2009-11-23 19:58:25

ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കരടുനിയമം
അമേരിക്കയിലെ കത്തോലിക്കാമെത്രാന്മാര്‍ എതിര്‍ക്കുന്നു


 ഗര്‍ഭച്ഛിദ്രത്തിന് ധനസഹായം ലഭ്യമാക്കിക്കൊണ്ടുള്ള അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ നിയമ നിര്‍മ്മാണ ശ്രമത്തെ അവിടത്തെ കത്തോലിക്കാമെത്രാന്‍മാര്‍ എതിര്‍ത്തു.
മനുഷ്യമനസാക്ഷിയെയും ധാര്‍മ്മികതയെയും അതിലംഘിച്ചുകൊണ്ട് ഗര്‍ഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുവാന്‍ ധനസഹായം വാഗ്ദാനംചെയ്യുന്ന ഒബാമാ സര്‍ക്കാരിന്‍റെ നിയമ നിര്‍മ്മാണത്തിനുള്ള ഒരുക്കം ഭീതിജനകവും നിരാശാപൂര്‍ണ്ണവുമാണെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യനീതിക്കും മനുഷ്യാവകാശ സംരക്ഷണയ്ക്കുമുള്ള കമ്മിറ്റി നവംബര്‍ 20 ന് സെനറ്റിനയച്ച കത്തിലൂടെ പ്രതിഷേധിച്ചു. ഈ നിയമരൂപീകരണത്തിലൂടെ ജനങ്ങള്‍ അധിക നികുതി നല്‍കേണ്ടതായി വരുന്ന ഒരു പ്രായോഗിക ബുദ്ധിമുട്ടും മെത്രാന്മാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആരോഗ്യവകുപ്പ് രൂപപ്പെടുത്തുന്ന ഈ നിയമ നടപിടിയുടെ ഭാഗമായി കുടിയേറ്റക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനവും അവജ്ഞയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതുവഴി കുടുയേറ്റക്കാരായവര്‍ക്കുണ്ടായിരുന്ന ആരോഗ്യ സംരക്ഷണ സഹായം പൂര്‍ണ്ണമായും നിഷേധിക്കപ്പെടും. ഇത് അമേരിക്കയിലുള്ള 2 കോടി 40 ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരോടും സാധാരണക്കാരായ ജനങ്ങളോടും കാണിക്കുന്ന നീതിനിഷേധമാണെന്ന്, മ‍െത്രാന്മാര്‍ കത്തില്‍ പരാതിപ്പെട്ടു.

അടിസ്ഥാന മനുഷ്യാവകാശങ്ങളായ ആരോഗ്യസംരക്ഷണം, ജീവനോടുള്ള പരിഗണന എന്നിവയ്ക്ക് പൊതുനന്മയും ധാര്‍മ്മിക ഉത്തരവാദിത്തവും പ്രകടമാക്കുന്ന ഒരു ദേശീയ മുന്‍ഗണന നല്കേണ്ടതാണെന്ന് മെത്രാന്‍മാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.







All the contents on this site are copyrighted ©.