്യാശയുടേയും സന്തോഷത്തിന്‍റേയും ഒരനുഭവമായിട്ടാണ് പൗരോഹിത്യ ജീവിതത്തെ ആര്‍സിലെ വികാരി നമുക്കു കാണിച്ചു തരുന്നത്. ക്രിസ്തുവിന്‍റെ വിളികേട്ട് ധാരാളം യുവാക്കള്‍ പ്രേഷിതമേഖലയിലേയ്ക്ക് കടന്നുവരുവാന്‍ വൈദികര്‍ പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം.

പ്രതിസന്ധികളില്‍ നഷ്ടധൈര്യരാവരുത്. അജപാലനമേഖലയില്‍ നിങ്ങള്‍ക്കുള്ള വൈവിധ്യമാര്‍ന്ന സാദ്ധ്യതകള്‍ അപാരമാണ്. നിങ്ങളുടെ ജീവിത ബലിയര്‍പ്പണംവഴി ക്രിസ്തുവിനെ ഓരോ മേഖലയിലും നിങ്ങള്‍ സന്നിഹിതനാക്കുകയാണ്. അതുപോലെ ഇനിയും നിങ്ങള്‍ അര്‍പ്പിക്കാനിരിക്കുന്ന ബലികളില്‍ ക്രിസ്തുസാന്നിദ്ധ്യം ശ്രദ്ധാപൂര്‍വ്വം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണം. അനുരഞ്ജനത്തിന്‍റെ കൂദാശയില്‍ നിങ്ങള്‍ നല്കിയിട്ടുള്ള യേശുവിന്‍റെ കാരുണ്യവും സാന്ത്വനവും നിരവധിയാണ്. പാപികളായ മനുഷ്യര്‍ക്ക് നിങ്ങള്‍ പാപമോചനം നല്കുകയും ആത്മീയസൗഖ്യം പകരുകയും ചെയ്യുന്നു. നിങ്ങള്‍ പരികര്‍മ്മംചെയ്യുന്ന മറ്റു കൂദാശകളുടെ ഫലങ്ങളാല്‍ എത്രയെത്ര ആത്മാക്കളെയാണ് ദൈവത്തിന്‍റെ സ്നേഹസാന്നിദ്ധ്യത്തിലേയ്ക്ക് അടുപ്പിച്ചിട്ടുള്ളത്. അജപാലനരംഗങ്ങളില്‍ അങ്ങിനെ നിങ്ങളുടെ കരങ്ങളും അധരങ്ങളും ദൈവികമായി മാറുകയാണ്. ആത്മീയതയുള്ള ഒരു വൈദികന്‍ തന്നില്‍ ക്രിസ്തുവിനെ വഹിക്കുന്നു. തനിക്കു ലഭിച്ചിട്ടുള്ള കൃപാവരത്തിലൂടെ ത്രിത്വരഹസ്യത്തിലേയ്ക്കും കടക്കുന്നുണ്ടെന്ന് വിശുദ്ധ ജോണ്‍ വിയാന്നി പറഞ്ഞിട്ടുണ്ട് (Nodet, p. 97). ഒരു വൈദികനില്‍ ഒളിഞ്ഞിരിക്കുന്ന ദൈവകൃപ ഒരു ചിമ്മിണിക്കുള്ളിലെ വിളക്കുപോലെ വിശ്വാസത്തിന്‍റെ ദൃഷ്ടിയിലൂടെ നമുക്ക് തെളിഞ്ഞു ദര്‍ശിക്കാനാകും. പൗരോഹിത്യത്തിന്‍റെ ശരിയായ ദര്‍ശനവും കൂട്ടായ്മയും വളര്‍ത്തിയെടുക്കാന്‍ ഈ ചിന്തകള്‍ നമ്മെ സഹായിക്കട്ടെ. "ചിലര്‍ക്ക് അപ്പസ്തോലനാകാനും, പ്രവാചകനാകാനും സുവിശേഷകനാകാനും ക്രിസ്തു വരം നല്കി," എന്ന് പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നു (എഫേസിയര്‍ 4, 11-16). ഇത് മനുഷ്യര്‍ക്കു ശുശ്രൂഷചെയ്തു കൊണ്ട് അവരെ വിശുദ്ധിയുടെ പൂര്‍ണ്ണതയിലേയ്ക്ക് നയിക്കുന്നതിനും ക്രിസ്തുവിന്‍റെ മൗതികശരീരത്തെ പടുത്തുയര്‍ത്തുന്നതിനും വേണ്ടിയാണ്. സ്നേഹപൂര്‍വ്വം സുവിശേഷസത്യം പ്രഘോഷിച്ചുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേയ്ക്ക് ഏവരേയും ആനയിക്കണം. "നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും, വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനതയുമാണ്," എന്നാണ് ക്രിസ്തുവിന്‍റെ രാജകീയ പൗരോഹിത്യത്തെക്കുറിച്ച് പത്രോസ്ലീഹാ ഉദ്ബോധിപ്പിക്കുന്നത്. "അതുകൊണ്ട് അന്ധകാരത്തില്‍നിന്ന് അത്ഭുതകരമായ പ്രകാശത്തിലേയ്ക്ക് വിളിച്ചവന്‍റെ നന്മകള്‍ നിങ്ങള്‍ എന്നും പ്രകീര്‍ത്തിക്കണം."

