2009-11-27 19:20:59

മാര്‍പാപ്പ വിളിച്ചുകൂട്ടിയ കലാകാരന്മാരുടെ ഒരപൂര്‍വ്വസംഗമം 


21 നവംമ്പര്‍ 2009
2009 നവംമ്പര്‍ 21ന് വത്തിക്കാനില്‍ കൂടിയ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള പ്രശസ്തരായ കലാകാരന്മാരുടെ സംഗമത്തില്‍ ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്നെടുത്ത ചിന്തകള്‍.
സംഗമത്തിന്‍റെ പശ്ചാത്തലം
വിവധ രാജ്യങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍, വാസ്തുകലാവിദഗ്ദ്ധര്‍, ചലചിത്രസംവിധായകര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ 250 പേര്‍ വത്തിക്കാനില്‍ നടന്ന കലാസമ്മേളനത്തില്‍ പങ്കെടുത്തു. കലയുടെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കാവുന്ന വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയിലാണ് സംഗമം നടന്നത്.
മൈക്കളാഞ്ചലോയുടെ വിശ്വത്തര കലാസൃഷ്ടികളായ പ്രപഞ്ച സൃഷ്ടിയുടെയും, മനുഷ്യന്‍റെ വീഴ്ചയുടെയും അന്ത്യവിധിയുടെയുമെല്ലാം ചുമര്‍ച്ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിസ്റ്റയിന്‍ കപ്പേള, വര്‍ണ്ണങ്ങളുടെയും രൂപങ്ങളുടെയും ഒരു ലോകത്ത് മനുഷ്യജീവിതത്തിന്‍റെ ആദ്യന്തിക ചക്രവാളങ്ങളിലേയ്ക്ക് ചിന്തകളുയര്‍ത്തുകയും പ്രത്യാശയുടെ സന്തോഷം പകരുകയും ചെയ്യുന്ന ഒരന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
രണ്ടപൂര്‍വ്വ സ്മരണകളുയര്‍ത്തിക്കൊണ്ടാണ് ഈ കലാലോകസംഗമം നടന്നത് :
2000-മാണ്ടില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കുമയച്ച സവിശേഷമായ കത്തിന്‍റെ 10ാ വാര്‍ഷികവും,
പോള്‍ ആറാമന്‍ മാര്‍പാപ്പാ 1964ല്‍ വിളിച്ചുകൂട്ടിയ കലാസംഗമത്തിന്‍റെ 45ാ വാര്‍ഷികവുമായിരുന്നു.
കലയും സംസ്കാരവും
സ്വാഭാവിക ഗുണവിശേഷങ്ങളുടേയും മൂല്യങ്ങളുടേയും വികസനമാണ് സംസ്കാരം. മനുഷ്യന്‍റെ മാനസികവും ശാരീരികവുമായ വിവിധ കഴിവുകളെ സംസ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന എല്ലാറ്റിനെയും സംസ്കാരമെന്നു പറയാം. സാംസ്കാരിക വളര്‍ച്ചയിലൂടെയാണ് യഥാര്‍ത്ഥവും പൂര്‍ണ്ണവുമായ മനുഷ്യപ്രകൃതി കൈവരിക്കാവാന്‍ സാധിക്കുന്നത്. മനുഷ്യന്‍തന്നെയാണ് സംസ്കാരത്തിന്‍റെ ശില്പി. സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു മെച്ചപ്പെട്ട ലോകത്തിന്‍റെ രൂപീകരണം മനുഷ്യന്‍റെ കര്‍ത്തവ്യമാണ്. ഇത് സ്വസഹോദരങ്ങളോടും മനുഷ്യകുലത്തോടുതന്നെയുമുള്ള അവന്‍റെ കടപ്പാടാണ്. കര്‍ത്തവ്യബോധമുള്ളവര്‍ വൈരുദ്ധ്യങ്ങളുടെ മദ്ധ്യത്തിലും സമഗ്രവും സന്തുലിതവുമായ വികസനപാതയില്‍ തങ്ങളുടെ കഴിവുകള്‍ മനുഷ്യകുലത്തിന്‍റെ നന്മയ്ക്കായ് സമര്‍പ്പിക്കുന്നു. (Ref. GS 56).
