2009-12-11 17:14:50

ജോണ്‍ വിയാന്നിയും ഫ്രാന്‍സിലെ 'ആഴ്സ്' പട്ടണവും


വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു കൊച്ചു പട്ടണമാണ് 'ആഴ്സ്'. അത്ര അറിയപ്പെട്ട സ്ഥലമായിരുന്നില്ല. 1830 മുതല്‍ 1845 വരെയുള്ള കാലയളവില്‍ മരിയ ജോണ്‍ വിയാന്നി എന്ന വിശുദ്ധനായ ഒരു വൈദികന്‍ അവിടെ ഇടവക വികാരിയായി വന്നു. ആത്മീയതയും സാധരണ ജനങ്ങളുടെ മദ്ധ്യേയുള്ള അജപാലന സമര്‍പ്പണവും കൊണ്ട് അദ്ദേഹം ശ്രദ്ധേയനായി. പാപമോചനത്തിനായും ഉപദേശം തേടിയും ധാരാളം ജനങ്ങള്‍ ഫാദര്‍ മേരി വിയാന്നിയുടെ പക്കലേയ്ക്ക് വരുവാന്‍ തുടങ്ങി. 'ആഴ്സ്' പട്ടണം അങ്ങിനെ ശ്രദ്ധേയമായി. ശരാശരി 300 പേര്‍ ഒരു ദിവസം അദ്ദേഹത്തിന്‍റെ പക്കല്‍ ഉപദേശം തേടിയും കുമ്പസാരത്തിനായും ചെന്നിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്‍ ബെര്‍നാര്‍ഡ് നോഡേ രേഖപ്പെടുത്തുന്നു. തന്‍റെ പക്കല്‍ ആത്മീയ സഹായം തേടിയെത്തിവര്‍ക്ക് ഫാദര്‍ വിയാന്നി എപ്പോഴും ലഭ്യമായിരുന്നു എന്നത് അദ്ദേഹത്തിന്‍റെ പതറാത്ത അജപാലന സമര്‍പ്പണത്തിന്‍റെ തെളിവായിരുന്നു. ഉറക്കമിളച്ചും ഭക്ഷണം കഴിക്കാതെയും രാവും പകലും അദ്ദേഹം അജപാലന ശുശ്രൂഷയില്‍ മുഴുകി. ലാളിത്യമാര്‍ന്ന ജീവിതവും ത്യാഗസമര്‍പ്പണവും കൊണ്ട് അദ്ദേഹം ചെയ്ത ചെറുനന്മകള്‍ അത്ഭുതങ്ങളായി മാറി. ഇടവകയില്‍ ചെയ്ത അജപാലന ശുശ്രൂഷയ്ക്കു പുറമേ ഒരനാഥശാലയും അദ്ദേഹം അവിടെ തുടങ്ങിരുന്നു.
1859 ഒഗസ്റ്റ് 4 ന് മരിയ ജോണ്‍ വിയാന്നി ആഴ്സില്‍ മരണമടഞ്ഞു.
1874 ഒമ്പതാം പിയൂസ് മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനെന്നു വിളിച്ചു. 1925ല്‍ പതിനൊന്നാം പീയൂസ് മാര്‍പാപ്പ വിശുദ്ധനായും ഇടവക വൈദികരുടെ മദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു. ആഗോളസഭ ആഗസ്റ്റ് 4-ന് മരിയ ജോണ്‍ വിയാന്നിയുടെ തിരുനാള്‍ കൊണ്ടാടുന്നു. 2009 ല്‍ അദ്ദേഹത്തിന്‍റെ ചരമത്തിന്‍റെ 150ാ വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് ആഗോളസഭയില്‍ വൈദികവത്സരം ആഘോഷിക്കപ്പെടുന്നത്.







All the contents on this site are copyrighted ©.