പുരോഹിതന്‍ ഭാവിയുടെ മനുഷ്യനാണ്
"ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പ‍െട്ടവരാണെങ്കില്‍, ദൈവത്തിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതങ്ങളിലുള്ളവയെയും നിങ്ങള്‍ അന്വേഷിക്കുവിന്‍" (കൊളോസിയര്‍ 3, 1). അതുകൊണ്ട് ഈ ഭൂമിയില്‍ ഒരു വൈദികന്‍ ചെയ്യുന്നതെല്ലാം അന്തിമമായ ഭാവിയ്ക്ക് നിദാനമാകുന്ന കാര്യങ്ങളിലൂന്നി നില്ക്കുന്നതാണ്. വൈദികന്‍ അര്‍പ്പിക്കുന്ന ബലി അങ്ങിനെ ഉപാധിയും, ഉപാധിക്കും ലക്ഷൃത്തിനുമിടയ്ക്കുള്ള ഐക്യത്തിന്‍റേയും യാഥാര്‍ത്ഥ്യത്തിന്‍റേയും സ്ഥായീഭാവവുമാണ്. കാരണം, നിത്യതയില്‍ നാം ആരാധിക്കുവാന്‍ പോകുന്ന ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളുടെ യഥാര്‍ത്ഥഭാവം പരിശുദ്ധ കുര്‍ബ്ബാനയില്‍, ലോലമായ അപ്പത്തിന്‍റേയും വീഞ്ഞിന്‍റേയും രൂപത്തില്‍ ഈ ഭൂമിയില്‍വച്ചുതന്നെ ഒരു വൈദികന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്. ആഴ്സിലെ വിശുദ്ധനായ വികാരിയുടെ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തമായ ചിന്തകള്‍ അനുദിന ബലിയര്‍പ്പണത്തിലൂടെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ അനുഭവവേദ്യമാകുന്ന ജീവദായകമായ ദൈവികസാന്നിദ്ധ്യത്തിന്‍റെ അനര്‍ഘമായ നിമിഷങ്ങളെക്കുറിച്ച് ഓര്‍പ്പിക്കുന്നു. ഈ ലോകത്ത് അര്‍പ്പിക്കുന്ന ബലിയുടെ പരമമായ സന്തോഷം സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി ലഭിക്കും. ആകയാല്‍ ആത്മീയ സന്തോഷത്തിന്‍റെ സ്രോതസ്സായ പരിശുദ്ധ കുര്‍ബ്ബാനയിലുള്ള വിശ്വാസം നിങ്ങള്‍ വൈദികരും നിങ്ങളുടെ ജനങ്ങളും ആഴപ്പെടുത്തണം. ലോകരക്ഷയ്ക്കായ് ഭൂമിയുടെ ഉപ്പും വെളിച്ചവുമാകാന്‍ ക്രിസ്തുവിനാല്‍ തിരഞ്ഞെടുക്കപ്പട്ട നിങ്ങള്‍ മാനുഷിക ബലഹീനതകളിലും ദൈവസ്നേഹത്തിന്‍റെ സാക്ഷികളാകുവാന്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ക്രിസ്തുവിനോടുള്ള അവാച്യമായ സ്നേഹത്തില്‍ വളരുവാനും, ക്രിസ്തു-സ്നേഹം നിങ്ങള്‍ക്കു ചുറ്റും പ്രഘോഷിക്കത്തക്കവിധം ദൈവജനത്തിന്‍റെ വിശുദ്ധീകരണത്തിനായി പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനും ഈ പൗരോഹിത്യവത്സരം സഹായിക്കട്ടെ. ക്രിസ്തുവിന്‍റെ അമ്മയും വൈദികരുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയം നിങ്ങള്‍ക്ക് തുണയാവട്ടെ.
Translation : Message of the Holy Father to the priests on the occasion of the international retreat at Ars, France







All the contents on this site are copyrighted ©.