സഭയും കലാകാരന്മാരും
സഭാജീവിതത്തില്‍ സാഹിത്യത്തിനും കലയ്ക്കുമെല്ലാം അതിന്‍റേതായ പ്രാധാന്യമുണ്ട്. തങ്ങളെത്തന്നെയും ലോകത്തെയും അറിയുവാനും പരിപൂണ്ണമാക്കുവാനുമുള്ള ഉദ്യമത്തില്‍ ഇവയെ കൈകാര്യം ചെയ്യുന്നവര്‍ മനുഷ്യന്‍റെ യഥാര്‍ത്ഥ സ്വഭാവവും പ്രശ്നങ്ങളും അനുഭൂതികളും പഠിച്ചറിയുവാന്‍ പരിശ്രമിക്കുന്നു. ചരിത്രത്തിലും പ്രപഞ്ചത്തിലുമുള്ള മനുഷ്യന്‍റെ സ്ഥാനം വെളിപ്പെടുത്താനും അവന്‍റെ ദുരിതങ്ങളും സന്തോഷങ്ങളും ആവശ്യങ്ങളും കഴിവുകളും പ്രകാശിപ്പിക്കുവാനും, അങ്ങിനെ കുറെക്കൂടെ മെച്ചപ്പെട്ട ഒരു മനുഷ്യജീവിതത്തെ വരച്ചു കാട്ടുവാനുമുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് കലാകാരന്മാര്‍. വിവിധ സ്ഥലകാലങ്ങളില്‍ പ്രകടമാകുന്ന മനുഷ്യജീവിതം, ബഹുവിധ കലാരൂപങ്ങളില്‍ പ്രകടിതമാക്കുന്ന ഒരു ജീവിത ദര്‍ശനവും, അതു മെച്ചപ്പെടുത്താനുള്ള പരിശ്രമവുമാണ്, യഥാര്‍ത്ഥ കലയെന്ന് പറയാം.

കലയെ പരിപോഷിപ്പിക്കുന്നവരെ സഭ അംഗീകരിക്കുകയും അവരുമായി ഹൃദ്യമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. പ്രകാശന രീതിയില്‍ ദൈവാരാധനയുടെ വിധികളനുസരിച്ച് മനുഷ്യമനസ്സിനെ ദൈവസന്നിധിയിലേയ്ക്കുയര്‍ത്താന്‍ കഴിയുന്ന കലാരൂപങ്ങള്‍ എന്നും വിശുദ്ധ സ്ഥലങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട് (Ref. GS 62d).


കല, ദൈവീക പൂര്‍ണ്ണതയിലുള്ള പങ്കുചേരല്‍
യഥാര്‍ത്ഥമായ കല ദൈവീക പൂര്‍ണ്ണതയുടെ പ്രതിഫലനമായിട്ടാണ് സഭ ദര്‍ശിക്കുന്നത്.
ഈ പ്രപഞ്ചസൃഷ്ടിതന്നെ ദൈവീകപൂര്‍ണ്ണതയുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ ഇക്കാലഘട്ടത്തില്‍ സാമൂഹ്യ സാമ്പത്തിക മേഖലയിലുള്ള പ്രതിസന്ധികള്‍ക്കൊപ്പം, നാം ജീവിക്കുന്ന ഈ ലോകത്തിന്‍റെ മനോഹാരിത വളര്‍ത്തുന്നതിനു പകരം സ്വാര്‍ത്ഥമായ ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍ദാക്ഷിണ്യം അത് നശിപ്പിക്കുകയും അതിനെ അവഗണിക്കുകയും ചെയ്യുന്നുണ്ട്. ദൈവം തന്ന ഈ പ്രപഞ്ച മനോഹാരിതയല്ലാതെ മറ്റെന്താണ് മനുഷ്യമനസ്സുകള്‍ക്ക് ഉന്മേഷവും ആത്മവിശ്വാസവും തരുന്നത്? ജീവിതത്തിന്‍റെ ശരിയായ അര്‍ത്ഥം തേടുന്നവര്‍, യഥാര്‍ത്ഥമായ മനോഹാരിതയില്‍ അത് കണ്ടെത്തുന്നു. ശരിയായ സൗന്ദര്യം താല്ക്കാലികമോ കടന്നുപോകുന്നതോ അല്ല. അത് അനുദിന ജീവിതത്തില്‍ നമ്മ‍െ തിന്മയുടെ ഇരുട്ടില്‍നിന്ന് സ്വതന്ത്രരാക്കുകയും, ജീവിതത്തെ നന്മയില്‍ പ്രശോഭിപ്പിക്കുകയും. രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.
