2009-11-24 16:30:09

ആസ്സാമിലെ സമാധാനം വിവിധങ്ങളായ വെല്ലുവിളികളാല്‍ അലട്ടപ്പെടുകയാണെന്ന്, ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപര്‍മ്പില്‍


ഭാരതത്തിലെ വടക്കന്‍ സംസ്ഥാനമായ ആസ്സാമിലെ സമാധാനം ഭീകരതയാലും, സര്‍ക്കാര്‍സൈന്യത്താലും വെല്ലുവിളിക്കപ്പെടുകയാണെന്ന് ഗോഹട്ടി അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍. പ്രശ്നകലുഷിതമായ ആ പ്രദേശത്തെ സമാധാന സംസ്ഥാപനാര്‍ത്ഥം ആര്‍ച്ചുബിഷപ്പിന്‍െറ നേതൃത്വത്തിലെ ഒരു സംയുക്ത സമാധാന സമിതി 12 വര്‍ഷമായി അവിടെ പ്രവര്‍ത്തിക്കുകയാണ്. വിവിധ വര്‍ഗ്ഗക്കാരുടെയും, വിപ്ളവവിഭാഗങ്ങളുടെയും പ്രതികാരമനോഭാവം അവിടത്തെ ചരിത്രപരമായ ചില സംഭവങ്ങളുമായി ബന്ധിതമാണ് അദ്ദേഹം പ്രസ്താവിച്ചു. സാംസ്ക്കാരികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവാത്തതാണ് രാഷ്ട്രീയ നേതാക്കന്മാരുടെ മുഖ്യ പരാജയം. സമൂഹത്തിന്‍െറ വളര്‍ച്ചയ്ക്കും, വികസനത്തിനും ആയി ക്രൈസ്തവ മിഷ്യനറിമാര്‍ നടത്തുന്ന പ്രവത്തനങ്ങളെ എതിര്‍ക്കുന്ന ചില അധികാരവൃര്‍ത്തങ്ങള്‍ അവരോട് നിഷ്ഠൂരമായിട്ടാണ് വര്‍ത്തിക്കുക. എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയുണ്ട്. അത് തേടി കണ്ടെത്താന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. സാമൂഹികതത്വവിദഗ്ദ്ധര്‍പറയുന്നതുപോലെ സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനും സാമൂഹിക അസംതുലിതാവസ്ഥയുടെ നിര്‍മ്മാര്‍ജ്ജനം ഒരു അനിവാര്യ വ്യവസ്ഥയാണ്. ഓരോ വിഭാഗത്തിന്‍െറയും സാംസ്ക്കാരപശ്ചാത്തലത്തെ ആദരിക്കുകയും, അവരുടെ തനതായ ഉന്നമനം സാധിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ആവശ്യമാണ്. സമാധാനശില്പികള്‍ ദൈവമക്കളെന്ന് വിളിക്കപ്പെടുമെന്നാണ് യേശു പറയുക. ആ മഹത്വപൂര്‍വ്വകമായ പേരിനു് അര്‍ഹമാകത്തക്കവിധം നമുക്ക് പ്രവര്‍ത്തിക്കാം ആര്‍ച്ചുബിഷപ്പ് കുട്ടിചേര്‍ത്തു. ഞായറാഴ്ച ആസ്സാമിലെ നല്‍ബാരി ജില്ലയിലുണ്ടായ മൂന്നു ബോംബു സ്ഫോടനത്തെ പറ്റി ഏഷ്യാ നൂസ് ഏജന്‍സിയോട് സംസാരിക്കകയായിരുന്നു ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍.
 







All the contents on this site are copyrighted ©.