വിശ്വാസവും കലയും
വിശ്വാസവും കലയും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ടെന്ന് മാര്‍പാപ്പാ കലാകാരന്മാരെ അനുസ്മരിപ്പിച്ചു. അത് ഈ പ്രപഞ്ച മനോഹാരിതയ്ക്കപ്പുറത്തുള്ള ഒരു ലോകത്തേയ്ക്ക് നമ്മെ നയിക്കുന്നു. മനോഹാരിത അല്ലെങ്കില്‍ സൗന്ദരൃം മായികവും വ്യാജവുമാകാം. ഒന്നില്‍മാത്രം ഒതുങ്ങി നില്കുന്നതും ഉപരിപ്ളവവുമാകാം. യഥാര്‍ത്ഥമായ സൗന്ദര്യം, അത് പ്രകൃതിയിലായാലും കലാസൃഷ്ടിയിലായാലും, അതിനുമപ്പുറം മാനുഷികാവബോധത്തിന്‍റെ ചക്രവാളങ്ങള്‍ തുറന്ന് നമുക്കപ്പുറമുള്ള നിത്യതയുടെ പടവുകള്‍ തുറന്ന്, അതീന്ദ്രീയതയുടെ ഒരു പാതയിലേയ്ക്കു നമ്മെ നയിക്കുന്നു. ആദ്യന്തിക നന്മയും പൂര്‍ണ്ണതയുമായ ദൈവത്തിലേയ്ക്കു നയിക്കുന്നു.
കല അതിന്‍റെ എല്ലാ രൂപങ്ങളിലും, അന്തിമമായി ആഴമുള്ള ഒരു ആത്മീയദര്‍ശനം സ്വീകരിക്കേണ്ടതാണ്. വിശ്വാസത്തിന്‍റെയും കലയുടെയും ഈ ദര്‍ശനങ്ങള്‍ തമ്മിലുള്ള അടുപ്പം വളരെ പ്രകടമായും സമൃദ്ധമായും നാം ബൈബിളില്‍ കാണുന്നുണ്ട്. അതിലെ വ്യക്തികളും വിവരണങ്ങളും രൂപങ്ങളും ഉപമളും കണക്കില്ലാതെ എല്ലാ കാലഘട്ടങ്ങളിലും കലാകാരന്മാരുടെ ഹൃദയങ്ങളെ ഉദ്ദീപിപ്പിക്കുയും ഉത്തേജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങിനെ സൗന്ദര്യത്തിന്‍റെ പാത ഒരേസമയം തന്നെ കലയുടെയും വിശ്വാസത്തിന്‍റെയും പാതയാണ്. അതൊരു ദൈവശാസ്ത്രപരമായ അന്വേഷണമാണ്. ഇത് പഴയ സംസ്കാരങ്ങളില്‍ സവിശേഷമായി കാണാം. ഭാരതത്തില്‍ ഹൈന്ദവസംസ്കാരം നല്കിയിട്ടുള്ള ദൃശ്യ-കലളുടെയും വാസ്തുചാതുരിയുടെയും സംഗീതത്തിന്‍റെയും സാഹിത്യത്തിന്‍റെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഭാവനകള്‍ കാലാതീതമാണ്. യൂറോപ്പില്‍ ക്രിസ്തുമതം നല്കിയിട്ടുള്ള കലാ-സാംസ്കാരിക സംഭാവനകള്‍ മനുഷ്യചരിത്രം എക്കാലവും സ്മരിക്കും. സൗന്ദര്യത്തിന്‍റേതായ വഴിയിലൂടെ ദൈവിക സമ്പൂര്‍ണ്ണതയുടെ ഒരു ചെറുഭാഗം മനസ്സിലാക്കുവാന്‍ നമുക്കു സാധിക്കും. അനന്തതയുടെ ഒരതിര് കണ്ടെത്താം. അല്ലെങ്കില്‍ ദൈവത്തെ ഈ ലോകത്ത്, മനുഷ്യരുടെ മദ്ധ്യേ കണ്ടെത്താം. നമ്മളില്‍ എപ്പോഴാണോ യഥാര്‍ത്ഥവും പരിശുദ്ധവുമായ സൗന്ദര്യത്തിന്‍റെ അനുഭവമുണ്ടാകുന്നത് അപ്പോള്‍ ദൈവസാന്നിദ്ധ്യാനുഭവം നമുക്ക് ആസ്വദിക്കാനാകും. പൂര്‍ണ്ണതയായ ദൈവം, മനുഷ്യന്‍റെ അപൂര്‍ണ്ണതയില്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നു. അങ്ങിനെ ദൈവത്തിന് ഒരു മനുഷ്യാവതാരം സാദ്ധ്യമാണെന്ന പ്രമാണം യഥാര്‍ത്ഥമായ കലയില്‍ സ്ഥിരീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് എല്ലാ കലകളുടെയും ശുദ്ധരൂപത്തിന് ഒരു ദൈവിക ഭാവമുണ്ടെന്നു പറയുന്നത്.
ദൈവം, ലോകത്തെ പ്രകാശിപ്പിക്കുന്ന നിത്യസൂര്യന്‍
അസ്തിത്വമുള്ള എല്ലാറ്റിലും ദൈവീകപൂര്‍ണ്ണത വെളിപ്പെടുത്തുന്നതാണ് കല. ദൈവീക വെളിപാട് ഈ ഭൂമിയില്‍ ഇനിയും പങ്കുവയ്ക്കുവാന്‍ ലോകത്തിന് കലയും കലാകാരന്മാരെയും ആവശ്യമാണ്. ദൈവം പകര്‍ന്നു നല്കിയ അലൗകിക സൗന്ദര്യത്തിന്‍റെ പരിരക്ഷകരാണ് കലാലോകത്തുള്ളവര്‍. മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ഭാവനയുടെ കഴിവുണര്‍ത്താന്‍ കരുത്തുള്ള അതുല്യദാനം കലാകാരന്മാരില്‍ നിക്ഷിപ്തമാണ്. സൗന്ദര്യത്തിന്‍റേയും സംപൂര്‍ണ്ണതയുടേയും ആദ്യശ്രോതസ്സായ ദൈവത്തിലുള്ള വിശ്വാസം കലാകാരന്മാരുടെ പ്രതിഭയില്‍നിന്നും ഒന്നും എടുത്തുകളയുന്നില്ല, മറിച്ച് അതിനെ ശ്രേഷ്ഠമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതേയുള്ളൂ. വിശ്വാസം അവരുടെ ചിന്തകളേയും ഭാവനയേയും പ്രകാശിപ്പിക്കും. ഒരിക്കലും അസ്തമിക്കാത്ത നിത്യസൂര്യനെ നോക്കി ചരിക്കാം, അനുദിനജീവിതത്തില്‍ പ്രചോദനമുള്‍ക്കൊള്ളാം. നമ്മുടെ ഭാവിയുടെ ഉമ്മറപ്പടികളെ ദൈവം പ്രാകാശിപ്പിക്കട്ടെ.







All the contents on this site are copyrighted ©.